‘അങ്ങയോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു പറയട്ടെ , ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുത് . ഇത്തവണ ഞാന്‍ ചെയ്തത് എന്റെ കന്നി വോട്ട് അല്ല ; തെളിവായി വീഡിയോ ഉയര്‍ത്തിക്കാട്ടി സെബാസ്റ്റ്യന്‍ പൊളിന് ടൊവിനോയുടെ മറുപടി

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, April 23, 2019

തിരുവനന്തപുരം: മുന്‍ പാര്‍ലമെന്റ് അംഗവും ഇടതു സഹയാത്രികനുമായ സെബാസ്റ്റ്യന്‍ പോളിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ടൊവിനോ തോമസ്. താന്‍ കന്നിവോട്ടാണ് ചെയ്തതെന്ന തരത്തില്‍ സെബാസ്റ്റിയന്‍ പോള്‍ തനിക്കെതിരെ നടത്തിയ പ്രചരണം വസ്തുതാവിരുദ്ധമാണെന്നാണ് ടൊവിനോ പറയുന്നത്.

താന്‍ മുമ്പ് വോട്ട് ചെയ്തിരുന്നുവെന്നതിന് തെളിവായി ഗപ്പിയെന്ന ചിത്രത്തിലെ ഒരു രംഗത്തില്‍ തന്റെ കയ്യില്‍ മഷി പുരണ്ടത് കാണുന്നതിന്റെ വീഡിയോയും ടൊവിനോ നല്‍കിയിട്ടുണ്ട്.

‘അങ്ങയോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു പറയട്ടെ , ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുത് . ഇത്തവണ ഞാന്‍ ചെയ്തത് എന്റെ കന്നി വോട്ട് അല്ല .’ എന്നുപറഞ്ഞാണ് ടൊവിനോ തുടങ്ങുന്നത്.

‘Was the first one to vote from my polling station എന്ന് ഞാന്‍ എഴുതിയത് എന്റെ പോളിംഗ് സ്റ്റേഷനില്‍ ഇന്ന് ആദ്യം വോട്ട് ചെയ്തത് ഞാന്‍ ആണ് എന്ന അര്‍ത്ഥത്തിലാണ്. അതിന്റെ അര്‍ത്ഥം അങ്ങനെ തന്നെ ആണെന്ന് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു. അങ്ങയെപ്പോലെ ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാള്‍ കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ ഇങ്ങനെ ഇവിടെ കുറിക്കുന്നത് അങ്ങേക്ക് തന്നെ അപഹാസ്യമാണ്.’ അദ്ദേഹം വിശദീകരിക്കുന്നു.

ഗപ്പിയെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നാഗര്‍കോവിലില്‍ നിന്നും ഇരിങ്ങാലക്കുട വന്നാണ് താന്‍ വോട്ടു ചെയ്തിട്ട് പോയതെന്നും ടൊവിനോ വിശദീകരിക്കുന്നു.

×