തേനിയില്‍ കാട്ടുതീയില്‍ കുടുങ്ങി പഠന സംഘത്തിലെ 6 കുട്ടികള്‍ കൊല്ലപെട്ടു. 19 പേരെ രക്ഷപെടുത്തി. പലരുടെയും നില ഗുരുതരം. 10 പേരോളം കാട്ടില്‍ കുടുങ്ങികിടക്കുന്നു

ന്യൂസ് ബ്യൂറോ, ചെന്നൈ
Sunday, March 11, 2018

കുമളി ∙ കേരള-തമിഴ്നാട് അതിർത്തിയിൽ തേനി ജില്ലയിലെ കൊരങ്ങണി വനമേഖലയിലുണ്ടായ കാട്ടുതീയിൽ ആറു പേർ കൊല്ലപ്പെട്ടതായി സംശയം. എന്നാൽ ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ആകെ 37 പേരാണു കാട്ടിലുണ്ടായിരുന്നതെന്നാണു പ്രാഥമിക സൂചന. ഇതുവരെ 19 പേരെ കാട്ടുതീയിൽ നിന്നു രക്ഷപ്പെടുത്തി. 10 പേർ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ കാട്ടിലുണ്ടെന്നാണറിയുന്നത്.

ഇവരില്‍ ഒൻപതു പേരെ നിസ്സാര പരുക്കുകളോടെ ബോഡിനായ്ക്കന്നൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുപ്പൂരിൽനിന്നുള്ള രാജശേഖർ (29), ഭാവന (12), മേഘ (ഒൻപത്), ഈറോഡ് സ്വദേശി സാധന (11), തിരുപ്പൂർ സ്വദേശി മോനിഷ (30), മടിപ്പാക്കം ചെന്നൈ സ്വദേശി പൂജ (27) ചെന്നൈ സഹാന (20) തുടങ്ങിയവരാണു പരുക്കേറ്റു ബോഡിനായ്ക്കന്നൂർ ഗവ. ആശുപത്രിയിലുള്ളത്.

ഗുരുതര പൊള്ളലേറ്റ ആറു പേരാണു മരിച്ചതെന്നറിയുന്നു. ബാക്കിയുള്ളവർക്കായും തിരച്ചിൽ ശക്തമാക്കി. മൂന്നു കുട്ടികൾ ഉൾപ്പെടെ ട്രക്കിങ് സംഘത്തിലുണ്ടായിരുന്നു. വേനൽ ശക്തമായതിനാൽ കാട്ടുതീ അതിവേഗത്തിലാണു വനത്തെ വിഴുങ്ങിയത്.

വ്യോമസേനയുടെ നാലു ഹെലികോപ്റ്ററുകൾ സംഭവ സ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. ഇത് പുലർച്ചെ മൂന്നോടെ തീപിടിത്ത മേഖലയിലെത്തും. ഒപ്പം 10 കമാൻഡോകളും മെഡിക്കൽ സംഘവും തിങ്കളാഴ്ച ഇവിടെയെത്തും.

കാട്ടിൽ കുടുങ്ങിയവരെ രക്ഷിക്കാനാണു കമാൻഡോ സംഘം. ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്റെ മണ്ഡലത്തിലാണ് അപകടമുണ്ടായിരിക്കുന്നത്. പനീർസെൽവവും മന്ത്രി ഡിണ്ടിഗൽ ശ്രീനിവാസനും സംഭവസ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിനു വ്യാമസേനയ്ക്ക് പ്രതിരോധ മന്ത്രി നിർമല സീതാരാമനും നിർദേശം നല്‍കി.

ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിൽ നിന്നും ചെന്നൈയിൽ നിന്നുമുള്ള സംഘങ്ങളാണ് കാട്ടുതീയിൽപ്പെട്ടത്. ചെന്നൈയിൽ നിന്നെത്തിയ 24 പേരിൽ ഭൂരിപക്ഷവും ഐടി ജീവനക്കാരാണെന്നാണു സൂചന.

ചെന്നൈ ട്രക്കിങ് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു ഒരു സംഘം. ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിൽ നിന്ന് 13 കോളജ് വിദ്യാര്‍ഥികളും. ആകെയുള്ള 37 പേരില്‍ എട്ടു പുരുഷന്മാരും 26 സ്ത്രീകളും മൂന്നു കുട്ടികളും ഉണ്ടായിരുന്നതായും തേനി കലക്ടർ പല്ലവി പൽദേവ് പറഞ്ഞു.

തമിഴ്നാട്ടിലെ ബോഡിനായ്ക്കനൂർ വഴി രാവിലെ കൊരങ്ങിണിയിൽ എത്തിയ യാത്രാസംഘം, രണ്ടായി തിരിഞ്ഞാണു പുറപ്പെട്ടത്. കൊടൈക്കനാൽ–കൊളുക്കുമല വഴി കൊരങ്ങിണി വനമേഖലയിലേക്ക് ഒരു സംഘം പോയപ്പോൾ, മറു സംഘം എതിർദിശയിലാണു യാത്ര ചെയ്തത്. ഉച്ച കഴിഞ്ഞു മൂന്നോടെയാണു കാട്ടുതീ പടർന്നത്.

കാട്ടുതീയെത്തുടർന്ന് സംഘാംഗങ്ങളെല്ലാം ചിതറിയോടുകയായിരുന്നു. ട്രക്കിങ് പാതയിൽ നിന്നു മാറിയവരാണ് അപകടത്തിൽപ്പെട്ടതെന്നറിയുന്നു. പുൽപ്രദേശത്തേക്ക് ഓടിയെത്തിയവർക്കാണു ഗുരുതര പൊള്ളലേറ്റത്. തീപിടിത്തത്തിൽ ആദ്യഘട്ട രക്ഷാപ്രവർത്തനം നാട്ടുകാരുടെ നേതൃത്വത്തിലായിരുന്നു.

കാട്ടിലേക്ക് വാഹനങ്ങൾ എത്തിക്കാനാകാത്തതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ഇരുട്ടിലും രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ഈ സാഹചര്യത്തിലാണ് ഹെലികോപ്റ്ററിലെ തിരച്ചിൽ. കാട്ടിനുള്ളിൽ ടോർച്ച് തെളിച്ച് സഹായം തേടുന്നവരെ വ്യോമസേന കണ്ടതായി പ്രതിരോധ മന്ത്രി ട്വീറ്റ് ചെയ്തു.

രക്ഷാപ്രവർത്തനത്തിന് ഭക്ഷണവും മരുന്നുമായി ഇടുക്കി പൊലീസും എത്തിയിട്ടുണ്ട്. മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് നേരത്തേത്തന്നെ എത്തിയിരുന്നു. അതിനു പിന്നാലെയാണ് എല്ലാ സഹായവും ഉറപ്പാക്കാനുള്ള സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശമെത്തിയത്.കേരളത്തിൽ നിന്നുള്ള അഗ്നിശമന സേനയുടെ സഹായവും ഉറപ്പു വരുത്തുന്നുണ്ട്.

×