Advertisment

ഏതു നിമിഷം വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ബോംബായി കുവൈറ്റിലെ റിയല്‍ എസ്‌റ്റേറ്റ് മേഖല മാറിയെന്ന് വിദഗ്ധര്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഏത് നിമിഷം വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ടൈം ബോംബായി കുവൈറ്റിലെ റിയല്‍ എസ്‌റ്റേറ്റ് മേഖല മാറിയെന്ന് വിദഗ്ധര്‍. കൊവിഡ് വ്യാപനം മൂലം സംഭവിച്ചതിനേക്കാള്‍ പ്രത്യാഘാതങ്ങള്‍ ഈ മേഖലയ്ക്ക് അതോടെ സംഭവിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണും കര്‍ഫ്യൂവും മൂലം പല ബിസിനസുകളുടെ പ്രവര്‍ത്തനം അവതാളത്തിലായത് പലര്‍ക്കും വാടക നല്‍കാന്‍ കഴിഞ്ഞില്ല. വാടക നല്‍കാത്തവരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പത്ത് ലക്ഷത്തോളം കേസുകള്‍ കോടതി പരിശോധിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവിഡ് വ്യാപനം മൂലമുണ്ടായ വാടക തര്‍ക്കങ്ങള്‍ റിയല്‍ എസ്റ്റേറ്റ് ഉടമകളും വാടകക്കാരും സമവായത്തിലൂടെ പരിഹരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.

ജുഡീഷ്യല്‍ മാര്‍ഗത്തിലൂടെ പരിഹാരം കണ്ടെത്തുന്നത് പ്രായോഗികമല്ലെന്നും മാത്രമല്ല ഇതിലൂടെ വളരെയധികം സമയം നഷ്ടപ്പെടുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രവുമല്ല, ഇത്തരം പ്രതിസന്ധിഘട്ടത്തില്‍ നിയമപ്രകാരം വാടകക്കാരനെ സംരക്ഷിക്കുന്ന തീരുമാനമായിരിക്കും ഉണ്ടാവുകയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കൊവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ സാരമായി ബാധിച്ചെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. വാടക, തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്നും അല്ലാത്തപക്ഷം വന്‍ പ്രത്യാഘാതങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സംഭവിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Advertisment