Advertisment

കോവിഡ് ബാധിച്ച് മരിച്ച തിരുവല്ല സ്വദേശിയുടെ ചികിത്സയില്‍ പിഴവ് ആരോപിച്ച് കുടുംബം; ചികിത്സ സൗജന്യമെന്ന് പറയുമ്പോഴും ചിലവായത് വന്‍തുക; കുത്തിവയ്പ്പുകള്‍ക്കും മരുന്നുകള്‍ക്കും വേണ്ടിവന്നത് 85608 രൂപ; ജോഷിക്ക് നല്‍കിയത് ‘ടോസീലിസ്മോബ്’

New Update

പത്തനംതിട്ട: കോവിഡ് ബാധിച്ചു മരിച്ച തിരുവല്ല ഇടിഞ്ഞില്ലം പ്രക്കാട്ട് പി.ടി.ജോഷിക്ക് നൽകിയ ചികിത്സയിൽ പിഴവുണ്ടെന്ന് കുടുംബം. ചികിത്സയ്ക്ക് പണം ഈടാക്കിയെന്നും ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ജോഷിയുടെ മകന്റെ ഭാര്യ ബിബി ലിജു പരാതി നൽകി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ ദിവസമായിരുന്നു ജോഷിയുടെ മരണം. ഷാർജയിൽ മകനെ കാണാൻ സന്ദർശക വീസയിൽ പോയി മടങ്ങിയെത്തിയതാണ് അദ്ദേഹം.

Advertisment

publive-image

കോവിഡ് ചികിത്സ പൂർണമായും സൗജന്യമാണെന്ന സർക്കാർ പ്രഖ്യാപനത്തിന് വിരുദ്ധമായി ജോഷിയുടെ ചികിത്സയ്ക്കു വൻതുക ചെലവഴിക്കേണ്ടി വന്നതായി പരാതിയിൽ പറയുന്നു. കുത്തിവയ്പുകൾക്കും മരുന്നുകൾക്കുമായി 85,608 രൂപ ഈടാക്കി. ഷാർജയിലേക്കു പോകുന്നതു വരെ ജോഷി ഒരു രോഗത്തിനും ചികിത്സ തേടിയിട്ടില്ലെന്ന് ബിബി പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ച് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കു മാറ്റിയതിനു ശേഷം പുറത്തു വന്ന വിവരങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

ജോഷിക്ക് പ്രമേഹമുണ്ടായിരുന്നതായി ജനറൽ ആശുപത്രി അധികൃതർ പറയുന്നത് ശരിയല്ല. കൃത്യമായ ഇടവേളകളിൽ രക്തപരിശോധന നടത്തിയിരുന്നു. ജനറൽ ആശുപത്രിയിൽ എക്സ്റേ പരിശോധനയിൽ ഉൾപ്പെടെ കാലതാമസം ഉണ്ടായി. 24ന് ആരോഗ്യനില വഷളായതായും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഉടൻ മാറ്റുകയാണെന്നും ഡോക്ടർ പറഞ്ഞെങ്കിലും 25ന് വൈകിട്ടു മാത്രമാണു മാറ്റിയത്.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോഷിക്ക് നൽകിയ ‘ടോസീലിസ്മോബ്’ എന്ന മരുന്ന് കോവിഡ് ചികിത്സയ്ക്കുള്ള ഗൈഡ്‌ലൈനിൽ കൃത്യമായി പറയുന്നതാണെന്ന് പകർച്ചവ്യാധി വിഭാഗം മേധാവി ഡോ.ആർ.സജിത്കുമാർ അറിയിച്ചു. എല്ലാ ചികിത്സയും മെഡിക്കൽ ബോർഡ് കൂടി തീരുമാനിച്ചാണ് നടത്തിയത്. ‘ടോസീലിസ്മോബ്’ മരുന്ന് സ്വകാര്യ കമ്പനിയാണ് ലഭ്യമാക്കുന്നത്. രോഗി അതീവ ഗുരുതര നിലയിലായതിനെ തുടർന്ന് ജീവൻരക്ഷാ മരുന്നായി എന്തെങ്കിലും നൽകാനുണ്ടോ എന്ന് ബന്ധുക്കൾ പല തവണ ചോദിച്ചു.

ഗൈഡ്‌ ലൈൻ പ്രകാരം ‘ടോസീലിസ്മോബ്’ എന്ന മരുന്നിനെക്കുറിച്ച് പറയുന്നുണ്ടെന്നും ഇത് വിലയേറിയതാണെന്നും ലഭ്യത ക്കുറവുണ്ടെന്നും അറിയിച്ചു. ആരോഗ്യവകുപ്പ് വഴി മരുന്ന് വാങ്ങാൻ ഒരാഴ്ചയോളം വേണ്ടി വരും. പണം പ്രശ്നമല്ലെന്നും മരുന്ന് ലഭ്യമാക്കാമെന്നും ബന്ധുക്കൾ അറിയിച്ചു. ഇതേത്തുടർന്നാണ് ബന്ധുക്കൾ മരുന്നെത്തിച്ചതെന്ന് ഡോ.സജിത്കുമാർ പറഞ്ഞു. എന്നാൽ മരുന്ന് നൽകിയെങ്കിലും പുരോഗതി ഉണ്ടായില്ല.

സന്ധിവാതം പോലെയുള്ള രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നാണിത്. ശ്വാസകോശ പ്രവർത്തനം തകരാറിലാകുന്ന ഘട്ടത്തിൽ ആരോഗ്യം വീണ്ടെടുക്കാനും നൽകാറുണ്ട്. അപൂർവമായി മാത്രം ഉപയോഗിക്കുന്ന മരുന്നാണിതെന്ന് ഡോക്ടർമാർ പറയുന്നു.

covid 19 covid death
Advertisment