Advertisment

ഹൂഥികൾ വീണ്ടും ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കുന്നു; ഖമീസ് മുഷൈത്തിന് നേരെ സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ; സൗദി പ്രതിരോധം തകർത്തിട്ടു

New Update

publive-image

Advertisment

ജിദ്ദ: സായുധ കലാപം തുടരുന്ന യമനിലെ ഹൂഥി വിമതർ അതിർത്തിയിലെ സൗദി നഗരങ്ങൾ ലക്ഷ്യമാക്കി വീണ്ടും വിഫല ആക്രമണം. ഇടയ്ക്കിടെ നടത്തുന്ന ആക്രമണ നീക്കങ്ങളിൽ ഒടുവിലത്തേത് സൗദിയുടെ തെക്ക് പടിഞ്ഞാറൻ നഗരമായ ഖമീസ് മുഷൈത് ലക്ഷ്യമാക്കിയായിരുന്നു.

സ്‌ഫോടക വസ്തുക്കൾ നിറച്ച ആളില്ലാ വിമാനം ഹൂഥികൾ തൊടുത്തു വിട്ടെങ്കിലും അതും ലക്‌ഷ്യം കാണും മുമ്പേ തകർന്നടിഞ്ഞതായി അറബ് സഖ്യസേന വൃത്തങ്ങൾ ശനിയാഴ്ച വെളിപ്പെടുത്തി.

ഹൂഥികൾ ഖമീസ് മുഷൈത്തിന് നേരെ വിട്ട ആളില്ലാ വിമാനം സൗദിയുടെ പ്രതിരോധ സംവിധാനം തടയുകയും വീഴ്ത്തുകയുമായിരുന്നുവെന്ന് ഇത് സംബന്ധിച്ച അറിയിപ്പ് വിശദീകരിച്ചു.

മിസൈലുകളും ബോംബുകൾ നിറച്ച ആളില്ലാ വിമാനങ്ങളും സൗദിയുടെ യമൻ അതിർത്തി പ്രദേശങ്ങളിലേക്ക് സായുധരായ ഹൂഥികൾ വിടാറുണ്ടെങ്കിലും അവയെല്ലാം സൗദിയുടെയും അറബ് സഖ്യസേനയുടെയും വ്യോമ പ്രതിരോധ സംവിധാനത്തിൽ നിഷ്‌ഫലമാവുകയാണ്. വ്യാഴാഴ്ചയും ഖമീസ് മുശൈത്ത് നഗരത്തിന് നേരെ ഹൂഥികൾ ആക്രമണ ശ്രമം നടത്തിയിരുന്നു.

അതേസമയം, ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഹൂഥികൾ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഇറാന്റെ പിന്തുണയാണ്. ഇതിനെതിരെ സൗദി അറേബ്യയും സഖ്യസേനയുടെ കേന്ദ്രങ്ങളും ലോകശ്രദ്ധ ക്ഷണിച്ചു കൊണ്ടിരിക്കുകയാണ്. ആഗോള ധാരണകളുടെ വ്യക്തമായ ലംഘനങ്ങളാണ് ജനവാസ കേന്ദ്രങ്ങൾക്ക് നേരെ ഹൂഥികൾ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ.

അതേസമയം, യമനിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളും ശക്തമായി അണിയറയിൽ തുടരുന്നുണ്ടെന്നാണ് വിവരം. ഇക്കാര്യത്തിൽ സൗദി അറേബ്യ, ഒമാൻ ഉൾപ്പെടയുള്ള അറബ് രാജ്യങ്ങളും യുഎൻ ഉൾപ്പെടയുള്ള കേന്ദ്രങ്ങളും ഊർജിത നീക്കങ്ങളാണ് നടത്തുന്നത്.

അവയെല്ലാം ഹൂഥികളുടെ വിധ്വംസക നിലപാട് മൂലം പരാജയപ്പെടുകയാണ്. യമനിലെ നിയമാനുസൃതമായ സർക്കാരിനെ താഴെയിറക്കി ഇറാൻ പിന്തുണയോടെ അധികാരം കയ്യടക്കാനാണ് ഹൂഥികൾ കലാപം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെയുള്ള നീക്കങ്ങളാണ് സൗദി, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന അറബ് സഖ്യസേന യമനിൽ സൈനിക നടപടികളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്.

soudi news
Advertisment