കാണക്കാരി: കോട്ടയം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട സർക്കാർ വ്യവസായ സ്ഥാപനമായ കോട്ടയം ടെക്സ്റ്റയിൽസ് തുറന്ന് പ്രവർത്തിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് മോൻസ് ജോസഫ് എംഎൽഎ, വ്യവസായ വകുപ്പുമന്ത്രി പി. രാജീവിന് നിവേദനം സമർപ്പിച്ചു.
കോട്ടയം ടെക്സ്റ്റയിൽസ് ഒന്നര വർഷമായി അടച്ചിട്ടിരിക്കുന്നത് മൂലം തൊഴിലാളികളും അവരുടെ കുടുംബങ്ങളും വലിയ കഷ്ടതയിലൂടെയാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. കോവിഡ് കാലഘട്ടത്തിന്റെ പ്രതിസന്ധി കൂടി കടന്ന് വന്നപ്പോൾ ഇരട്ടി ദുരിതമാണ് എല്ലാവർക്കും ഉണ്ടായിരിക്കുന്നത്.
ലാഭകരമായി പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടായിട്ടും കമ്പനി തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിയാത്തത് നിർഭാഗ്യകരമാണെന്ന് മോൻസ് ജോസഫ് എംഎൽഎ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ സർക്കാർ തലത്തിൽ പരിശോധിച്ച് ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കണം.
കോട്ടയം ടെക്സ്റ്റയിൽസിന്റെ പുനരുദ്ധാരണത്തിന് അനിവാര്യമായ വികസന പദ്ധതിക്ക് രൂപം നൽകാൻ വ്യവസായ വകുപ്പ് മന്ത്രി മുൻകൈയെടുത്ത് സത്വര നടപടി കൈക്കൊള്ളണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു.
കെ.റ്റി.യു.സി കോട്ടയം ടെക്സ്റ്റയിൽസ് യൂണിറ്റും വ്യവസായ വകുപ്പ് മന്ത്രിക്ക് ഇത് സംബന്ധിച്ച് നിവേദനം നൽകി. യൂണിയൻ വർക്കിംഗ് പ്രസിഡന്റ് അഡ്വ. ജയിസൺ ജോസഫ്, യൂണിയൻ സെക്രട്ടറി ബെന്നി ജോർജ്ജ്, വൈസ് പ്രസിഡന്റ് ജോസഫ് മാത്യു, റ്റി.എസ് ജോസഫ്, സെബാസ്റ്റ്യൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് കെ.റ്റി.യു.സി യൂണിയൻ വ്യവസായ മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.