സ്‌നേഹം കൊണ്ടൊരു മതില്‍ തീര്‍ത്ത് ആ വിദ്യാർത്ഥികൾ ;ചങ്കായ മാഷിനെ കുട്ടികള്‍ കണ്ണീരാല്‍ ഉപരോധിച്ചപ്പോള്‍ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചു; തമിഴ്നാട് തിരുവള്ളൂരിലെ വെള്ളിങ്ങരം സര്‍ക്കാര്‍ സ്‌കൂളിലാണ് അധ്യാപക വിദ്യാർത്ഥികളുടെ അപൂർവ്വ സ്‌നേഹം കാഴ്ച

ന്യൂസ് ബ്യൂറോ, ചെന്നൈ
Thursday, June 21, 2018

തിരുവള്ളൂര്‍: ഇതുപോലൊരു ചിത്രം സമീപകാലത്ത് കണ്ടിട്ടുണ്ടാവില്ല. സ്‌നേഹവും സങ്കടവും കൊണ്ടുതീര്‍ത്ത മതില്‍. അതാണ് ഈ കുട്ടികള്‍ അവരുടെ പ്രിയപ്പെട്ട അദ്ധ്യാപകന് ചുറ്റും തീര്‍ത്തത്. വെള്ളിങ്ങരം സര്‍ക്കാര്‍ ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനായ ജി.ഭഗവാനെയാണ് കുട്ടികള്‍ ഇങ്ങനെ സാറേ പോകരുതേ എന്ന് പറഞ്ഞ് ചുറ്റിപ്പിടിച്ചിരിക്കുന്നത്. 28 കാരനായ അദ്ധ്യാപകന് സ്ഥലംമാറ്റമാണ്. അതാണ് വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളെ സങ്കടക്കടലിലാക്കിയത്. ഒരുകുട്ടി പിന്നില്‍ നിന്ന് ഭഗവാനെ വിടാതെ ചുറ്റിപ്പിടിച്ചിരിക്കുന്നതും കാണാം.തിരുട്ടാണിയിലെ അരുങ്കുളം സര്‍ക്കാര്‍ ഹൈസ്‌കൂളിലേക്കായിരുന്നു അദ്ധ്യാപകന് മാറ്റം.

‘ഇത് ഒരു സ്‌കൂളിലെ എന്റെ ആദ്യത്തെ ജോലിയാണ്. 2014 ല്‍ വെള്ളിങ്ങരം സ്‌കൂളില്‍ ഗ്രാഡ്വേറ്റ് അദ്ധ്യാപകനായാണ് എന്നെ നിയമിച്ചത്. അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം നോക്കുമ്ബോള്‍, ഞാന്‍ അധികജീവനക്കാരനാണ്. ഇക്കാരണത്താണ് അദ്ധ്യാപകര്‍ കുറവുള്ള തിരുട്ടാണി സ്‌കൂളിലേക്ക് അധികൃതര്‍ എന്നെ മാറ്റിയത’, ജി.ഭഗവാന്‍ പറഞ്ഞു.ആറാം ക്ലാസ് മുതല്‍ 10 ാം ക്ലാസ് വരെയുള്ള കുട്ടികളെയാണ് ഭഗവാന്‍ പഠിപ്പിക്കുന്നത്.ജൂണ്‍ 12 മുതല്‍ 21 വരെ നടന്ന അദ്ധ്യാപകരുടെ ട്രാന്‍സ്ഫര്‍ കൗണ്‍ലിങ്ങില്‍ ഭഗവാന്‍ പങ്കെടുത്തിരുന്നു. അറുങ്കുളമാണ് തന്റെ ഇഷ്ടസ്‌കൂളായി അദ്ദേഹം തിരഞ്ഞെടുത്തത്.

bhagavan-teacher

തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകന് സ്ഥലംമാറ്റമാണെന്ന് മണത്തറിഞ്ഞ കുട്ടികള്‍ സ്‌കൂളിന് പുറത്തുവിടാതെ തടഞ്ഞു. ഗേറ്റ് ഉപരോധിച്ചും പൊട്ടിക്കരഞ്ഞും അവര്‍ ഗുരുനാഥനെ ചേര്‍ത്തുപിടിച്ച്‌ ക്ലാസ് മുറിയിലേക്ക് തിരികെ എത്തിച്ചു. അവരെന്നെ കെട്ടിപ്പിടിച്ച്‌ കരയുകയായിരുന്നു.കാലില്‍ പിടിച്ച്‌ വിടാതെ നിന്നു.ഇതെല്ലാം കണ്ടപ്പോള്‍ ഞാനും പൊട്ടിക്കരഞ്ഞുപോയി.പിന്നെ ഞാനവരെ ഹാളിലേക്ക് കൊണ്ടുപോയി ആശ്വസിപ്പിച്ചു. ഞാന്‍ കുറച്ചുദിവസത്തിനകം മടങ്ങി വരുമെന്ന് ആശ്വസിപ്പിച്ചു.

കുട്ടികള്‍ക്ക് രക്ഷിതാവിനെ പോലെയാണ് ഭഗവാനെന്ന് വെള്ളിങ്ങരം സ്‌കൂളിലെ ഹെഡ്‌മാസ്റ്റര്‍ എ.അരവിന്ദ് പറഞ്ഞു.അതുകൊണ്ടാണ് സ്ഥലം മാറ്റം എന്നുകേട്ടപ്പോഴേ കുട്ടികള്‍ വികാരാധീനരായത്. തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്ഥലംമാറ്റങ്ങള്‍. കഴിഞ്ഞ വര്‍ഷം വെള്ളിങ്ങരം സ്‌കൂളില്‍ 281 കുട്ടികളുണ്ടായിരുന്നു. കൗണ്‍സിലിങ്ങിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും ജൂനിയറായ അദ്ധ്യാപകനെയാണ് സ്ഥലംമാറ്റുന്നത്, അരവിന്ദ് അറിയിച്ചു.

 

bhagavan-teacher-1എങ്ങനെയാണ് ഭഗവാന്‍ കുട്ടികളുമായി ഇത്രയധികം അടുപ്പം സ്ഥാപിച്ചത്? കേട്ടവരും കണ്ടവരും അത്ഭുതം കൂറുന്നു. അതിന് ഭഗവാന് കൃത്യമായ ഉത്തരമുണ്ട്. അക്കാദമിക് വിഷയങ്ങള്‍ മാത്രമല്ല ഞാന്‍ ക്ലാസില്‍ കുട്ടികളോട് പറയുന്നത്. ഞാന്‍ അവരോട് കഥകള്‍ പറയും. അവരുടെ കുടുംബ പശ്ചാത്തലം മനസ്സിലാക്കും, അവരുടെ ഭാവിയെ കുറിച്ച്‌ സംസാരിക്കും, പ്രൊജക്റ്റര്‍ ഉപയോഗിച്ച്‌ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കും. പ്രൊജക്റ്റര്‍ സെഷനുകളൊക്കെ കുട്ടികള്‍ക്ക് വലിയ കമ്ബമായിരുന്നു. സിനിമാ ഹാളില്‍ ഇരിക്കുന്നത് പോലെയാണ് ക്ലാസ് അവര്‍ക്ക് അനുഭവപ്പെട്ടത്. ഇത്തരം പുതിയ കാര്യങ്ങള്‍ പരീക്ഷിച്ചതുകൊണ്ടാവും അവരുമായി ആത്മബന്ധം സ്ഥാപിക്കാന്‍ എനിക്ക് സ്ഥാപിച്ചത്. ഒരു ടീച്ചര്‍ എന്നതിനേക്കാള്‍ ഞാനവര്‍ക്ക് ഒരു കൂട്ടുകാരനോ, സഹോദരനോ ഒക്കെയാണ്.

ഗവാന്‍ സ്‌കൂളിലെത്തിയതോടെ സ്‌കൂളിന്റെ അക്കാദമിക് റിസല്‍റ്റുകളും മെച്ചപ്പെട്ടു. 2014 മുതല്‍ എസ്.എസ്.എല്‍.സി പരീക്ഷയിലടക്കം ആരും ഇംഗ്ലീഷില്‍ പരാജയപ്പെട്ടില്ല.ഏതായാലും ഭഗവാന്റെ സ്ഥലംമാറ്റ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് തല്‍ക്കാലത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. വൈകാതെ ഉത്തരവ് പിന്‍വലിക്കുമെന്ന പ്രതീക്ഷയിലാണ് കുട്ടികളും രക്ഷിതാക്കളും. ഇല്ലങ്കില്‍ അവരുടെ കൂട്ടുകാരനെ വിടാതിരിക്കാന്‍ എന്തുചെയ്യുമെന്ന ചിന്തയും അവരെ അലട്ടുന്നു.

×