Advertisment

600 രൂപ പെന്‍ഷന്‍ 18 മാസമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കുടിശിക വരുത്തിയത്; അവരാണ് ക്ഷേമപെന്‍ഷന്‍ 3000 ആക്കും എന്ന വ്യാമോഹം വിതറി വോട്ടു പിടിക്കാനിറങ്ങുന്നത്; എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ 2500 രൂപ പറഞ്ഞപ്പോള്‍, അതില്‍ നിന്ന് 500 കൂട്ടി ഒരു വാഗ്ദാനം ഫിറ്റു ചെയ്തത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ശ്രമം; അപഹാസ്യമായ പ്രകടന പത്രികയിലൂടെ ജനങ്ങളുടെ ഓര്‍മ്മ ശക്തിയെ തീക്കൊള്ളി കൊണ്ട് മാന്തുകയാണ് യുഡിഎഫെന്ന് തോമസ് ഐസക്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: അപഹാസ്യമായ പ്രകടനപത്രികയിലൂടെ ജനങ്ങളുടെ ഓര്‍മ്മ ശക്തിയെ തീക്കൊള്ളി കൊണ്ട് മാന്തുകയാണ് യുഡിഎഫെന്ന് ധനമന്ത്രി തോമസ് ഐസക്. 600 രൂപ പെന്‍ഷന്‍ 18 മാസമാണ് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കുടിശിക വരുത്തിയത്. അവരാണ് ക്ഷേമപെന്‍ഷന്‍ 3000 ആക്കും എന്ന വ്യാമോഹം വിതറി വോട്ടു പിടിക്കാനിറങ്ങുന്നത്.

Advertisment

publive-image

അര്‍ഹതയുള്ളത് യഥാസമയം വിതരണം ചെയ്യാത്തവരുടെ വ്യാമോഹവില്‍പനയെ കേരളജനത പുച്ഛിച്ചു തള്ളും. യുഡിഎഫിന്റെ ക്ഷേമ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനാവാത്ത പ്രഹസനങ്ങളായി മാറിയിരിക്കുകയാണെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

ചെയ്തു തീര്‍ത്ത കാര്യങ്ങളും ചെയ്യാനുള്ള കാര്യങ്ങളും വിശദീകരിക്കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ടുമായിട്ടാണ് ഞങ്ങള്‍ ജനങ്ങളെ സമീപിക്കുന്നത്. 2011ല്‍ നല്‍കിയ എത്ര വാഗ്ദാനങ്ങള്‍ 2016 വരെയുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കി എന്നു കൂടി ജനങ്ങളോട് തുറന്നു പറയാനുള്ള ബാധ്യത യുഡിഎഫിനുണ്ട്. അത്തരമൊരു താരതമ്യത്തിനുള്ള തന്റേടം പ്രതിപക്ഷ നേതാവിനുണ്ടോ എന്നാണ് ഞങ്ങളുടെ വെല്ലുവിളി.

2006ലെ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ എന്തായിരുന്നു സ്ഥിതി? അന്ന് 110 രൂപയായിരുന്ന പെന്‍ഷന്‍ രണ്ടര വര്‍ഷം കുടിശിക വരുത്തിയിട്ടാണ് എ കെ ആന്റണി സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത്. ആ കുടിശിക കൊടുത്തു തീര്‍ത്ത ശേഷമാണ് വിഎസ് സര്‍ക്കാര്‍ ഭരണം തുടങ്ങിയത്. ഞങ്ങള്‍ അത് 500 രൂപയാക്കി ഉയര്‍ത്തി എന്നു മാത്രമല്ല, ആ സര്‍ക്കാരിന്റെ കാലത്ത് ഒരു രൂപ പോലും കുടിശികയുമുണ്ടായിരുന്നില്ല.

പിന്നീട് ഉമ്മന്‍ ്ചാണ്ടി സര്‍ക്കാര്‍ വന്നു. അവരുടെ ഭരണം അവസാനിച്ചപ്പോള്‍ 600 രൂപ പെന്‍ഷന്‍ 18 മാസം കുടിശിക. ആ കുടിശിക കൊടുത്തു തീര്‍ത്തത് ഇപ്പോഴത്തെ സര്‍ക്കാര്‍. ഇതുവരെ ഒരു രൂപയും കുടിശിക വന്നിട്ടില്ലെന്നു മാത്രമല്ല, പെന്‍ഷന്‍ 600ല്‍ നിന്ന് 1600 രൂപയായി ഉയരുകയും ചെയ്തു.

2006 മുതല്‍ ഇതുവരെയുള്ള കാലമെടുത്താല്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ 110ല്‍ നിന്ന് 1600 രൂപയായി. അതില്‍ യുഡിഎഫ് സര്‍ക്കാര്‍ വരുത്തിയത് വെറും 100 രൂപയുടെ വര്‍ദ്ധന. അതു തന്നെ ഒന്നര വര്‍ഷം കുടിശികയുമാക്കി. ഇക്കൂട്ടരാണ് പെന്‍ഷന്‍ 3000 ആക്കുമെന്ന വാഗ്ദാനവുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ 2500 രൂപ പറഞ്ഞപ്പോള്‍, അതില്‍ നിന്ന് 500 കൂട്ടി ഒരു വാഗ്ദാനം ഫിറ്റു ചെയ്തത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ശ്രമം. അങ്ങനെ അവരുടെ ഓര്‍മ്മശക്തിയെ പരിഹസിക്കുകയാണ് യുഡിഎഫ്.

പെന്‍ഷന്റെ കാര്യത്തില്‍ 500 രൂപ കൂട്ടി വെയ്ക്കാന്‍ വേണ്ടി തങ്ങളുടെ മാനിഫെസ്റ്റോ വെച്ചു താമസിപ്പിക്കുകയാണ് യുഡിഎഫ് ചെയ്തത് എന്ന് ഇപ്പോള്‍ വ്യക്തമായി. ക്ഷേമ ആനുകൂല്യങ്ങള്‍ എല്‍ഡിഎഫ് എന്തു പറയുന്നോ അതിന് മുകളില്‍ പ്രഖ്യാപിക്കുവാനുള്ള അടവായിരുന്നു അത്.

അങ്ങനെ ചിലത് കൂട്ടി വച്ചപ്പോള്‍ അവര്‍ ആദ്യം നടത്തിയ പ്രഖ്യാപനങ്ങളില്‍ മാറ്റം വരുത്തുവാന്‍ അവര്‍ വിട്ടു പോയി. അതിന്റെ ഫലമായി യുഡിഎഫിന്റെ ക്ഷേമ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനാവാത്ത പ്രഹസനങ്ങളായി മാറിയിരിക്കുന്നു.

Thomas issac thomas issac speaks
Advertisment