Advertisment

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ യുഡിഎഫ് നിലപാട് ഇനി ലീഗിനും ബാധകം ! ഭിന്നതയെന്ന പ്രചാരണത്തിനിടെ തര്‍ക്ക പരിഹാരത്തിന് നിര്‍ണായകമായത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ഇടപെടല്‍ ! മുസ്ലീം വിഭാഗത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കുമ്പോഴും മുസ്ലീം ഇതര ന്യൂനപക്ഷങ്ങള്‍ക്കു കൂടി സ്‌കോളര്‍ഷിപ്പ് ഉറപ്പുവരുത്തുന്നത് ലീഗിനെകൊണ്ടുകൂടി സമ്മതിപ്പിച്ചത് വിഡി സതീശന്‍റെ ശക്തമായ നിലപാടില്‍ ! സര്‍വകക്ഷിയോഗത്തില്‍ മിണ്ടാതിരുന്ന സിപിഎമ്മും സിപിഐയും ഇപ്പോള്‍ നടത്തുന്നത് മുതലെടുപ്പ് രാഷ്ട്രീയം മാത്രം. സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച ഫോര്‍മുലയും പ്രതിപക്ഷ നേതാവിന്റെ സംഭാവന തന്നെ ! മുന്നണിയില്‍ പിടിമുറുക്കി പ്രതിപക്ഷ നേതാവ് !

New Update

publive-image

Advertisment

തിരുവനന്തപുരം: ഇലയ്ക്കും മുള്ളിനും കേടില്ലാതെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ യുഡിഎഫിലെ തര്‍ക്കം പരിഹരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഷയത്തില്‍ മുസ്ലീംലീഗ് സ്വീകരിച്ച നിലപാടിനെ നേരത്തെ തന്നെ അംഗീകരിച്ചിരുന്നുവെന്നും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് മുസ്ലീം ഇതര ന്യൂനപക്ഷങ്ങള്‍ക്കു കൂടി ഉറപ്പുവരുത്തുന്നത് ലീഗിനെകൊണ്ടുകൂടി സമ്മതിപ്പിച്ചുമാണ് സതീശന്‍ ഇക്കാര്യത്തില്‍ തന്റെ നിലപാട് വിജയിപ്പിച്ചെടുത്തത്.

ലീഗും കോണ്‍ഗ്രസും തമ്മില്‍ തല്ലുമെന്ന് കരുതിയിടത്ത് വിഷയ പരിഹാരത്തിന് മണിക്കൂറുകള്‍ മാത്രമാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിനു വേണ്ടിവന്നത്.

നിയമസഭ സമ്മേളിക്കുന്ന സാഹചര്യത്തില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ യുഡിഎഫില്‍ ഭിന്നതയെന്ന വാര്‍ത്ത വരരുതെന്ന നിര്‍ബന്ധം പ്രതിപക്ഷ നേതാവ് വിഡി സതീശനുണ്ടായിരുന്നു. ഭരണപക്ഷം അതാഗ്രഹിക്കുകയും ചെയ്തിരുന്നു.

അതുകൊണ്ടുതന്നെയാണ് സഭാ സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി സതീശന്‍ മുന്‍കൈയ്യെടുത്ത് കക്ഷി നേതാക്കളുടെ യോഗത്തില്‍ ഈ വിഷയം പ്രത്യേകമായി ചര്‍ച്ച ചെയ്തത്.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ മുസ്ലീം സമുദായത്തിന് മാത്രമായി നല്‍കിയിരുന്ന സ്‌കോളര്‍ഷിപ്പ് തുടരണം എന്നുതന്നെയാണ് നിലപാടെന്നു സതീശന്‍ വ്യക്തമാക്കി. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ അനുസരിച്ച് ഇങ്ങനെയൊരു സ്‌കീം ഉണ്ടായിരുന്നുവെന്നും ഇത് നിലനിര്‍ത്തണമെന്നുമാണ് താന്‍ പറഞ്ഞിരുന്നത്. ഇതാണ് യുഡിഎഫ് നിലപാടെന്നും സതീശന്‍ യോഗത്തില്‍ ആദ്യം തന്നെ അറിയിച്ചു.

ഇതേസമയം തന്നെ മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് അവര്‍ക്ക് അവകാശപ്പെട്ട സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കണം. ഇതും ന്യൂനപക്ഷ വിഷയത്തില്‍ യുഡിഎഫിന്റെ നിലപാടാണ്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ താന്‍ തന്നെ മുമ്പോട്ടുവച്ചതാണ് നിലവിലെ സ്‌കോളര്‍ഷിപ്പിലെ എണ്ണത്തില്‍ കുറവുവരുത്തരുതെന്നത്.

സര്‍ക്കാര്‍ തീരുമാനത്തില്‍ താന്‍ മുമ്പോട്ടുവച്ച നിര്‍ദേശം ഭാഗീകമായി ഉള്‍പ്പെടുത്തി. ഇക്കാര്യം താന്‍ പറഞ്ഞുവെന്നും സതീശന്‍ വ്യക്തമാക്കി. വിഷയത്തില്‍ യുഡിഎഫ് സ്വീകരിച്ച നിലപാടില്‍ വെള്ളം ചേര്‍ക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നേരത്തെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തിലും സതീശന്‍ ഇതേ നിലപാടായിരുന്നു സ്വീകരിച്ചത്.

അന്നു സിപിഎമ്മും സിപിഐയും ഒരു നിലപാടുമില്ലാതെ ഇരുന്നപ്പോള്‍ പ്രതിപക്ഷ നേതാവാണ് ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫോര്‍മുല മുമ്പോട്ടുവച്ചത്. മുസ്ലീം വിഭാഗത്തിനുള്ള പ്രത്യേക സ്‌കീം തുടരണമെന്നും പ്രതിപക്ഷ നേതാവ് യോഗത്തില്‍ നിര്‍ദേശിച്ചിരുന്നു. മുഖ്യമന്ത്രിയും ഈ നിലപാടിനെ പിന്തുണച്ചു.

അതേസമയം തന്നെ തന്റെ നിലപാട് സുവ്യക്തമാണെന്ന സന്ദേശമാണ് പ്രതിപക്ഷ നേതാവ് നല്‍കുന്നത്. നേരത്തെ ഈ വിഷയത്തില്‍ കുത്തിത്തിരിപ്പിനു ശ്രമിച്ച ചില ലീഗ് നേതാക്കളുടെ നീക്കമാണ് യുഡിഎഫ് രണ്ടുതട്ടിലാണെന്ന രീതിയില്‍ പ്രചാരണത്തിന് കാരണമായതെന്നാണ് സൂചന. ഇപ്പോള്‍ അവരെയും ഒതുക്കിക്കൊണ്ടാണ് ഏകപക്ഷീയ നിലപാടിലേയ്ക്ക് യുഡിഎഫ് മാറുന്നത്.

Advertisment