37 തീവ്രവാദികൾ സൗദി അറേബ്യയിൽ വധശിക്ഷയ്ക്കു വിധേയരായി

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Tuesday, April 23, 2019

ജിദ്ദ: തീവ്രവാദികളും ഭീകരവാദികളുമായ മുപ്പത്തിയേഴ് പേരെ സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയരാക്കി. റിയാദ്, മക്ക, മദീന, കിഴക്കൻ മേഖല, ഖസീം, അസീർ എന്നീ മേഖലകളിൽ വെച്ച് ചൊവാഴ്ചയാണ് ശിക്ഷ നടപ്പിലാക്കിയതെന്ന് ഇക്കാര്യം വെളിപ്പെടുത്തി കൊണ്ട് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ശിക്ഷ ലഭിച്ചവർ എല്ലാവരും സൗദി പൗരന്മാരാണ്.

തീവ്ര – ഭീകര ചിന്തകൾ കൊണ്ടുനടക്കുകയും ഭീകരതയ്ക്ക് വേണ്ടി സെല്ലുകൾ ഉണ്ടാക്കുകയും, സമൂഹത്തിന്റെ സ്വാസ്ഥ്യം കെടുത്തികൊണ്ട് ജനങ്ങളിൽ ചിദ്രതയും സമൂഹത്തിൽ നാശവും കലാപവും ഉണ്ടാക്കുകയും ചെയ്തുവെന്ന് തെളിഞ്ഞതിനാണ് ഇവർക്ക് ശിക്ഷ നൽകിയത്.

ദേശവിരുദ്ധ കേന്ദ്രങ്ങളുമായി ചേർന്ന് രാജ്യത്തിന്റെ ഉത്തമ താൽപര്യങ്ങൾ പ്രതികൾ അപകടപ്പെടുത്തുകയായിരുന്നു. രാജ്യത്തെ സുരക്ഷാ കേന്ദ്രങ്ങൾ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ആക്രമിക്കുക, നിരവധി സുരക്ഷാ ഭടങ്കമാരെ ചതിപ്രയോഗത്തിലൂടെ കഥകഴിക്കുക തുടങ്ങിയ വൻ പാതകങ്ങൾ ഇവരുടെ പേരിലുണ്ട്.

രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഉത്തമ താൽപര്യങ്ങൾ അപകടപ്പെടുത്തുകയും നാശം വിതയ്ക്കുകയും ചെയ്യുന്നവരുടെ ഗതി ഇതുതന്നെയായിരിക്കുമെന്നു സംഭവം വിവരിച്ചു കൊണ്ടുള്ള പ്രസ്താവനയിലൂടെ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളുടെ ശ്രദ്ധയിൽ പെടുത്തി.

×