Advertisment

തൃശൂർ പൂരം കാണാൻ എത്തുന്നവർക്ക് വാക്സീൻ രണ്ട് ഡോസ് നിർബന്ധമാക്കി; പാപ്പാന്‍മാര്‍ കോവിഡ് നെഗറ്റീവ് അല്ലെങ്കില്‍ ആനകളെ തൃശ്ശൂർ പൂരത്തില്‍ പങ്കെടുപ്പിക്കില്ല; ഹെലികാം, ഡ്രോണ്‍, ജിമ്മി ജിബ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവയ്ക്ക് നിരോധനം

New Update

publive-image

Advertisment

തൃശൂർ: തൃശൂർ പൂരം കാണാൻ എത്തുന്നവർ കൊവിഡ് വാക്സീൻ രണ്ട് ഡോസുകളും എടുത്തിരിക്കണമെന്നത് നിർബന്ധമാക്കി ഉത്തരവിറങ്ങി. രണ്ടു ഡോസ് വാക്സീൻ എടുക്കാത്തവർക്ക് ആർ.ടി.പി.സി.ആർ പരിശോധന വേണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ പ്രത്യേക ഉത്തരവിൽ പറയുന്നു.

അതേ സമയം കർശന നിബന്ധനയെങ്കിൽ പൂരം നടത്തിപ്പ് പ്രയാസമാകുമെന്നും കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം പ്രതികരിച്ചു.

പാപ്പാന്‍മാര്‍ കോവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ആനകളെ തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കൂ എന്ന് വനംവകുപ്പ് വ്യക്തമാക്കി. ആനകളുടെ പാപ്പാന്‍മാര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകുകയും രോഗബാധ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം.

പൂരത്തില്‍ പങ്കെടുക്കുന്ന ആനകളുടെ ആരോഗ്യനില പരിശോധിക്കുന്നതിന് നാല്‍പത് അംഗ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

പൂരത്തിനോടനുബന്ധിച്ച് ക്രമസമാധാന പരിപാലനം ഉറപ്പാക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പ്രത്യേക ഉത്തരവിറക്കി. പൂരം നടക്കുന്ന തീയതികളില്‍ ഹെലികോപ്റ്റര്‍, ഹെലികാം എയര്‍ഡ്രോണ്‍, ജിമ്മിജിബ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവയുടെ ഉപയോഗം വടക്കുന്നാഥന്‍ ക്ഷേത്ര മൈതാനത്തിനു മുകളിലും സ്വരാജ് റൗണ്ടിലും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

കൂടാതെ കാഴ്ചകള്‍ മറയ്ക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകള്‍, ആനകള്‍ക്കും പൊതുജനങ്ങള്‍ക്കും അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന വിസിലുകള്‍, വാദ്യങ്ങള്‍ മറ്റുപകരണങ്ങള്‍ ലേസര്‍ ലൈറ്റുകള്‍ എന്നിവയുടെ ഉപയോഗവും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

Advertisment