Advertisment

തെരഞ്ഞെടുപ്പു തോല്‍വിയില്‍ മുസ്ലീംലീഗിലെ അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തേക്ക് ! പരാജയം വിലയിരുത്താന്‍ പ്രവര്‍ത്തക സമിതി വിളിക്കാത്തതില്‍ അനിഷ്ടം പ്രകടിപ്പിച്ച് കൂടുതല്‍ നേതാക്കള്‍. വിമര്‍ശനത്തെ പേടിച്ച് പാര്‍ട്ടി കമ്മറ്റികള്‍ മാറ്റിവയ്ക്കുന്നുവെന്നും ആക്ഷേപം. കുഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവ് ദോഷം ചെയ്തത് പാര്‍ട്ടിയെ മാത്രമല്ല, മുന്നണിയെയുമെന്നും നേതാക്കള്‍. പരാജയം സ്വതന്ത്ര സമിതി അന്വേഷിക്കണമെന്നും ആവശ്യം ! ലീഗില്‍ ഔദ്യോഗിക വിഭാഗത്തിനെതിരെ വിമതര്‍ രംഗത്ത്

New Update

publive-image

Advertisment

കോഴിക്കോട്: തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ മുസ്ലീംലീഗില്‍ കലഹം രൂക്ഷമായി. തെരഞ്ഞെടുപ്പ് ഫലം വന്ന് ഒന്നരമാസം കഴിഞ്ഞിട്ടും പാര്‍ട്ടിക്കേറ്റ തിരിച്ചടിയെക്കുറിച്ച് ചര്‍ച്ചചെയ്യാത്തതിലാണ് ഒരുവിഭാഗം നേതാക്കള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നത്. നേരത്തെ ഒന്നോ രണ്ടോ നേതാക്കളാണ് പരസ്യമായി ഇക്കാര്യം പറഞ്ഞതെങ്കില്‍ ഇപ്പോള്‍ പ്രതിഷേധക്കാരുടെ എണ്ണം കൂടുകയാണ്.

നേരത്തെ കെഎം ഷാജിയായിരുന്നു ലീഗ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി എത്തിയതെങ്കില്‍ ഇപ്പോള്‍ മുന്‍ എംഎല്‍എ പികെ അബ്ദുറബ്ബും എംഎസ്എഫ് നേതാക്കളും ഇപ്പോള്‍ രംഗത്തു വന്നിട്ടുണ്ട്.

പാര്‍ട്ടിയില്‍ ഭരണഘടനാപരമായി അധികാരമില്ലാത്ത സമിതികള്‍ കൂടി തീരുമാനമെടുക്കുന്നതില്‍ കടുത്ത പ്രതിഷേധമാണ് ഇവര്‍ക്കൊക്കെയുള്ളത്. വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ അടുത്തമാസം ഏഴ്, എട്ട് തീയതികളില്‍ പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ 27 സീറ്റില്‍ മത്സരിച്ച് 15 ഇടത്തുമാത്രമെ വിജയിക്കാനായുള്ളൂ. ഇതില്‍ പലയിടത്തും പാര്‍ട്ടിയുടെ ഭൂരിപക്ഷം നന്നായി കുറഞ്ഞു. കൊടുവള്ളി നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചപ്പോള്‍ നാലു സിറ്റിങ് സീറ്റുകള്‍ തോറ്റു. സംഘടനാ സംവീധാനത്തിലെ പിഴവാണ് കനത്ത തോല്‍വിക്ക് പിന്നിലെന്നാണ് നേതാക്കള്‍ പറയുന്നത്.

പക്ഷേ ഇതൊക്കെ വിലയിരുത്താന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സംവീധാനം ചേരാത്തത് വീഴ്ചയാണെന്നാണ് ഇവര്‍ പറയുന്നത്. യുവജനങ്ങളുടെ പിന്തുണയും പാര്‍ട്ടിയിലെ ഈ വിമത വിഭാഗത്തിനൊപ്പമാണ്. നേതൃത്വത്തിന്റെ വീഴ്ചകള്‍ യോഗത്തില്‍ അവതരിപ്പിക്കാനുള്ള നീക്കമുണ്ടാകുന്നതിന് തടയിടാനാണ് യോഗം നീട്ടിക്കൊണ്ടുപോകുന്നതെന്നാണ് ആക്ഷേപം.

ദേശീയ രാഷ്ട്രീയത്തില്‍ നിന്നും പികെ കുഞ്ഞാലിക്കുട്ടി തിരിച്ചു വന്നത് ഒട്ടും അനുയോജ്യമല്ലെന്നാണ് ഈ വിഭാഗത്തിന്റെ നിഗമനം. അധികാരകൊതിയന്‍ എന്ന പേരുണ്ടാക്കാന്‍ മാത്രമാണ് അതുസഹായിച്ചത്. ലീഗിനു മാത്രമല്ല, യുഡിഎഫിന് തന്നെ കുഞ്ഞാലിക്കുട്ടിയുടെ വരവ് ദോഷമായെന്നും ഇവര്‍ പറയുന്നു.

ഹാഗിയാ സോഫിയാ വിഷയത്തിലെ ലേഖനം ക്രൈസ്തവ സമുദായവുമായി ഒരുകാലത്തുമില്ലാത്ത തര്‍ക്കങ്ങള്‍ക്ക് കാരണമായി. ഇതൊന്നും പരിഹരിക്കാന്‍ കഴിയാത്തതാണ് തിരിച്ചടിയായതെന്നും ഇവര്‍ പറയുന്നു. തെരഞ്ഞെടുപ്പിലെ തിരിച്ചടി പഠിക്കാന്‍ ഒരു സ്വതന്ത്ര സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെടാനാണ് ഇവരുടെ തീരുമാനം.

muslim league
Advertisment