Advertisment

രണ്ടു ദിവസമായി വെള്ളം മാത്രം കുടിച്ച് കഴിഞ്ഞ അമേയ ആകെ അവശനായിരുന്നു. ചുണ്ടുകൾ വരണ്ട് ഉറക്കം തൂങ്ങിയായിരുന്നു അവനിരുന്നത്. ആ കണ്ണുകളിൽ ഭയം തളംകെട്ടി നിന്നിരുന്നു. ഞാനവനെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. പക്ഷേ, നിരസിക്കുകയാണ് ചെയ്തത് ; കാണാതായ മലയാളിയെ രക്ഷിച്ച വിദ്യാർഥി പറയുന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബായ് :  'ഷാർജയിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച കാണാതായ മലയാളി വിദ്യാർഥി അമേയ സന്തോഷി(15)നെ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ജുമൈറ ലാമിറ ബീച്ചിൽ നിന്ന് കണ്ടെത്തിയ കാര്യം 12–ാം ക്ലാസ് വിദ്യാർഥി റോണിത് ലച് വാനി(16) വിശദീകരിക്കുന്നു.

Advertisment

publive-image

'ജുമൈറ ലാ മിറയിലെ കരിയർ ഗൈഡൻസ് കേന്ദ്രത്തിൽ നിന്ന് മടങ്ങുകയായിരുന്നു ഞാൻ. സമയം ഏതാണ്ട് ഉച്ചയ്ക്ക് രണ്ടരയോടടുത്തിരിക്കും. പെട്ടെന്ന് അവിടെ ഒരു ബസ് ഷെൽട്ടറിനടുത്തായി അമേയയെ ഇരിക്കുന്നത് കണ്ടു. ഞാനുടനെ സമൂഹ മാധ്യമങ്ങളിൽ വന്ന അവന്റെ പടം എടുത്തുനോക്കി. അതെ, അമേയ തന്നെ. എങ്കിലും ഒന്നുകൂടി ഉറപ്പിക്കാനായി അമേയാ എന്ന് നീട്ടി വിളിച്ചപ്പോൾ അവൻ തിരിഞ്ഞു നോക്കി.അതോടെ എനിക്കുറപ്പായി, അത് അമയേ തന്നെ''

'' തുടർന്ന് ഞാൻ പതുക്കെ അവന്റെയടുത്തെത്തി. എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നു പറഞ്ഞു സൗഹൃദം സ്ഥാപിച്ചു. ആദ്യമൊന്നും അവൻ ഒട്ടും സംസാരിച്ചില്ല. കാരണം, രണ്ടു ദിവസമായി വെള്ളം മാത്രം കുടിച്ച് കഴിഞ്ഞ അമേയ ആകെ അവശനായിരുന്നു. ചുണ്ടുകൾ വരണ്ട് ഉറക്കം തൂങ്ങിയായിരുന്നു അവനിരുന്നത്. ആ കണ്ണുകളിൽ ഭയം തളംകെട്ടി നിന്നിരുന്നു. ഞാനവനെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. പക്ഷേ, നിരസിക്കുകയാണ് ചെയ്തത്. നമുക്ക് ഒന്നിച്ച് എന്തെങ്കിലും കഴിക്കാമെന്നു പറഞ്ഞപ്പോൾ സമ്മതിച്ചു.

ഭക്ഷണത്തിന് ശേഷം അവൻ കുറച്ച് ഉഷാറായി. ഞാനവനോട് പറഞ്ഞു, അമേയയെ കാണാതെ അച്ഛനും അമ്മയും മറ്റു കുടുംബാംഗങ്ങളും സുഹൃത്തുക്കളും അധ്യാപകരുമെല്ലാം എത്രമാത്രം വിഷമിക്കുന്നു എന്നറിയാമോ? അവരോടൊന്നും പറയാതെ ഇങ്ങനെ വന്നത് ശരിയാണോ? ഞാനവനു സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ കാണിച്ചുകൊടുത്തു. അവന്റെ കണ്ണുകൾ നിറഞ്ഞു. ഞാനവനെ ആശ്വസിപ്പിച്ചു. അവൻ ചെയ്തുപോയ പ്രവൃത്തിയിൽ കുറ്റബോധം തോന്നിയിരുന്നു.

എന്നാൽ, വീട്ടിലേയ്ക്ക് മടങ്ങാൻ ഭയവുമുണ്ടായിരുന്നു. ഞാനവനെ കുറേയേറെ ആശ്വസിപ്പിച്ച ശേഷം അവന്റെ പിതാവ് സന്തോഷ് രാജനെ വിളിച്ചു. അവർക്ക് ഞങ്ങളുള്ള സ്ഥലം പറഞ്ഞു കൊടുത്തു. അച്ഛൻ എത്രയും പെട്ടെന്ന് എത്താമെന്ന് അറിയിച്ചു. ഞങ്ങൾ വീണ്ടും സംസാരം തുടർന്നു. സ്പോർട്സിനെക്കുറിച്ചൊക്കെ അരമണിക്കൂറോളം സംസാരിച്ചു. അപ്പോഴേയ്ക്കും അച്ഛനും മറ്റും എത്തി''–വലിയൊരു സത് കർമം ചെയ്ത യാതൊരു ഭാവവുമില്ലാതെ റോണി പറഞ്ഞു.

മകനെ രക്ഷിച്ച റോണിയെ 'രക്ഷകനായ മാലാഖ' എന്നാണ് അമേയയുടെ മാതാപിതാക്കളായ സന്തോഷും ഭാര്യ ബിന്ദുവും വിശേഷിപ്പിച്ചത്.

കുട്ടികളോട്, പ്രത്യേകിച്ച് കൗമാരക്കാരോട് മാതാപിതാക്കൾ വളരെ ശ്രദ്ധാപൂർവം പെരുമാറണമെന്നും അവരെ പഠനത്തിന്റെ പേരിൽ പോലും സമ്മർദത്തിലാക്കരുതെന്നുമാണ് റോണിക്ക് പറയാനുള്ളത്.

''കുട്ടികളിൽ എന്തെങ്കിലും വിഷമം കണ്ടാൽ സ്നേഹത്തോടെ ചോദിച്ചറിഞ്ഞ് അതൊക്കെ നിസാരമാണെന്നും തങ്ങൾ കൂടെയുണ്ടെന്നും പറഞ്ഞു മനസിലാക്കണം. അതിൽ വീഴാത്ത ഒരു കുട്ടിയുമുണ്ടാവില്ല''–റോണിക്ക് മാതാപിതാക്കളോട് പറയാനുള്ളത് ഇതാണ്.

Advertisment