Advertisment

കേരള കോണ്‍ഗ്രസിന്‍റെ ഭാരവാഹി പട്ടിക ഘട്ടം ഘട്ടമാക്കി പുറത്തിറക്കി പിജെ ജോസഫ്. ദിവസവും പ്രഖ്യാപിക്കുന്നത് അഞ്ചോ ആറോ ജനറല്‍ സെക്രട്ടറിമാരെ ! ഈ മാസം അവസാനത്തോടെ പട്ടിക പൂര്‍ത്തിയാകുമ്പോള്‍ ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 55 ലെത്തും. ആകെ ഭാരവാഹികളുടെ എണ്ണം കോണ്‍ഗ്രസിനെയും കടത്തിവെട്ടി 85 ലെത്തും ! ഭാരവാഹിത്വം കിട്ടിയവര്‍ ജോസ് കെ മാണിയുടെ പാര്‍ട്ടിയിലെത്താന്‍ നീക്കം തുടങ്ങി !

New Update

publive-image

Advertisment

ഇടുക്കി: കേരള കോണ്‍ഗ്രസ് ഭാരവാഹി പട്ടികയുടെ ഘനം താങ്ങാനാവാതെ പ്രഖ്യാപനം ഘട്ടം ഘട്ടമാക്കി പിജെ ജോസഫിന്‍റെ പുതിയ നീക്കം. പാര്‍ട്ടി പ്രഖ്യാപിച്ച 25 'മേജര്‍' ഭാരവാഹി പട്ടികയ്ക്കു പിന്നാലെ 55 അംഗ ജനറല്‍ സെക്രട്ടറി പാനലിന്‍റെ പ്രഖ്യാപനമാണ് ജംബോ പട്ടികയെന്ന ആക്ഷേപം ഒഴിവാക്കാന്‍ ഘട്ടം ഘട്ടമാക്കിയിരിക്കുന്നത്.

കഴിഞ്ഞ 16 മുതല്‍ ദിവസവും അഞ്ചും ആറും വീതം നേതാക്കളെയാണ് ജനറല്‍ സെക്രട്ടറിമാരാക്കി പിജെ ജോസഫ് പുറത്തേയ്ക്ക് വിടുന്നത്. ഈ മാസം അവസാനത്തോടെയെങ്കിലും ഇവ്വിധം ജനറല്‍ സെക്രട്ടറി പ്രഖ്യാപനം പൂര്‍ത്തിയാക്കാനാണ് കേരള കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ച 25 ഭാരവാഹികളും വിവിധ ഇനം ചെയര്‍മാന്‍മാരായിരുന്നു. ചെയര്‍മാന്‍, വര്‍ക്കിംങ്ങ് ചെയര്‍മാന്‍, എക്സിക്യൂട്ടീവ് ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍ എന്നിവരാണ് 25 ഭാരവാഹികള്‍.

തൊട്ടുപിന്നാലെയാണ് 55 അംഗ ജനറല്‍ സെക്രട്ടറി പട്ടിക പ്രതിദിനം പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നത്. പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാനാണ് ആവശ്യപ്പെടുന്നവര്‍ക്കൊക്കെ ജനറല്‍ സെക്രട്ടറി പോസ്റ്റ് നല്‍കുന്നതെന്നാണ് വിമര്‍ശനം.

ഇതോടെ ഭാരവാഹി പട്ടിക 80 കടക്കും. ഫലത്തില്‍ കെപിസിസിയുടെ മുന്‍ ഭാരവാഹി പട്ടികയെ കടത്തിവെട്ടുകയാണ് പിജെ ജോസഫിന്‍റെ പാര്‍ട്ടി. എന്നാല്‍ കോണ്‍ഗ്രസുമായി ഒരു വ്യത്യാസമുണ്ട് ജോസഫിന്‍റെ പാര്‍ട്ടിക്ക്. അതായത് പാര്‍ട്ടിയുടെ മൊത്തം പ്രവര്‍ത്തകരുടെ നല്ലൊരു ശതമാനം പേരും ഭാരവാഹികളായി മാറും. ജോസ് കെ മാണിയുടെ പാര്‍ട്ടിയുടെ മണ്ഡ‍ലം പ്രസിഡന്‍റ് വരെ ജോസഫിലെത്തി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കുകയാണ്.

pj joseph
Advertisment