എല്ലാ മൊബൈൽ കമ്പനികളുടെയും നിരക്കുകളും പ്ലാനുകളുമായി ട്രായിയുടെ പുതിയ വെബ്സൈറ്റ്. മൊബൈല്‍ കമ്പനികള്‍ വെട്ടിലാകും ?

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, April 16, 2018

ന്യൂഡൽഹി∙ എല്ലാ മൊബൈൽ കമ്പനികളുടെ ഫോൺ നിരക്കുകളും പ്ലാനുകളുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ പുതിയ വെബ്സൈറ്റ് വരുന്നു .

നിലവിലുള്ള എല്ലാ മൊബൈൽ നിരക്കുകളും പ്രസ്തുത വെബ്സൈറ്റിൽ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ഓരോ കമ്പനിയുടെയും നിരക്കുകൾ താരതമ്യം ചെയ്യാനും അത് പ്രകാരം സേവനങ്ങള്‍ ഉപയോഗപ്പെടുത്താനും കഴിയും .

സർക്കാർ പിന്തുണയില്‍ ഇത്രയും സുതാര്യമായി മൊബൈൽ നിരക്കുകൾ ലഭ്യമാക്കുന്ന ഒരു പ്ലാറ്റ്ഫോം ആദ്യമായാണു നടപ്പാക്കുന്നതെന്ന് ട്രായ് അറിയിച്ചു.

നിലവിൽ ഡൽഹി സർക്കിളിലുള്ളവർക്കുമാത്രമാണ് ഇതു ലഭ്യമാകുക. പൊതുജനങ്ങളിൽനിന്നു അഭിപ്രായങ്ങൾ സ്വീകരിച്ചശേഷം എല്ലാ സർക്കിളുകളിലെയും നിരക്കുകൾ ഇതിലുൾപ്പെടുത്തും.

സാധാരണ നിരക്കുകൾ, സ്പെഷൽ താരിഫ് വൗച്ചറുകൾ, പ്രമോഷനൽ താരിഫുകള്‍ വാല്യു ആഡഡ് സർവീസ് പായ്ക്കുകൾ തുടങ്ങിയവയും വെബ്സൈറ്റിന്റെ ബീറ്റ വേർഷനിൽ നൽകിയിട്ടുണ്ട്.

വെബ്സൈറ്റ് പരിശോധിച്ച് നിർദേശങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാൻ പൊതുജനങ്ങൾക്കും മൊബൈൽ കമ്പനികൾക്കും 15 ദിവസമാണ് അനുവദിച്ചിരിക്കുന്നതെന്ന് ട്രായ് സെക്രട്ടറി സുനിൽ ഗുപ്ത അറിയിച്ചു. ട്രായ്‌യെ അറിയിച്ചിട്ടുള്ള എല്ലാ നിരക്കുകളും വെബ്സൈറ്റിലുണ്ടാകും.

×