Advertisment

തുഷാർ വെള്ളാപ്പള്ളിക്ക് ഇന്നു തന്നെ ജാമ്യം ലഭിച്ചേക്കും; തുഷാറിന്റെ ജാമ്യത്തിനായി യൂസഫലി ഇടപെടുന്നു: ജാമ്യത്തുക കെട്ടിവച്ച് ഉടൻ തന്നെ പുറത്തിറക്കാൻ ശ്രമം

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

ദുബായ്: അജ്മാനിൽ അറസ്റ്റിലായ തുഷാർ വെള്ളാപ്പള്ളിയ്ക്ക് ഉടൻ ജാമ്യം ലഭിക്കുമെന്ന് അറിയുന്നു. തുഷാറിന്റെ ജാമ്യത്തിനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും ഇടപെടുന്നുണ്ട്.

Advertisment

ജാമ്യത്തുക കെട്ടിവച്ച് ഉടൻ തന്നെ പുറത്തിറക്കാനാണ് ശ്രമിക്കുന്നത്. ഇന്ന് ജാമ്യം ലഭിക്കാത്ത പക്ഷം ഞായറാഴ്ച വരെ ജയിലിൽ കഴിയേണ്ട സാഹചര്യം വരുമെന്നതിനാലാണ് അടിയന്തര ഇടപെടൽ നടത്തുന്നത്.

publive-image

തുഷാർ വെള്ളാപ്പള്ളി പത്തുവർഷം മുമ്പ് നിർത്തിപ്പോയ ബോയിങ് കൺസ്ട്രക്ഷൻ കമ്പനിയുടെ പേരിലുള്ള ചെക്കാണു പ്രശ്നമായത്. കമ്പനിയുടെ ഉപകരാർ നൽകിയിരുന്നത് തൃശൂർ സ്വദേശി നാസിൽ അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളെത്തുടർന്ന് കമ്പനി നിർത്തിയപ്പോൾ നാസിൽ അബ്ദുല്ലയ്ക്കു നൽകാനുണ്ടായ പണത്തിനാണ് ചെക്ക് നൽകിയത്.

പത്തുലക്ഷം ദിർഹം (19 കോടി രൂപ) നൽകാനുണ്ടായിരുന്നെന്നാണ് നാസിൽ അബ്ദുല്ല ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നാട്ടിലെ തുഷാർ വെള്ളാപ്പള്ളിയുടെ സ്വാധീനം മൂലം അവിടെ നടപടികൾക്ക് കഴിയില്ലെന്ന് കണ്ടാണ് ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാം എന്ന നിലയിൽ ദുബായിലേക്ക് വിളിച്ചു വരുത്തിയത്. ഇതോടൊപ്പം അജ്മാൻ പൊലീസിൽ കേസ് നൽകുകയുമായിരുന്നു. അജ്മാനിലെ ഹോട്ടലിൽ ചൊവ്വ വൈകിട്ടാണ് അറസ്റ്റ് നടന്നത്.

അതേസമയം, ഇത്രയധികം പണം നൽകാനില്ലെന്നാണ് തുഷാർ വെള്ളാപ്പള്ളിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. തന്നെയുമല്ല പത്തുവർഷം മുൻപു നിർത്തിപ്പോയ ബോയിങ് കമ്പനിയുടെ പേരിലാണ് ചെക്ക് നൽകിയത് എന്നതിനാൽ കേസിന് ദുർബലമായ അടിത്തറയാണുള്ളത്. കൂടാതെ ചെക്ക് നൽകിയ സമയത്ത് തുഷാർ ദുബായിൽ ഇല്ലായിരുന്നെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

തുഷാറിന്റെ കമ്പനിയിൽ മുമ്പ് ഉണ്ടായിരുന്ന വിശ്വസ്തനാണ് ബ്ലാങ്ക് ചെക്ക് തൃശൂർ സ്വദേശിക്കു നൽകിയതെന്നാണ് അറിയുന്നത്. നാട്ടിൽ നിന്ന് വെള്ളാപ്പള്ളിയുടെ അഭ്യർഥന പ്രകാരം എം.എ യൂസഫലി ഇടപെട്ട് ഇരുവിഭാഗവുമായി ചർച്ചകൾ നടത്തുന്നുണ്ട്. തുക അടിയന്തരമായി കെട്ടിവച്ച് ആദ്യം തന്നെ തുഷാറിന് ജാമ്യം നൽകാനാണ് ശ്രമിക്കുന്നത്.

Advertisment