Advertisment

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ സിപിഎമ്മിലും കലഹം ! റെയ്ഡ് നടത്തിയവര്‍ക്ക് വട്ടാണെന്ന തോമസ് ഐസക്കിന്റെ പരാമര്‍ശം ലക്ഷ്യമിടുന്നത് ആരെ ? റെയ്ഡില്‍ ഗൂഢാലോചനയെന്നു ആനത്തലവട്ടം ആനന്ദന്‍. പരാതിക്കാരനാരെന്നു പറയണമെന്നും ആനത്തലവട്ടം ! റെയ്ഡില്‍ മുഖ്യമന്ത്രിയുടെ നിലപാടിനു ശേഷം പ്രതികരണമെന്നു തീരുമാനിച്ച് സംസ്ഥാന സെക്രട്ടറിയും. കെഎസ്എഫ്ഇയില്‍ വിജിലന്‍സിനു പിന്നാലെ ഇഡിയും വരുമോയെന്ന് ഐസക്കിന് ആശങ്ക

New Update

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിനെച്ചൊല്ലി സിപിഎമ്മില്‍ കലഹം രൂക്ഷമാകുന്നു. റെയ്ഡ് നടത്തിയവര്‍ക്ക് വട്ടാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞതിനു പിന്നാലെ കൂടുതല്‍ നേതാക്കളാണ് റെയ്ഡിനെതിരെ രംഗത്തുവന്നത്. ധനവകുപ്പിനു കീഴിലെ സ്ഥാപനത്തില്‍ ആഭ്യന്തര വകുപ്പിന്റെ പരിശോധന പാര്‍ട്ടി കേന്ദ്രങ്ങളില്‍ അമ്പരപ്പുളവാക്കിയിട്ടുണ്ട്.

Advertisment

publive-image

റെയ്ഡിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ആനത്തലവട്ടം ആനന്ദന്റെ നിലപാട്. ആരാണ് പരാതിക്കാരെന്ന് വെളിപ്പെടുത്തണം. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് വേണ്ടിയാണ് റെയ്ഡ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

റെയ്ഡിന്റെ പ്രത്യാഘാതം എന്താണെന്ന് സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചില്ല. സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കുകയാണ് ലക്ഷ്യം. വിജിലന്‍സിനെ അവര്‍ ആയുധമാക്കുകയാണ്. എന്താണ് നടക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ആനത്തലവട്ടം ആനന്ദന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി തന്നെ നിയന്ത്രിക്കുന്ന വിജിലന്‍സ്, ധനവകുപ്പില്‍ റെയ്ഡ് നടത്തിയതില്‍ പല നേതാക്കള്‍ക്കും അഭിപ്രായഭിന്നതയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് റെയ്ഡ് നടത്തിയത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

ധനമന്ത്രിയുടെ വിശ്വാസ്യത കൂടുതല്‍ തകര്‍ക്കാനേ റെയ്ഡ് ഉപകരിക്കൂ എന്നാണ് ഭൂരിഭാഗം നേതാക്കളുടെയും പക്ഷം. നേരത്തെ കിഫ്ബിയും സിഎജിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഐസകിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ധനവകുപ്പിന്റെ കീഴിലെ കെഎസ്എഫ്ഇയിലും കള്ളപ്പണ ഇടപാടുണ്ടെന്ന കണ്ടെത്തല്‍ വരുന്നത്.

ഇതു മന്ത്രി തോമസ് ഐസകിനെ ദോഷകരമായി ബാധിക്കും. അതുകൊണ്ടുതന്നെയാണ് പരിധികടന്ന വിമര്‍ശനം തന്നെ തോമസ് ഐസക് നടത്തിയത്. വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പ്രതികരിച്ചത് പക്ഷേ കരുതലോടെയായിരുന്നു. റെയ്ഡ് സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തശേഷം നിലപാട് സ്വീകരിക്കാമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ഇതുവരെ പുറത്തുവന്നിട്ടില്ല. അദ്ദേഹം കൂടി അറിഞ്ഞാണ് റെയ്‌ഡെങ്കില്‍ അതു തോമസ് ഐസക്കിനെ തന്നെ ലക്ഷ്യമിട്ടാണെന്നു ഉറപ്പാണ്. എന്നാല്‍ സിഎജി വിഷയത്തില്‍ തോമസ് ഐസക് റിപ്പോര്‍ട്ട് പുറത്തുവിട്ടത് പിണറായിയുമായി ആലോചിച്ചു തന്നെയാണെന്നാണ് പുറത്തുവരുന്ന വിവരം.

അങ്ങനെയെങ്കില്‍ റെയ്ഡിന്റെ യഥാര്‍ഥ ലക്ഷ്യമറിയാന്‍ കുറച്ചു ദിവസങ്ങള്‍ക്കൂടി കാത്തിരിക്കണം. കെഎസ്എഫ്ഇയില്‍ ചിട്ടിയുടെ മറവില്‍ കള്ളപ്പണം വെളുപ്പിക്കുന്നതായി നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനായി ചില ജീവനക്കാര്‍ പ്രത്യേകം സംഘം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതായും വിവരങ്ങളുണ്ടായിരുന്നു.

Thomas issac
Advertisment