അവനി ഒരാഴ്ചയായി പട്ടിണിയായിരുന്നു; വെടിയേറ്റ് കൊല്ലപ്പെട്ട കടുവയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, November 8, 2018

Tigress Avni's post mortem report shows she hadn't eaten for a week

മുംബൈ: അധികൃതര്‍ വെടിവെച്ച് കൊന്ന ടി1 എന്ന്  ഔദ്യോഗികമായി അറിയപ്പെടുന്ന അവനി എന്ന പെണ്‍കടുവയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഒരാഴ്ചയായി അവനി യൊതൊരു വിധ ഭക്ഷണവും കഴിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അവനിയുടെ രണ്ട് കുട്ടികളും പട്ടിണി കിടന്ന് മരിച്ചേക്കാം എന്നതിനാല്‍ അവര്‍ക്കായുള്ള തെരച്ചില്‍ നടത്തുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. എന്നാല്‍ ആ കടുവ കുട്ടികളുടെ ജീവന്‍ രക്ഷിക്കല്‍ എളുപ്പമാകില്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.  കടുവയുടെ ത്വക്കിന്‍റെ സാംപിള്‍, പേശിയുടെ ഭാഗം എന്നിവ ശേഖരിച്ച് രാസപരിശോധന നടത്തും. മാരക വിഷമായ ക്സൈലസിന്‍, കെറ്റമിന്‍, അല്ലെങ്കില്‍ മറ്റൊരു മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും.

മഹാരാഷ്ട്രയില്‍ രണ്ട് വര്‍ഷത്തിനിടെ 13 പേരെ കൊലപ്പെടുത്തിയെന്ന് ആരോപിച്ചാണ് അവനിയെ വെടിവെച്ചു കൊന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി യവത്മാല്‍ മേഖലയില്‍ വെച്ചാണ് അവനിയെ വെടിവെച്ചു കൊന്നത്. സെപ്തംബറില്‍ അവനിയെ വെടിവച്ച് കൊല്ലാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഉപദ്രവകാരിയായ നരഭോജി കടുവയെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതികളെ തുടര്‍ന്നായിരുന്നു ഉത്തരവ്. പ്രശസ്ത കടുവാപിടിത്തക്കാരന്‍ ഷാഫത്ത് അലി ഖാന്റെ പുത്രന്‍ അസ്ഗര്‍ അലിയാണ് കടുവയെ വെടിവെച്ചുകൊന്നത്.

അവനിയ്ക്ക് വേണ്ടി കഴിഞ്ഞ മൂന്ന് മാസമായി അധികൃതര്‍ കാടിളക്കി അന്വേഷണം നടത്തുകയായിരുന്നു. ട്രാപ് ക്യാമറകള്‍, ഡ്രോണുകള്‍, ഗ്ലൈഡറുകള്‍, തെര്‍മല്‍ ഇമേജിങ് സംവിധാനമുള്ള ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിയത്. ഇതുകൂടാതെ പരിശീലനം ലഭിച്ച നായകള്‍, 150 ഏറ്റുമുട്ടല്‍ വിദഗ്ധര്‍, ആനകള്‍ എന്നിവയെയും അന്വേഷണത്തിനായി ഉപയോഗിച്ചിരുന്നു. പത്ത് മാസം പ്രായമുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് അവനിയെന്നും അതുകൊണ്ട് കടുവയെ കൊല്ലാതെ ജീവനോടെ പിടികൂടണമെന്നും ആവശ്യപ്പെട്ട് മൃഗ സംരക്ഷണ പ്രവര്‍ത്തകന്‍ ജെറി എ ബനൈറ്റ് സെപ്തംബര്‍ 11ന് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി നിരാകരിച്ച സുപ്രീം കോടതി കടുവയെ കാണുന്ന മാത്രയില്‍ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിടുകയായിരുന്നു.

അതേസമയം വനംവകുപ്പ് അവനിയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്രമന്ത്രി മനേക ഗാന്ധിയും തമ്മില്‍ തര്‍ക്കം നടക്കുകയാണ്. അവനി ദാരുണമായി കൊലചെയ്യപ്പെട്ടുവെന്നും സംസ്ഥാന വനവകുപ്പു മന്ത്രി സുധീര്‍ മുന്‍ഗംടിവാര്‍ രാജിവയ്ക്കണമെന്നും മനേക ആവശ്യപ്പെട്ടു. എന്നാല്‍ കടുവയെ വെടിവെച്ചു കൊന്നതിന്റെ പേരില്‍ തന്റെ രാജി തേടിയ കേന്ദ്രമന്ത്രി മനേക ഗാന്ധിയാണ് ആദ്യം രാജിവെയ്‌ക്കേണ്ടതെന്നു മസുധീര്‍ മുന്‍ഗന്‍തിവാര്‍ തിരിച്ചടിച്ചിരുന്നു. പോഷകാഹാരക്കുറവു മൂലം കുട്ടികള്‍ മരിക്കുന്നതിന്റെ ഉത്തരവാദിത്വം കേന്ദ്ര വനിതശിശുക്ഷേമ മന്ത്രി മനേകയ്ക്കാണെന്നും അതിനാല്‍ രാജിവെയ്ക്കണമെന്നുമാണ് സുധീര്‍ മുന്‍ഗന്‍തിവാര്‍ ആവശ്യപ്പെട്ടത്.

×