Advertisment

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോര്‍ഡ് ഏക്ക തുക; ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തിലേക്ക് കൊമ്പനെ എത്തിക്കുക 6.75 ലക്ഷം രൂപയ്ക്ക്

New Update

publive-image

Advertisment

തൃശൂര്‍; കൊമ്പന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് റെക്കോഡ് ഏക്ക തുക. ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന് പങ്കെടുക്കാന്‍ 6.75 ലക്ഷം രൂപയ്ക്കാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എത്തിക്കുന്നത്. തലപ്പൊക്കത്തിന്റെ പേരില്‍ പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ള ഗജവീരനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും ഉയരമുള്ള ആനയെന്നാണ് ഈ കൊമ്പന്‍ അറിയപ്പെടുന്നത്.

പൂരത്തിന് പങ്കെടുക്കാന്‍ ഒരു ആനയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. ചാവക്കാട് പുഞ്ചിരി പൂരഘോഷ കമ്മറ്റിയാണ് ആനയെ ഈ തുകയ്ക്ക് ഏക്കത്തിനെടുത്തത്. പരമാവധി രണ്ടര ലക്ഷം രൂപ വരെയാണ് ഇതുവരെ കേരളത്തില്‍ ആനകള്‍ക്ക് ഏക്കതുക ലഭിച്ചിട്ടുള്ളത്.  ബിഹാറില്‍ നിന്നെത്തിച്ച ഈ ആനയ്ക്ക് 326 സെന്റിമീറ്ററാണ് ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം. ഉടല്‍ നീളം 340 സെന്റീമീറ്ററോളവും വരും. സമൂഹമാധ്യമങ്ങളില്‍ നിരവധി ഫാന്‍സ് പേജുകളും ആനപ്രേമി കൂട്ടായ്മകളും ഈ കൊമ്പന്റെ പേരിലുണ്ട്.

2019ല്‍ ഗുരുവായൂര്‍ ഗൃഹപ്രവേശത്തിനെത്തിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞ് രണ്ട് പേരെ കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന് ശേഷം ഈ കൊമ്പനെ എഴുന്നള്ളിക്കുന്നതിന് താത്ക്കാലികമായി വിലക്ക് വന്നിരുന്നു. വിലക്ക് നീങ്ങിയതിന് ശേഷമാണ് പൂരപ്പറമ്പുകളില്‍ വീണ്ടും ഇതേ കൊമ്പനെത്തുന്നത്.

Advertisment