Advertisment

അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട 2 യുവാക്കള്‍ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരപകടത്തില്‍ ദാരുണാന്ത്യം ; ഇവരുടെ വാഹനത്തിന്റെ തകരാര്‍ പരിഹരിക്കാനെത്തിയ മെക്കാനിക്കും കൊല്ലപ്പെട്ടു ; സംഭവം തെന്മലയില്‍

New Update

തെന്മല : അപകടത്തിൽ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട 2 യുവാക്കൾക്ക് മണിക്കൂറുകൾക്കുള്ളിൽ മറ്റൊരപകടത്തിൽ ദാരുണാന്ത്യം. ഇവരുടെ വാഹനത്തിന്റെ തകരാർ പരിഹരിക്കാനെത്തിയ തമിഴ്നാട് സ്വദേശിയും മരിച്ചു.

Advertisment

publive-image

കൊല്ലം – തിരുമംഗലം ദേശീയപാതയിൽ തമിഴ്നാട്ടിലെ തെങ്കാശി വാസുദേവനല്ലൂരിനു സമീപം ടൂറിസ്റ്റ് ബസിടിച്ചാണു കൊല്ലം സ്വദേശികളായ യുവാക്കളടക്കം 3 പേർ മരിച്ചത്. കല്ലുവാതുക്കൽ അടുതല കൂരാപ്പള്ളി വാളകത്ത് ജിജു വിലാസത്തിൽ ജിജു തോമസ് (31), മാതൃസഹോദര പുത്രൻ കടയ്ക്കൽ മണ്ണൂർ മാങ്കുഴിക്കൽ പുത്തൻവീട്ടിൽ സിഞ്ചു കെ. നൈനാൻ (37) എന്നിവരാണു മരിച്ച മലയാളികൾ.

റിക്കവറി വാഹനത്തിന്റെ ഡ്രൈവറും ശിവകാശി സ്വദേശിയുമായ രാജശേഖർ (50) ആണു മരിച്ച മൂന്നാമൻ. തിങ്കൾ പുലർച്ചെ 4ന് അരുണാച്ചി മെയിൻ റോഡിനു സമീപത്തായിരുന്നു അപകടം. മകളുടെ ഒന്നാം പിറന്നാൾ ആഘോഷത്തിനായി ഒരാഴ്ച മുൻപ് ദുബായിൽ നിന്നെത്തിയ ജിജു ബന്ധുക്കൾക്കൊപ്പം വേളാങ്കണ്ണിയിൽ പോയി മടങ്ങുകയായിരുന്നു. ഇതിനിടെ ഇവർ സഞ്ചരിച്ചിരുന്ന വാൻ ടയർ പൊട്ടി നിയന്ത്രണം വിട്ട് ദേശീയപാതയിലെ ഡിവൈഡറിൽ തട്ടി നിന്നു.

വാഹനം ഓടിച്ചു പോകാൻ സാധിക്കില്ലെന്നു മനസ്സിലായതോടെ ജിജുവിന്റെ ഭാര്യ ജിബി, മകൾ ജോന, മാതാവ് ചിന്നമ്മ, സഹോദരി ജിജി, സഹോദരീഭർത്താവ് ജിജോ എന്നിവരെ ഇതുവഴിയെത്തിയ ബസിൽ കയറ്റി വിട്ടു. തുടർന്ന് സമീപത്തെ വർക്​ഷോപ്പിൽ വിവരം അറിയിച്ചു. രാജശഖറെത്തി അപകടത്തിൽപെട്ട വാഹനം റിക്കവറി വാൻ ഉപയോഗിച്ചു നീക്കാൻ ശ്രമിക്കുന്നതിനിടെ കോയമ്പത്തൂരിൽ നിന്നു ചെങ്കോട്ടയ്ക്കു പോയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

മൂവരും സംഭവസ്ഥലത്തു മരിച്ചു. ബസ് ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിനു കാരണമെന്നറിയുന്നു. ഇരുവരുടെയും സംസ്കാരം പിന്നീട്. ജിജു മറ്റന്നാൾ ദുബായിലേക്കു മടങ്ങാനിരിക്കുകയായിരുന്നു. വിദേശത്തായിരുന്ന സിഞ്ചു അടുത്തിടെയാണു നാട്ടിലെത്തിയത്. നൈനാന്റെയും അമ്മിണിക്കുട്ടിയുടെയും മകനാണ്. ഭാര്യ നിഷ. മകൾ: അഭിയ.

Advertisment