ഇഷ്ട്ം ഉണ്ടെന്ന് അറിയാം, എങ്കിലും ആ രംഗങ്ങള്‍ ഒഴിവാക്കൂ, ട്രോളുകളും കലക്കുന്നുണ്ട് കേട്ടോ’ ആരാധകരോട് ടൊവീനോ തോമസ്

ഫിലിം ഡസ്ക്
Sunday, September 9, 2018

കഴിഞ്ഞ ദിവസം റിലീസായ ടൊവീനോ ചിത്രമായ തീവണ്ടി പ്രേക്ഷകര്‍ കയ്യടക്കിയിരിക്കുകയാണ്. അതുപോലെ സമൂഹമാധ്യമങ്ങളിലും നിറയുകയാണ് ചിത്രവും അതുപോലെ വൈറലായ ചില രംഗങ്ങളും. ഇതില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവതാരം ടൊവീനോ തോമസ്. ഇഷ്ട്ം കൊണ്ടാണെന്ന് അറിയാം എങ്കിലും ആ രംഗങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് താരം ആരാധകരോട് പറയുന്നു.

ഇത്തരത്തില്‍ പ്രചാരണം വന്നാല്‍ ഇനിയും സിനിമ കണ്ടിട്ടില്ലാത്തവരുടെ ആസ്വാദനത്തിനെ ഒരു പക്ഷേ അത് ബാധിച്ചേക്കാം എന്നുള്ളതുകൊണ്ട് അത് ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതെന്നും ടൊവീനോ ഫേസ്ബുക്കില്‍ കുറിച്ചു. അതോടൊപ്പം തനിയ്ക്കു നേരെയുള്ള ട്രോളുകള്‍ കാണുന്നുണ്ടെന്നും, ഇത്രയ്ക്കും തന്നെ വൈറലാക്കിയതിന് ട്രോളന്മാരോട് സ്‌പെഷ്യല്‍ നന്ദി അറിയിക്കുന്നുവെന്നും താരം കുറിച്ചു.

ടൊവീനോ തോമസും പുതുമുഖം സംയുക്ത മേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായ തീവണ്ടി വെള്ളിയാഴ്ച്ചയാണ് പുറത്തിറങ്ങിയത്. ഒരുപാട് നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. മികച്ച പ്രതികരണമാണ് ഇതിനകം ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആക്ഷേപ ഹാസ്യ രൂപത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ഒരു ചെയിന്‍ സ്‌മോക്കറുടെ കഥയാണ് പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

നമസ്‌കാരം
തീവണ്ടി എന്ന സിനിമയോടും,എന്നോടും നിങ്ങള്‍ കാണിക്കുന്ന സ്‌നേഹത്തിന് ഒരുപാട് നന്ദി !
പക്ഷെ ആ സിനിമയിലെ ചില രംഗങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് കാണാനിടയായി . അത് ഷൂട്ട് ചെയ്തവരുടെ ഉദ്ദേശശുദ്ധി ഞങ്ങള്‍ മനസ്സിലാക്കുന്നു . ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നും അറിയാം .എങ്കിലും ഇനിയും സിനിമ കണ്ടിട്ടില്ലാത്തവരുടെ ആസ്വാദനത്തിനെ ഒരുപക്ഷെ അത് ബാധിച്ചേക്കാം എന്നുള്ളതുകൊണ്ട് അത് ഒഴിവാക്കണം എന്ന് അഭ്യര്‍ഥിക്കുന്നു !
സ്‌നേഹപൂര്‍വ്വം
ടൊവിനോ

പിന്നെ ട്രോളുകളൊക്കെ കാണുന്നുണ്ട് കേട്ടോ ! അടിപൊളി ആണ് . ട്രോളന്മാര്‍ക്കും ഒരു സ്‌പെഷ്യല്‍ നന്ദി

×