Advertisment

ഉള്‍നാടന്‍ ജലപാതകളുടെ വികസനത്തിന്പ്രത്യേക പാക്കേജ് വേണമെന്ന് തോമസ് ചാഴികാടന്‍ എംപി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: കേരളത്തിലെ ഉള്‍നാടന്‍ ജലപാതകളുടെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജ് രൂപീകരിക്കണമെന്ന് തോമസ് ചാഴികാടന്‍ എംപി. ലോക്‌സഭയില്‍ ബഡ്ജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഡ്ജറ്റ് പ്രസംഗത്തില്‍ റോഡ്, റെയില്‍ മാര്‍ഗമുള്ള ചരക്കു നീക്കം ജലപാതകളിലേക്കു കൂടി വ്യാപിപ്പിക്കുമെന്ന സൂചനയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ നല്‍കിയിരുന്നു. മറ്റു പല സംസ്ഥാനങ്ങളെയും ഈ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചു എങ്കിലും കേരളത്തിന് മതിയായ പരിഗണന ലഭിച്ചില്ല.

ജലപാതകളിലൂടെയുള്ള ചരക്കു നീക്കം ചെലവ് ചുരുങ്ങിയതും പരിസ്ഥിതി സൗഹൃദപരവുമാണെന്നും തോമസ് ചാഴികാടന്‍ ചൂണ്ടിക്കാട്ടി.

വെസ്റ്റ് കോസ്റ്റ് ജലപാത അഥവാ ദേശീയ ജലപാത - മൂന്ന് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 600 കിലോമീറ്ററിലേറെ ദൈര്‍ഘ്യത്തില്‍ ഏതാണ്ട് കേരളത്തിലൂടെ മുഴുവനായി തന്നെ കടന്നു പോകുന്നതാണ്.

ഇതില്‍ 168 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോട്ടപ്പുറം- കൊല്ലം ജലപാത കമ്മീഷന്‍ ചെയ്തു കഴിഞ്ഞു. ചമ്പക്കര കനാലും ഉദ്യോഗമണ്ഡല്‍ കനാലും 37 കിലോമീറ്റര്‍ നീളത്തില്‍ കൊച്ചിയിലെ വ്യവസായ കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു.

ആലപ്പുഴ-കോട്ടയം-അതിരമ്പുഴ, ആലപ്പുഴ-ചങ്ങനാശേരി, കോട്ടയം-വൈക്കം ജലപാതകള്‍ എല്ലാം തന്നെ തന്റെ നിയോജക മണ്ഡലത്തിലൂടെയാണ് കടന്നു പോകുന്നത്. ഇവയെല്ലാം തന്നെ ദേശീയ ജലപാതകളായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വേണ്ട വിധത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും തോമസ് ചാഴികാടന്‍ ചൂണ്ടിക്കാട്ടി.

ഈ ജലപാതകള്‍ക്കു പുറമേ നൂറു കണക്കിനു കിലോമീറ്റര്‍ ദൂരത്തില്‍ നിരവധി ഫീഡര്‍ കനാലുകളും ചരക്കു നീക്കത്തിനു പുറമേ വിനോദ സഞ്ചാരത്തിനും മത്സ്യബന്ധത്തിനും ശേഷിയുള്ളതാണ്. ഇക്കാര്യങ്ങള്‍ മുന്‍ നിര്‍ത്തി കേരളത്തിലെ ജലപാതകളുടെ വികസനത്തിനായി പ്രത്യേക പാക്കേജ് രൂപീകരിക്കണമെന്നും തോമസ് ചാഴികാടന്‍ ആവശ്യപ്പെട്ടു.

രാജ്യത്താകമാനും 13.2 ലക്ഷത്തോളം ചെറുകിട റബര്‍ കര്‍ഷകരാണുള്ളത്. ഇതില്‍ ഒമ്പതു ലക്ഷത്തോളും റബര്‍ കര്‍ഷകരും കേരളത്തിലാണുള്ളത്. റബര്‍ സംസ്ഥാന സമ്പദ് വ്യവസ്ഥയുടെ നിര്‍ണായക ഘടകമാണ്. നിര്‍ഭാഗ്യവശാല്‍ സ്വാഭാവിക റബറിന്റെ വിലയിടിവ് മൂലും കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്.

കര്‍ഷകര്‍ തുടര്‍ച്ചയായി ആവശ്യങ്ങളും പ്രതിഷേധങ്ങളും നടത്തിയിട്ടും അവഗണനയോടെയുള്ള സര്‍ക്കാര്‍ നയം തുടരുകയാണ്. സ്വാഭാവിക റബറിന് ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്താനുള്ള ഒരു പ്രഖ്യാപനവും ധനമന്ത്രിയുടെ ബഡ്ജറ്റ് പ്രസംഗത്തില്‍ ഇല്ലായിരുന്നുവെന്നും തോമസ് ചാഴികാടന്‍ ചൂണ്ടിക്കാട്ടി.

പെട്രോളിനും ഡീസലിനും യഥാക്രമം 2.60 രൂപയും 2.30 രൂപയും വര്‍ധിച്ചത് രാജ്യത്തെ ചരക്ക്, സേവനങ്ങളെ പ്രതികൂലമായി ബാധിക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെയാണ് ഇതേറെയും ബാധിക്കുന്നത്.

ഇന്ധന വില വര്‍ധിച്ചത് കേരളത്തെയാണ് ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുന്നതെന്നും വര്‍ധനവ് പിന്‍വലിക്കണമെന്നും തോമസ് ചാഴികാടന്‍ ആവശ്യപ്പെട്ടു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് കേന്ദ്ര ബഡ്ജറ്റില്‍ ഒരിടത്തു പോലും പരാമര്‍ശിച്ചിട്ടില്ലെന്ന് തോമസ് ചാഴികാടന്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തെ ലക്ഷക്കണക്കിന് തൊഴിലാളികളാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിദിന വേതനം വര്‍ധിപ്പിക്കണമെന്നും വര്‍ധിപ്പിച്ച തുക അരിയേഴ്‌സ് ആയി നല്‍കണമെന്നും തോമസ് ചാഴികാടന്‍ ആവശ്യപ്പെട്ടു.

തൊണ്ട് നീക്കം ചെയ്ത കാപ്പിക്കുരുവിന് ആദായ നികുതി ചുമത്തുന്ന നിയമം നീക്കം ചെയ്താല്‍ ചെറുകിട കാപ്പി കൃഷിക്കാര്‍ക്ക് നേരിട്ട് വിപണിയില്‍ വില്‍പന നടത്താന്‍ കഴിയുകയും അതു വഴി കാപ്പി കൃഷിയുടെ അനുബന്ധ തൊഴിലാളികള്‍ക്ക് കൂലി വര്‍ധന ഉള്‍പ്പടെ നേട്ടമുണ്ടാകുമെന്നും തോമസ് ചാഴികാടന്‍ ചൂണ്ടിക്കാട്ടി.

പ്ലാന്റേഷന്‍ ലേബര്‍ നിയമവും ടീ ആക്ടും ഉള്‍പ്പടെ പഴയ നിയമങ്ങള്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ടു തന്നെ വ്യാവസായി സൗഹാര്‍ദപരമായി പരിഷ്‌കരിക്കണമെന്നും തോമസ് ചാഴികാടന്‍ എംപി ആവശ്യപ്പെട്ടു.

പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം നിര്‍ത്തുന്നതിനൊപ്പം തന്നെ പരിസ്ഥിതി സൗഹൃദപരമായ പേപ്പര്‍ ക്യാരി ബാഗുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം. എന്നാല്‍, പേപ്പര്‍ ബാഗുകള്‍ക്കും ഇവയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ക്കും 18 ശതമാനം ജിഎസ്ടിയാണ് ചുമത്തിയിരിക്കുന്നത്.

ഇക്കാര്യം ജിഎസ്ടി കൗണ്‍സിലിന്റെ ശ്രദ്ധയില്‍ പെടുത്തണമെന്നും പേപ്പര്‍ ക്യാരി ബാഗുകളുടെ ജിഎസ്ടി അഞ്ചു ശതമാനമാക്കി കുറയ്ക്കണമെന്നും തോമസ് ചാഴികാടന്‍ ആവശ്യപ്പെട്ടു.

chazhikadan
Advertisment