Advertisment

യുഎഇയുടെ ധനസഹായം സ്വീകരിക്കുന്നതില്‍ തടസമുണ്ടാകേണ്ട കാര്യമില്ല, എല്ലായിടത്തും നിന്നും സഹായം സ്വീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധം : മുഖ്യമന്ത്രി

New Update

Image result for പിണറായി വാര്‍ത്താ സമ്മേളന

Advertisment

യുഎഇയില്‍നിന്നുള്ള 700 കോടി രൂപയുടെ ധനസഹായം ലഭിക്കുന്നതില്‍ തടസ്സമുണ്ടാകുമെന്ന മാധ്യമ വാര്‍ത്തകളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരിന്‍റെ ദുരിതാശ്വാസ നയം പറയുന്നത് വിദേശ രാജ്യങ്ങള്‍ സ്വമേധയാ സഹായം വാഗ്ദാനം ചെയ്യുകയാണെങ്കില്‍ അത് കേന്ദ്രത്തിന് സ്വീകരിക്കാവുന്നതാണ്. യുഎഇ സഹായം സ്വീകരിക്കുന്നതിന് തടസ്സമുണ്ടെന്ന് മാധ്യമ വാര്‍ത്തകള്‍ മാത്രമാണ് വന്നിട്ടുള്ളത്. ഇക്കാര്യത്തില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ ഔദ്യോഗിക തലത്തില്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടതെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘സാധാരണ നിലയില്‍ യുഎഇയുടെ ധനസഹായം സ്വീകരിക്കുന്നതില്‍ തടസമില്ല. ഇതുമായി ബന്ധപ്പെട്ട 2016 ലെ ദേശീയ ദുരന്ത നിവാരണ നിയമത്തില്‍ ഇക്കാര്യം വിശദമാക്കിയിട്ടുണ്ട്. ചില വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ള സഹായം സ്വീകരിക്കുന്നതിനും സര്‍ക്കാര്‍ സന്നദ്ധമാണ്. ദുരിതങ്ങളെ പരിഹരിക്കാനുള്ള കൈതാങ്ങ് ആവശ്യമാണ്. എന്തെങ്കിലും പ്രശ്‌നമുള്ള പക്ഷം പ്രധാനമന്ത്രിയോട് സംസാരിക്കും. കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതാണ്. നിലവില്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാത്രമേ വന്നിട്ടൂള്ളൂ’ – പിണറായി പറഞ്ഞു.

‘പ്രതിസന്ധികളെ അതിജീവിച്ച സംസ്ഥാനമാണ് കേരളം. പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിടുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ആത്മവിശ്വാസത്തിന് വിള്ളലേല്‍ക്കുന്ന നടപടികള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം. അത് നാടിന്‍റെ പുരോഗതിക്ക് ഗുണകരമാകില്ല. ദുരന്തത്തില്‍നിന്ന് കരകയറാന്‍ കൈത്താങ്ങ് ആകണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്’ – പിണറായി കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താ സമ്മേളനത്തില്‍ ഉടനീളം യുഎഇ ഫണ്ടിന് തടസ്സമായി നില്‍ക്കുന്ന കേന്ദ്രനയത്തെ വിമര്‍ശിക്കാനോ രാഷ്ട്രീയം പറയാനോ പിണറായി വിജയന്‍ ശ്രമിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ഇന്നലെയാണ് യുഎഇ സഹായം സംബന്ധിച്ച അറിയിപ്പുണ്ടായത്. അതിന് ശേഷം ഇത് കേരളത്തില്‍ വലിയ ചര്‍ച്ചയായി. പിന്നാലെയാണ് വിദേശരാജ്യങ്ങളില്‍നിന്ന് സഹായം സ്വീകരിക്കുന്നതില്‍ തടസ്സമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. വിദേശകാര്യ മന്ത്രാലയം ഫണ്ട് സ്വീകരിക്കാന്‍ സാധിക്കില്ലെന്ന നിലപാട് സ്വീകരിച്ചതോടെ യുഎഇ, ഖത്തര്‍, യുഎന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ തുലാസിലായി.

20,000 കോടി നാശനഷ്ടം പ്രാഥമികമായി കണക്കാക്കിയിരിക്കുന്ന ദുരന്തത്തില്‍ വിദേശ സഹായങ്ങള്‍ ഉള്‍പ്പെടെ ഉണ്ടെങ്കിലെ കേരളത്തിന്‍റെ നവനിര്‍മ്മാണം നടക്കുകയുള്ളു. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 680 കോടി രൂപയുടെ സഹായം കൊണ്ട് നവകേരള നിര്‍മ്മാണം സാധ്യമല്ല. ഈ സാഹചര്യത്തിലാണ് എന്ത് വിലകൊടുത്തും യുഎഇ സഹായഫണ്ട് കേരളത്തിന് ലഭിക്കണമെന്ന നിലപാട് പൊതുജനം ഉയര്‍ത്തുന്നത്.

കേരളത്തിലേക്ക് സഹായം ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത് രാഷ്ട്രീയവൈര്യം മൂലമാണെന്ന കടുത്ത വിമര്‍ശനങ്ങള്‍ കേരളത്തില്‍നിന്ന് സജീവമായി ഉയര്‍ന്ന് വരുന്നുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയ അഭിപ്രായം പറഞ്ഞ് കൂടുതല്‍ വഷളാക്കാതിരിക്കാന്‍ പിണറായി വാര്‍ത്താ സമ്മേളനത്തില്‍ ഉടനീളം ശ്രദ്ധിച്ചിരുന്നു. കേരളത്തില്‍ സേവനത്തിന് എത്തിയ സൈനീകര്‍ക്ക് സ്വീകരണം നല്‍കാനും മറ്റും സര്‍ക്കാര്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

 

pinarayivijayan
Advertisment