തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ ഇന്നും കിട്ടുന്നത് 30000 രൂപ വീതം. ഇതുവരെ എട്ടുമന്ത്രിമാര്ക്കായി 2,24880 രൂപയാണ് ഇത്തരത്തില്‍ ചിലവഴിച്ചത്. പല മന്ത്രിമാരും വലിയ തുകയ്ക്കുള്ള ഫോണ്‍ വാങ്ങിയശേഷം ഈ തുക തിരികെ കിട്ടുമോയെന്ന് ചോദിച്ചെങ്കിലും 30000 രൂപ മാത്രമാണ് ഇതുവരെ അനുവദിച്ചിട്ടുള്ളൂ.
മന്ത്രി സജി ചെറിയാന് ഐ ഫോണ്‍ 11 ആണ് വാങ്ങിയത്. 70000രൂപയോളം വരുന്ന ഫോണിന് മന്ത്രിക്ക് 30000 രൂപയാണ് പൊതുഭരണ വകുപ്പ് കൈമാറിയത്. 39999 രൂപ വിലയുള്ള റെഡ്മി 11 എക്സ് ഫോണാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന് വാങ്ങിയത്. ഇതിനായി അദ്ദേഹത്തിന് 30000 രൂപയും അനുവദിച്ചിട്ടുണ്ട്.
ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ഫോണ്‍ ഗൂഗില്‍ പിക്സല്‍ 4എ ആണ്. 32000 രൂപയാണ് ഇതിന്റെ വില. ആന്റണി രാജുവിന് 30000 രൂപ സര്‍ക്കാര്‍ നല്‍കിയതോടെ 2000 രൂപ മാത്രമാണ് കയ്യില്‍ നിന്നും ചിലവഴിക്കേണ്ടി വന്നത്.
ഫോണിന് ചെലവായ 20,680 രൂപ മന്ത്രി റോഷി അഗസ്റ്റിനും 29000 രൂപ മന്ത്രി ചിഞ്ചു റാണിക്കും, 25,200 രൂപ മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനും ലഭിച്ചു. റോഷിയുടെ ഫോണ്‍ സാംസങ് എ32 ഉം, മന്ത്രി ചിഞ്ചുറാണിയുടേത് ഓപ്പോ സ്മാര്‍ട്ട് ഫോണ്‍ റെനോ68 ഉം അഹമ്മദ് ദേവര്‍കോവിലിന്റേത് സാംസങ് ഇ625ഉം ആണ്.
നേരത്തെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി താന്‍ വാങ്ങിയ 40000 രൂപയുടെ സാംസങ് ഗാലക്സി എസ് 20 എഫ്ഇയുടെ വില നല്‍കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും അദ്ദേഹത്തിനും 30000 രൂപമാത്രമാണ് ലഭിച്ചത്. മന്ത്രിമാര്‍ക്ക് ഔദ്യോഗികകാര്യങ്ങള്‍ക്കായി മൊബൈല്‍ ഫോണ്‍ വാങ്ങിക്കാന്‍ പരമാവധി 30,000 രൂപ അനുവദിക്കാം എന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.
പൊതുഭരണ വകുപ്പിലെ ഹൗസ്കീപ്പിങ് സെല്ലിലാണ് മന്ത്രിമാര്‍ക്കും പേഴ്സണല്‍ സ്റ്റാഫിനുമൊക്കെ ഫോണ്‍ വാങ്ങി നല്‍കേണ്ട ഉത്തരവാദിത്വം. അത്യാവശ്യം ഫീച്ചേഴ്സൊക്കെയുള്ള ഫോണ്‍ വാങ്ങി നല്കിയാലും ഇത്രയും തുക ആകില്ല. ഇനി അഞ്ചുവര്‍ഷം കഴിഞ്ഞ് ഈ മന്ത്രിമാര്‍ പോകുമ്പോള്‍ വാങ്ങിയ ഫോണുകള്‍ തിരിച്ചേല്പ്പിക്കാറുണ്ടോയെന്നു ചോദിച്ചാല്‍ അക്കാര്യം ആരും ചെയ്യാറില്ലെന്നു തന്നെ ഉത്തരം.