കേരളം

വിദ്യാഭ്യാസ വായ്പക്ക് ബാങ്കുകൾ പലിശ സബ്‌സിഡി അനുവദിക്കാത്തതു മൂലം വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നം പരിഹരിക്കണം; ആവശ്യം ഉന്നയിച്ച് അടൂർ പ്രകാശ് എം.പി ധനമന്ത്രി നിർമല സീതാരാമനെ നേരിൽ കണ്ടു നിവേദനം നൽകി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, July 27, 2021

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പക്ക് ബാങ്കുകൾ പലിശ സബ്‌സിഡി അനുവദിക്കാത്തതു മൂലം വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നം പരിഹരിക്കണം എന്നാവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പി ധനമന്ത്രി നിർമല സീതാരാമനെ നേരിൽ കണ്ടു നിവേദനം നൽകി.

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പലിശ സബ്‌സിഡി മെറിറ്റിൽ പ്രവേശനം കിട്ടിയ വിദ്യാർത്ഥികൾക്കുപോലും പല ബാങ്കുകളും വിദ്യാഭ്യാസ വായ്പ നിഷേധിക്കുകയാണ്. 4 ശതമാനം പലിശയുടെ സ്ഥാനത്തു 11 – 12 ശതമാനം വരെ പലിശ കൊടുക്കേണ്ട അവസ്ഥയാണുള്ളത്.

അതുപോലെ തന്നെ വിദ്യാഭ്യാസ വായ്പയെടുത്ത് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ ഇന്നത്തെ കോവിഡ് സാഹചര്യത്തിൽ ജോലി ലഭിക്കാത്തതിനാൽ വായ്പാ തിരിച്ചടവിന് ബുദ്ധിമുട്ടുകയാണ്. ഇവരിൽ പലരും ബാങ്കുകളുടെ റിക്കവറി നടപടികളും നേരിടുന്നുണ്ട്.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഈ വിദ്യാർത്ഥികളുടെ പ്രശ്നത്തിൽ സർക്കാരിന്റെ അനുകൂല നടപടിയുണ്ടാവണമെന്ന് നിവേദനത്തിൽ അഭ്യർത്ഥിച്ചു. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകി.

×