Advertisment

ഉന്തുവണ്ടി സമരത്തിന് വണ്ടി തള്ളാന്‍ കൂലിക്കാരനെ വച്ചു ! യൂത്ത് ഫ്രണ്ട് സമരത്തിനെതിരെ ആക്ഷേപം. ആറു നേതാക്കള്‍ മാത്രം നടത്തിയ സമരത്തില്‍ വണ്ടി തള്ളാനാളില്ല ! മൂന്നു നേതാക്കള്‍ വണ്ടിയില്‍ ചാടിക്കയറി. ഉദ്ഘാടകനായ ജില്ലാ പ്രസിഡന്റും വണ്ടി തള്ളാതെ വലിഞ്ഞു. കോവിഡ് പ്രതിസന്ധിക്കിടെ വണ്ടി തള്ളാനെങ്കിലും കൂലിക്ക് വിളിച്ചത് യൂത്ത് ഫ്രണ്ട് നേതാക്കള്‍ മാത്രം ! നേതാക്കളെ തള്ളിയ കൂലിയെത്രയെന്ന് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച

New Update

publive-image

Advertisment

കോട്ടയം: ഖദര്‍ധാരികളുടെ സമരം പണ്ടേ അധ്വാനിക്കാതെയുള്ളതാണെന്ന് പൊതുവേ പറയാറുണ്ട്. പലപ്പോഴും കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് സംസ്‌ക്കാരമുള്ളവര്‍ സമരത്തിന് വേണ്ടി കൂലിക്ക് ആളെ വയ്ക്കുന്നവരെന്നും വിമര്‍ശനമുണ്ട്. കഴിഞ്ഞ ദിവസം കോട്ടയത്തു നടന്ന സമരത്തെക്കുറിച്ചും സമാനമായ ആക്ഷേപമാണ് കേട്ടത്.

കേരളാ യൂത്ത് ഫ്രണ്ട് നടത്തിയ ഉന്തുവണ്ടി തള്ളല്‍ സമരമാണ് കൂലിക്ക് ആളെ വച്ചു നടത്തിയതായി ആക്ഷേപമുയര്‍ന്നത്. ഇന്ധന വില വര്‍ധനവിനെതിരെയായിരുന്നു യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മറ്റി സമരം നടത്തിയത്. യൂത്ത് കടന്നു മൂത്തതായ അഞ്ച് നേതാക്കളും കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലുമായിരുന്നു സമരക്കാര്‍.

കോട്ടയം ഹെഡ് പോസ്‌റ്റോഫീസിലേക്ക് ആറുപേര്‍ ചേര്‍ന്ന് ഉന്തുവണ്ടി തള്ളുന്നതായിരുന്നു സമരം. സമരം തുടങ്ങിയതോടെ രണ്ടു നേതാക്കള്‍ ആദ്യം വണ്ടിയില്‍ കയറി. ഉദ്ഘാടന പ്രസംഗം നടത്തിയത് ജില്ലാ പ്രസിഡന്റ്തന്നെ. അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരിക്കെ മൂന്നാമനും വണ്ടിയില്‍ ചാടികയറി.

ഇതോടെ ബാക്കി രണ്ടുപേര്‍ ചേര്‍ന്ന് വണ്ടി വലിക്കാന്‍ നോക്കി. എന്നാല്‍ അതിനു കഴിഞ്ഞില്ല. പിന്നീട് വണ്ടി തള്ളാന്‍ കൂലിക്ക് ആളെ വിളിക്കുകയായിരുന്നു. കോവിഡ് കാലമായിട്ടും പത്തുപേരെ സമരത്തിന് കിട്ടാതെ വന്നതാണെന്നാണ് ഇവര്‍ പറയുന്നത്.

നേതാക്കളെ തള്ളിയതിന് എത്ര രൂപ കൂലികൊടുത്തു എന്നു വ്യക്തമല്ല. എന്തായാലും കോവിഡായതോടെ പണിയില്ലാതിരുന്ന ഒരാള്‍ക്ക് പണികൊടുത്തതിന്റെ ക്രഡിറ്റ് സമരക്കാര്‍ക്ക് സ്വന്തം. മുമ്പൊരു സമരകാലത്ത് കൂലിക്ക് ആളെ വിളിച്ചുവെന്ന ആക്ഷേപം ഈ നേതാവിനെതിരെ ഉയര്‍ന്നതാണ്.

അന്നു തെരവുനായകളുടെ വിഷയത്തില്‍ മനേകാ ഗാന്ധിക്കെതിരെ പ്രതികരിക്കാന്‍ പട്ടികളുമായി നടത്തിയ സമരത്തിലായിരുന്നു ഇത്.

kottayam news kerala youth front
Advertisment