Advertisment

ലോക്ക്ഡൗണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് ശബരിമല വിഷയത്തിന് സമാനമായ പിടിവാശി ! ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ തയ്യാറാകാത്തത് ചില ഉപദേശികളുടെ താല്‍പര്യപ്രകാരം. ശബരിമലയില്‍ സര്‍ക്കാര്‍ കാണിച്ച പിടിവാശിക്ക് തിരിച്ചടി നേരിട്ടതും പിന്നീട് മാപ്പുപറഞ്ഞതുമെന്നതുപോലെ വ്യാപാരി സമരത്തിലും കൈപൊള്ളുമോയെന്ന ആശങ്കയില്‍ സിപിഎം ! വ്യാപാരികളുടെ സമരത്തിന് പൊതുജന പിന്തുണയേറുന്നു. പ്രതിപക്ഷത്തിനൊപ്പം വ്യാപാരികള്‍ക്ക് പിന്തുണയുമായി സിപിഎം അനുകൂല സംഘടനകളും ! സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തില്‍

New Update

publive-image

Advertisment

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ നടത്തുന്ന പ്രതിഷേധത്തിന് ജനപിന്തുണയേറിയതോടെ സര്‍ക്കാര്‍ പ്രതിരോധത്തില്‍. പ്രതിപക്ഷം ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ടയാളുകള്‍ പ്രതിഷേധത്തിന് പിന്തുണയുമായി എത്തി. സിപിഎം അനുകൂല വ്യാപാര സംഘടനയായ വ്യാപാരി വ്യവസായ സമിതിയും സര്‍ക്കാരിനെതിരെ രംഗത്തു വന്നു.

വ്യാപാരി പ്രതിഷേധത്തോട് വെല്ലുവിളിയുടെ രൂപത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെയായി. പ്രതിപക്ഷം അതേ നാണയത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ പ്രതിപക്ഷത്തിന് വീണു കിട്ടിയ രാഷ്ട്രീയ ആയുധമായി മാറി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്‍, മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ചത്.

സിപിഎമ്മിലും മുഖ്യമന്ത്രിയുടെ നിലപാടില്‍ എതിരഭിപ്രായമുണ്ട്. ഇതിന്റെ ഭാഗമാണ് എഎം ആരിഫ് വ്യാപാരികള്‍ക്ക് അനുകൂലമായി കത്തു നല്‍കിയത്. മുന്‍ എംഎല്‍എ കൂടിയായ വികെസി മമ്മത്‌കോയയും സര്‍ക്കാരിന്റെ ലോക്ഡൗണ്‍ നിയന്ത്രണത്തിനെ എതിര്‍ത്തിരുന്നു. പരസ്യമായി എതിര്‍പ്പറിയിക്കാത്ത നിരവധി നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിനെ ഈ വിഷയം അറിയിച്ചിട്ടുമുണ്ട്.

നേരത്തെ ശബരിമല വിഷയത്തില്‍ സ്വീകരിച്ച് പിടിവാശിയാണ് ലോക്ഡൗണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി തുടരുന്നതെന്നാണ് ഉയരുന്ന വിമര്‍ശനം. മുഖ്യമന്ത്രിയുടെ വാശി തുടര്‍ന്നാല്‍ അതു ഗുണമല്ല, ദോഷമുണ്ടാക്കുമെന്നും പലരും ഇതിനകം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചില ഉപദേശകരുടെ താല്‍പ്പര്യമാണ് മുഖ്യമന്ത്രിക്ക് മുഖ്യമെന്നാണ് ആക്ഷേപം.

സര്‍ക്കാരിന്റെ നിലപാടില്‍ പൊതു സമൂഹമൊന്നാകെ എതിരായി കഴിഞ്ഞെന്ന കാര്യം ഇനിയെങ്കിലും മുഖ്യമന്ത്രി തിരിച്ചറിയുമന്നാണ് പലരും പ്രതീക്ഷിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണ് എന്നാണ് വ്യാപാരികളും പൊതുസമൂഹവും ചൂണ്ടിക്കാട്ടുന്നത്. ഒന്നോ രണ്ടോ ദിവസം മാത്രം പരിമിത സമയങ്ങളില്‍ സ്ഥാപനങ്ങള്‍ തുറക്കുന്നത് വലിയ തിക്കിനും തിരക്കിനും കാരണമാകുന്നുണ്ട്.

ഈ രീതിയുള്ള നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന് ഐഎംഎയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കടുംപിടിത്തം തുടരുകയാണ്. അശാസ്ത്രീയമായ ഈ നടപടികള്‍ കോവിഡ് വ്യാപനത്തിന് മാത്രമെ സഹായിക്കൂ എന്ന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ പ്രതിരോധവും പാളുമെന്ന് വിദഗ്ദരും ചൂണ്ടിക്കാട്ടുന്നു.

ഒപ്പം രണ്ടു മാസത്തിലേറെ നീണ്ട അടച്ചുപ്പൂട്ടലില്‍ വ്യാപാര മേഖലയാകെ തളര്‍ന്നു എന്ന സത്യം സര്‍ക്കാര്‍ മനസിലാക്കാതെ പോകുകയാണ്. ഈ നിയന്ത്രണങ്ങള്‍ നീണ്ടാല്‍ കോവിഡ് ഉണ്ടാക്കിയ ആഘാതത്തിനും അപ്പുറമാകും അടച്ചു പൂട്ടലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍.

pinarai vijayan
Advertisment