Advertisment

ജി സുധാകരനെതിരെ പാര്‍ട്ടി നടപടി വരും ? അമ്പലപ്പുഴയിലെ വോട്ടു ചോര്‍ച്ച അന്വേഷിക്കാന്‍ സിപിഎം കമ്മീഷന്‍ ! സുധാകരനെതിരായ പരാതി അന്വേഷിക്കുക മുതിര്‍ന്ന നേതാക്കളായ കെ ജെ തോമസും എളമരം കരീമും ചേര്‍ന്ന രണ്ടംഗ കമ്മീഷന്‍. സുധാകരനെതിരായ അന്വേഷണം നടത്തുന്നത് ഔദ്യോഗിക വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെയായതോടെ ആരോപണം ഗൗരവമുള്ളതെന്ന് വിലയിരുത്തല്‍. സുധാകരനെതിരെ നടപടിയുണ്ടായേക്കുമെന്നും സൂചന. ജില്ലാ-സംസ്ഥാന സമിതി യോഗങ്ങളില്‍ നിന്നും സുധാകരന്‍ വിട്ടു നിന്നത് ഗൗരവമായ നടപടിയെന്ന് വിലയിരുത്തല്‍ ! പാലായിലും കല്‍പ്പറ്റയിലും തോല്‍വി ജില്ലാ കമ്മറ്റികളും അന്വേഷിക്കും

New Update

publive-image

Advertisment

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ വോട്ടുകുറവുമായി ബന്ധപ്പെട്ടു പാര്‍ട്ടിയില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ മുതിര്‍ന്ന നേതാവ് ജി സുധാകരനെതിരെ സിപിഎം അന്വേഷണം. മുതിര്‍ന്ന നേതാക്കളായ എളമരം കരീമും കെജെ തോമസുമാണ് അന്വേഷണ കമ്മിഷന്‍ അംഗങ്ങള്‍.

നേരത്തെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് ഒഴിവാക്കപ്പെട്ട ജി സുധാകരന്‍ പകരം മത്സരിച്ച തനിക്കു സഹകരണമൊന്നും നല്‍കിയില്ലെന്നായിരുന്നു എച്ച് അബ്ദുള്‍ സലാം ആരോപണം ഉന്നയിച്ചത്. തന്നെ എസ്ഡിപിക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ക്കു ജി സുധാകരന്‍ കൂട്ടുനിന്നതായും ആദ്യ ഘട്ടത്തില്‍ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയില്ലെന്നും സലാം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉന്നയിച്ചു.

അന്നു ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും സുധാകരനെതിരെ വിമര്‍ശനം ഉന്നയിച്ചതോടെയാണ് വിഷയം സംസ്ഥാന കമ്മിറ്റിക്കു വിട്ടത്. വിമര്‍ശനമുയര്‍ന്ന ജില്ലാ, സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍നിന്നും ജി സുധാകരന്‍ വിട്ടുനിന്നിരുന്നു. അതേസമയം പ്രധാനപ്പെട്ട യോഗങ്ങളില്‍ സുധാകരന്‍ വിട്ടുനിന്നത് പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നത്.

അമ്പലപ്പുഴയ്ക്ക് പുറമെ കല്‍പറ്റയിലെയും പാലായിലെയും തോല്‍വിയിലും അന്വേഷണം നടത്താനും സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇവിടെ ജില്ലാ തലത്തിലാകും അന്വേഷണം. അന്വേഷണ കമ്മീഷനെ ഉടന്‍ ജില്ലാ സെക്രട്ടറിയേറ്റ് ചേര്‍ന്ന് തീരുമാനിക്കും.

ഘടക കക്ഷി നേതാക്കള്‍ മത്സരിച്ച പാലായിലെയും കല്‍പറ്റയിലെയും തോല്‍വി പാര്‍ട്ടിയുടെ വിശ്വാസ്യതയെ ബാധിച്ചതായി നേരത്തെ സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയിരുന്നു. രണ്ടിടങ്ങളിലും മുഴുവന്‍ ശക്തിയും പുറത്തെടുക്കുന്ന പോരാട്ടം നടത്താനായില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഏതെങ്കിലും തരത്തില്‍ പാര്‍ട്ടി ഏരിയാ കമ്മറ്റികള്‍ക്ക് വീഴ്ചയുണ്ടെന്നു കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടായേക്കും.

cpm g sudhakaran
Advertisment