നെയ്യാറ്റിന്‍കര ആത്മഹത്യ: വീടിന്റെ ജപ്തി മറയാക്കി ചന്ദ്രനും അമ്മയും…ആദ്യം തന്നെ ബാങ്കിന് പഴി…മാധ്യമങ്ങളോട് ചന്ദ്രന്‍ സംസാരിച്ചപ്പോള്‍ മകളും ഭാര്യയും നഷ്ടപ്പെട്ടതിന്റെ യാതൊരും വിഷമവും മുഖത്ത് നിഴലിച്ചില്ല…ആ ഭാവത്തില്‍ നിന്ന് തന്നെ പോലീസ് ചന്ദ്രനെ നോട്ടമിട്ടിരുന്നു….ജപ്തിയെ മറയാക്കിയ ചന്ദ്രനെ കുടുക്കിയത് തീ ആളികത്തിയ മുറിയില്‍ നിന്നും ലഭിച്ച കുറിപ്പുകള്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, May 15, 2019

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച ആത്മഹത്യയായിരുന്നു നെയ്യാറ്റിന്‍കരയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യ. കിട്ടാക്കടം തിരിച്ചടക്കാനുള്ള സമയപരിധി ഇന്നലെ തീരാനിരിക്കെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം. എല്ലാറ്റിനും കാരണം ബാങ്കിന്റെ സമ്മര്‍ദ്ദമെന്ന് മാധ്യമങ്ങളോടും പൊലീസിനോടും ആദ്യം പറഞ്ഞത് ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനും അമ്മ കൃഷ്ണമ്മയുമായിരുന്നു.

വായ്പ തിരിച്ചടവിനുള്ള രേഖയില്‍ മകളുടേയും ഒപ്പ് ബാങ്ക് അധികൃതര്‍ വാങ്ങിയിരുന്നുവെന്നും. മകളും ഒപ്പിടണമെന്ന് ബാങ്ക് അധികൃതര്‍ നിര്‍ബന്ധിച്ചുവെന്നും ചന്ദ്രന്‍ ഇന്ന് രാവിലെയും ആരോപണം ഉയര്‍ത്തി.

എന്നാല്‍ മകള്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ രാവിലെ തന്നെ വിശദമാക്കിയിരുന്നു. കോടതി നിയോഗിച്ച കമ്മീഷനാണ് കുടുംബത്തിന്റെ ഒപ്പ് വാങ്ങിയതെന്നും ഇതിന് സാക്ഷിയായി പോലും ബാങ്ക് പ്രതിനിധികള്‍ ഉണ്ടായിരുന്നില്ലെന്നും ബാങ്ക് കൂട്ടിച്ചേര്‍ത്തിരുന്നു.

പണമടയ്ക്കണ്ട അവസാന ദിവസമായിരുന്ന ഇന്നലെ രാവിലെ മുതല്‍ ബാങ്കില്‍ നിന്നുള്ള ആളുകള്‍ പണമടയ്ക്കാന്‍ നിര്‍ബന്ധിച്ച് വിളിച്ച് ലേഖയേയും മകളേയും സമ്മര്‍ദത്തിലാക്കിയെന്ന് കൃഷ്ണമ്മ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നത് ചന്ദ്രനും കൃഷ്ണമ്മയും എല്ലാവരില്‍ നിന്നും മറച്ചുവെച്ചു.

ബന്ധുക്കളും അയല്‍വാസികളും ഇന്നലെ കുടുംബപ്രശ്‌നങ്ങളെ കുറിച്ച് ഒന്നും പറഞ്ഞില്ല. ഇതോടെയാണ് കാനറാ ബാങ്കിനെതിരെ പ്രതിഷേധം അണപൊട്ടിയത്.

മൊറട്ടോറിയം പ്രഖ്യാപിച്ചും ബാങ്കിന്റെ ജപ്തി നടപടിയുമായി മുന്നോട്ട് പോയെന്ന് പറഞ്ഞ് രാഷ്ട്രീയ നേതാക്കളും പ്രതികരിച്ചതോടെ പ്രതിഷേധം ആളിക്കത്തുകയായിരുന്നു. ചന്ദ്രന്റെ വീട്ടിന് മുന്നിലെ റോഡും ബാങ്കും നാട്ടുകാര്‍ ഉപരോധിച്ചു. വിവിധയിടങ്ങളില്‍ കാനറ ബാങ്കിന്റെ ശാഖകള്‍ക്ക് നേരെ ആക്രമണമുണ്ടായി.

ലേഖയും വൈഷ്ണവിയും വീടിനുള്ളില്‍ തീ കൊളുത്തിയതിന് പിന്നാലെ തന്നെ പൊലീസ് വീട് സീല്‍ ചെയ്തിരുന്നു. ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ ഇന്ന് രാവിലെ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിനായായിരുന്നു ഈ നീക്കം. കേസില്‍ നിര്‍ണ്ണായകമായ ആത്മഹത്യക്കുറിപ്പ് പുറത്തെത്തുന്നത് ഇത്തരത്തിലാണ്.

ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും മറ്റ് രണ്ട് ബന്ധുക്കളുമാണ് മരണത്തിന് കാരണമെന്ന ആത്മഹത്യക്കുറിപ്പ് വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തതോടെയാണ് കേസില്‍ വഴിത്തിരിവായത്.

വായ്പ തിരിച്ചടക്കാന്‍ ഭര്‍ത്താവ് ഒന്നും ചെയ്തില്ലെന്നും മാനസികമായി നിരന്തരം പീഡിപ്പിച്ചെന്നും കുറിപ്പില്‍ ലേഖ വിശദമാക്കിയിരുന്നു. പൊലീസ് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് ലേഖയും വൈഷ്ണവിയും തീകൊളുത്തിയ മുറിയില്‍ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയത്. മൂന്ന് പേജുള്ള കത്ത് ഭിത്തിയില്‍ ഒട്ടിച്ച നിലയിലായിരുന്നു. കൂടാതെ ചുവരിലും എഴുതിയിരുന്നു.

കടം തീര്‍ക്കാന്‍ വീട് വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവ് ചന്ദ്രന്റെ അമ്മ കൃഷ്ണമ്മയും ബന്ധു ശാന്തമ്മയും തടസ്സം നിന്നെന്ന് കത്തില്‍ പറയുന്നു. സ്ഥലത്ത് ആല്‍ത്തറ ഉള്ളതിനാല്‍ അവര്‍ നേക്കിക്കോളും എന്നായിരുന്നു നിലപാട്. ബാങ്കില്‍ നിന്ന് ജപ്തിക്കുള്ള കത്ത് വന്നിട്ടും, പത്രപരസ്യം കൊടുത്തിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ അനങ്ങിയില്ല. പകരം കത്ത് ആല്‍ത്തറയില്‍ കൊണ്ടുപോയി പൂജിച്ചു. കല്യാണം കഴിച്ച് വന്നതുമുതല്‍ നിരന്തരപീഡനമായിരുന്നെന്നെന്നും കത്തില്‍ ലേഖ ആരോപിക്കുന്നു.

മന്ത്രിവാദി പറയുന്നത് കേട്ട് തന്നെ ഉപദ്രവിക്കുകയും ശകാരിക്കുകയും ഇറങ്ങിപ്പോകാന്‍ പറയുകയും ചെയ്തിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ അമ്മ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്. വീട്ടില്‍ എപ്പോഴും വഴക്കാണ്. നിന്നെയും നിന്റെ മോളേയും കൊല്ലുമെന്നും അമ്മ പറഞ്ഞിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. അതേസമയം കത്തില്‍ ബാങ്കിനേയോ, ജപ്തിക്കായി കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനേക്കുറിച്ചോ ഒന്നും പരാമര്‍ശിച്ചിട്ടുമുണ്ടായിരുന്നില്ല.

×