Advertisment

കോണ്‍ഗ്രസിനെയും ലീഗിനെയും മറികടന്ന് ജോസഫ് വിഭാഗത്തിന് തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സ്ഥാനം; മത്സരിച്ച ഏഴു സീറ്റുകളില്‍ അഞ്ചും പരാജയപ്പെട്ട ജോസഫ് വിഭാഗത്തിന് ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; ഡിസിസി പ്രസിഡന്റിനെ തടഞ്ഞുവച്ചു

New Update

publive-image

Advertisment

പാലാ: മത്സരിച്ച ഏഴിടത്ത് അഞ്ചിലും പരാജയപ്പെട്ട ജോസഫ് വിഭാഗത്തിന് തൊടുപുഴ നഗരസഭയിലെ ചെയര്‍മാന്‍ സ്ഥാനം നല്‍കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്.

ജോസഫ് വിഭാഗത്തിലെ അഡ്വക്കേറ്റ് ജോസഫ് ജോണിനാണ് ചെയര്‍മാന്‍ സ്ഥാനം ലഭിച്ചത്. ആദ്യ ഒരു വര്‍ഷമാണ് ജോസഫ് ജോണിന് ചെയര്‍മാന്‍ സ്ഥാനം നല്‍കിയത്. യുഡിഎഫിലെ ഏറ്റവും ഭൂരിപക്ഷം കുറഞ്ഞ കക്ഷിയാണ് പിജെ ജോസഫ് വിഭാഗം.

കോണ്‍ഗ്രസിലെയും ലീഗിലെയും എതിര്‍പ്പുകള്‍ മറികടന്നാണ് ജോസഫ് വിഭാഗത്തിന് തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സ്ഥാനം നല്‍കിയത്. ആദ്യ ടേം വേണമെന്ന് ആവശ്യപ്പെട്ട് ജോസഫ് വിഭാഗം രംഗത്ത് വന്നതോടെയാണ് തര്‍ക്കം രൂക്ഷമായത്.

ആദ്യ രണ്ടു ചര്‍ച്ചകളും പരാജയപ്പെട്ടു. പിന്നീട് യുഡിഎഫിന്റെ പാര്‍ലമെന്ററി യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് സംസ്ഥാന നേതാക്കള്‍ ഇടപെടുകയായിരുന്നു. ഇതോടെകൂടിയാണ് ജോസഫ് വിഭാഗത്തിന് ആദ്യ വര്‍ഷം ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ തീരുമാനമായത്.

ആറു കൗണ്‍സിലര്‍മാര്‍ ലീഗിനും അഞ്ചു പേര്‍ കോണ്‍ഗ്രസിനുമുള്ളപ്പോള്‍ രണ്ടു പേര്‍ മാത്രമുള്ള ജോസഫ് വിഭാഗത്തിന് ചെയര്‍മാന്‍ സ്ഥാനം നല്‍കിയതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടിയെ തടഞ്ഞുവച്ചു.

യുഡിഎഫിൻ്റെ ചർച്ച നടന്ന തൊടുപുഴ സിസിലിയ ഹോട്ടലിന് മുന്നിലാണ് ഞായറാഴ്ച രാത്രി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ജാഫർ ഖാൻ മുഹമ്മദ്, ബ്ലോക്ക് ഭാരവാഹി ജോൺസൺ വെള്ളാപ്പുഴ എന്നിവരടക്കമുള്ളവരും സ്ഥലത്തുണ്ടായിരുന്നു.

ആറംഗങ്ങളുള്ള മുസ്ലീം ലീഗിന് ചെയർമാൻ സ്ഥാനം കൊടുത്താൽ അതാണ് അന്തസെന്നായിരുന്നു കോൺഗ്രസ് പ്രവർത്തകർ വികാരം കൊണ്ടത്. ഏഴു പേർ മത്സരിച്ച് അഞ്ചു പേരും തോറ്റ ശേഷവും ജോസഫ് പക്ഷത്തിന് ചെയർമാൻ സ്ഥാനം നൽകിയത് അംഗീകരിക്കാനാവില്ലെന്ന് പ്രവർത്തകർ പറയുന്നു.

ജോസഫ് വിഭാഗത്തിന് പിന്തുണ നൽകാൻ കോൺഗ്രസ് കൗൺസിലർമാർ തയാറാകില്ലെന്നും കോൺഗ്രസ് ഓഫീസിന് മുന്നിൽ വൻ പ്രതിഷേധം ഉയരുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നല്‍കി.

Advertisment