Advertisment

അനാഥലങ്ങളിൽ സേവനം ചെയ്യുന്നവർക്ക് സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വം ലഭിക്കും: മന്ത്രി ടി പി രാമകൃഷ്ണൻ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സംസ്ഥാനത്തെ അനാഥാലയങ്ങളിലും മറ്റും സേവനം ചെയ്യുന്നവർക്ക് കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളാകാമെന്ന് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ മാണി സി കാപ്പൻ എം എൽ എയെ അറിയിച്ചു. മാണി സി കാപ്പന്‍റെ നിയമസഭാ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment

publive-image

സംസ്ഥാനത്തെ അനാഥാലയങ്ങൾ, അഗതിമന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയിലുൾപ്പെടെ അശരണരും നിരാലംബരും ഭിന്നശേഷിക്കാരും രോഗികളും ഉപേക്ഷിക്കപ്പെട്ടവരുമായ ആളുകളെ അധിവസിപ്പിക്കുന്ന വ്യക്തികളോ സംഘടനകളോ നടത്തുന്ന സ്ഥാപനങ്ങളിൽ സേവനം നടത്തുന്ന ആളുകൾക്ക് ഇതുമൂലം പ്രയോജനം ലഭിക്കും.

പദ്ധതി പ്രകാരം കുറഞ്ഞത് ഒരു വർഷമെങ്കിലും അംഗത്വമുള്ളവർക്ക് 60 വയസ് പൂർത്തിയാകുന്ന മുറയ്ക്ക് അവരുടെ അംഗത്വ കാലയളവിന് ആനുപാതികമായി റിട്ടയർമെന്‍റ് ആനുകൂല്യം ലഭിക്കും.

ഒരു വർഷം തുടർച്ചയായി അംശദായം അടച്ച വനിത അംഗത്തിന് പ്രസവ ധനസഹായമായി 15000 രൂപ വരെ ലഭിക്കുന്നതാണ്. കൂടാതെ അംഗത്തിന്റെ പ്രായപൂർത്തിയായ പെൺമക്കൾക്കും പദ്ധതിയിലെ വനിതാ അംഗത്തിനും വിവാഹധനസഹായമായി 10000 രൂപയും ലഭിക്കും. പദ്ധതിയിൽ അംഗമായിരിക്കെ 60 വയസ് പൂർത്തിയാക്കി വിരമിക്കുന്ന ആൾക്ക് പെൻഷനും ലഭിക്കും.

പെൻഷന് അർഹതയുള്ള അംഗം മരണപ്പെട്ടാൽ കുടുംബത്തിന് പ്രതിമാസം 300 രൂപ കുടുംബപെൻഷന് അർഹതയുണ്ട്. അർഹതയുള്ള അംഗത്തിന് അപകടംമൂലം അവശത വന്നാൽ 1200 രൂപ പ്രതിമാസം പെൻഷൻ ലഭ്യമാകും.10 വർഷത്തിൽ കൂടുതൽ അംശദായം അടച്ച അംഗങ്ങൾക്ക് വിവാഹം, വീട് നിർമ്മാണം, സ്വയംതൊഴിൽ ചെയ്യൽ എന്നീ ആവശ്യങ്ങൾക്കായി വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കത്തക്ക വിധത്തിൽ പലിശരഹിത വായ്പയ്ക്കും അർഹതയുണ്ട്.

Advertisment