Advertisment

കോതമംഗലം പള്ളി ഏറ്റെടുക്കുന്നതു സംബന്ധിച്ച് ഉത്തരവിട്ടാൽ പച്ചയ്ക്ക് കത്തിക്കുമെന്ന് ഭീഷണി ; ജഡ്ജിയുടെ വെളിപ്പെടുത്തൽ 

New Update

കൊച്ചി : കോതമംഗലം പള്ളി ഏറ്റെടുക്കുന്നതു സംബന്ധിച്ച് ഉത്തരവിട്ടാൽ ജഡ്ജിയെ പച്ചയ്ക്ക് കത്തിക്കുമെന്ന് ഭീഷണിക്കത്ത്. ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഓർത്തഡോക്സ് വിശ്വാസികൾ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് പി.ബി. സുരേഷ് കുമാറാണ് തനിക്ക് ഭീഷണിക്കത്ത് ലഭിച്ച വിവരം വെളിപ്പെടുത്തിയത്. കത്ത് റജിസ്ട്രിക്ക് കൈമാറിയതായി അദ്ദേഹം അറിയിച്ചു.

Advertisment

publive-image

കോടതിയലക്ഷ്യക്കേസിൽ എറണാകുളം ജില്ലാ കലക്ടറോട് ഇന്ന് കോടതിയിൽ ഹാജരാകണമെന്നാണ് നേരത്തെ നിർദേശിച്ചിരുന്നത്. എന്നാൽ ഇന്ന് കേസ് പരിഗണിക്കുമ്പോൾ കലക്ടർ ഹാജരാകാതിരുന്നതോടെ ജഡ്ജി രൂക്ഷ വിമർശനമാണ് ഉയർത്തിയത്.

തുടർന്ന് അഞ്ചു മിനിറ്റിനകം കലക്ടർ ഹാജരാകണമെന്നും അല്ലെങ്കിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിടേണ്ടി വരും എന്നും പറഞ്ഞതോടെ കലക്ടർ എസ്. സുഹാസ് മറ്റ് പരിപാടികൾ മാറ്റിവച്ച് കോടതിയിലെത്തി. കേസ് എടുക്കുമ്പോൾ കലക്ടറെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് അറ്റോർണിയും കോടതിയിൽ ഇല്ലാതിരുന്നതാണ് ജഡ്ജിയെ കൂടുതൽ പ്രകോപിപ്പിച്ചത്.

തുടർന്ന് കോടതിയിലെത്തിയ കലക്ടറെ രൂക്ഷമായ ഭാഷയിലാണ് ജഡ്ജി ശാസിച്ചത്. സർക്കാരിന് ഉത്തരവ് നടപ്പാക്കാ‍ൻ സാധിക്കുകയില്ലെങ്കിൽ സായുധ സേനയെ ഉപയോഗിച്ച് നടപ്പാക്കുമെന്നും ജില്ലാ കലക്ടറെ ജയിലിൽ അടയ്ക്കുന്നത് ഉൾപ്പടെയുള്ള നടപടികളിലേക്കു പോകേണ്ടി വരുമെന്നും വ്യക്തമാക്കി. കോടതിയലക്ഷ്യ നടപടികളെക്കുറിച്ച് കലക്ടർ ബോധവാനല്ലേ എന്നും അദ്ദേഹം ചോദിച്ചു.

ക്രമസമാധാന പ്രശ്നം ഉന്നയിച്ച് വിധി നടപ്പാക്കാത്തത് സർക്കാരിന് നാണക്കേടാണ്. ഉത്തരവ് കലക്ടർ എപ്രകാരമാണ് നടപ്പാക്കാൻ പോകുന്നത് എന്നു കാണിച്ച് വിശദമായ പദ്ധതി തയാറാക്കി തിങ്കളാഴ്ചയ്ക്ക് മുൻപ് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് തിങ്കളാഴ്ച വിധി പറയുന്നതിന് മാറ്റിവച്ചു.

church issue judge orthodox church
Advertisment