Advertisment

ഇടതുമുന്നണി 85 മുതല്‍ 93 വരെ സീറ്റുകള്‍ നേടിയേക്കാമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ബിജെപി നേട്ടമുണ്ടാക്കില്ല. ശക്തികേന്ദ്രങ്ങളില്‍ കാര്യമായ ചോര്‍ച്ചയില്ല. കോട്ടയത്ത് ഇടതു മുന്നേറ്റമെന്നും റിപ്പോര്‍ട്ട് !

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ അനുകൂല തരംഗം ഉണ്ടായിരുന്നതായി വ്യക്തമാക്കി സംസ്ഥാന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ഇടതുമുന്നണി 85 മുതല്‍ 93 വരെ സീറ്റുകള്‍ നേടുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ തവണ ഇടതുപക്ഷം കടന്നുകയറ്റം നടത്തിയ തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇത്തവണയും പഴയ മേധാവിത്വം തുടരാനാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരള കോണ്‍ഗ്രസ് - എമ്മിന്‍റെ വരവ് മധ്യ കേരളത്തില്‍ വന്‍ നേട്ടമാകും. കോട്ടയത്ത്  6 സീറ്റുകള്‍ വരെ ഇടതുപക്ഷം നേടുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കോട്ടയത്ത് കഴിഞ്ഞ തവണ 2 ആയിരുന്നു ഇടതിന് കിട്ടിയത്. അതില്‍ കൂടുതല്‍ സീറ്റുകള്‍ അടുത്ത കാലത്തൊന്നും ജില്ലയില്‍ ഇടതിന് കിട്ടിയിട്ടില്ല. കഴിഞ്ഞ തവണ യുഡിഎഫ് റിക്കോര്‍ഡ് ഭൂരിപക്ഷം നേടിയ കടുത്തുരുത്തിപോലും ഇത്തവണ ഇടതിനൊപ്പം ചേരുമത്രെ.

ബിജെപിക്ക് ഇത്തവണയും കേരളത്തില്‍ കാര്യമായ വേരോട്ടം ഉണ്ടാക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. പരമാവധി കഴിഞ്ഞ തവണത്തെ ഒരു സീറ്റ് മാത്രമേ നിലനിര്‍ത്താനാകൂ.

നേമത്ത് ഇത്തവണ ബിജെപി സീറ്റ് നിലനിര്‍ത്തില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. തിരുവനന്തപുരത്ത് കോവളം മാത്രമാണ് യുഡിഎഫിന്‍റെ കണക്കിലുള്ളത്. കൊല്ലത്ത് 2 സീറ്റുകള്‍ നഷ്ടപ്പെട്ടേക്കാം. പത്തനംതിട്ടയിലും ഒന്നോ രണ്ടോ സീറ്റുകള്‍ നഷ്ടമാകും.

ഇടുക്കിയില്‍ കഴിഞ്ഞ തവണ ഉണ്ടായിരുന്ന 3 സീറ്റുകള്‍ ഇത്തവണയും നിലനിര്‍ത്തും. അതേസമയം കഴിഞ്ഞ തവണ സിപിഐ വിജയിച്ച പീരുമേട് ഇത്തവണ നഷ്ടമാകും. പകരം കഴിഞ്ഞ തവണ യു‍ഡിഎഫ് വിജയിച്ച ഇടുക്കി ഇപ്രാവശ്യം ഇടതിനൊപ്പമാകും. ഉടുമ്പന്‍ചോലയില്‍ കേരള കോണ്‍ഗ്രസ് പിന്തുണകൂടി ഉള്ളതിനാല്‍ എംഎം മണിക്ക് ഭീഷണിയുണ്ടാകില്ല.

പത്തനംതിട്ടയില്‍ രണ്ട് സീറ്റുകളാണ് കടുത്ത പോരാട്ടം നടക്കുന്ന ലിസ്റ്റിലുള്ളത്; തിരുവല്ലയും ആറന്മുളയും.

ആലപ്പുഴയില്‍ 3 സീറ്റുകള്‍ വരെ നഷ്ടമായേക്കാമെന്നും പറയുന്നു. മലബാറില്‍ കാര്യമായ നഷ്ടം ഇടതുപക്ഷത്തിനുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. മലപ്പുറത്ത് ലീഗ് കോട്ടകളില്‍ വിള്ളലുണ്ടാക്കാന്‍ കഴിയില്ലെന്നും പറയുന്നു.

trivandrum news
Advertisment