Advertisment

ലോക്കോപൈലറ്റ് ഇല്ലാതെ ട്രെയിന്‍ പാഞ്ഞത് ഒരുമണിക്കൂര്‍; അവസാനം നിര്‍ത്താനായി ചെയ്യേണ്ടി വന്നത് - വീഡിയോ

New Update

Advertisment

സിഡ്നി: ഇരുമ്പ് അയിരുമായി പോയ ട്രെയിന്‍ ലോക്കോപൈലറ്റ് ഇല്ലാതെ പാഞ്ഞത് ഒരുമണിക്കൂര്‍. പരിശോധനയ്ക്കായി ലോക്കോപൈലറ്റ് കാബിനില്‍ നിന്ന് പുറത്ത് ഇറങ്ങിയ സമയത്തായിരുന്നു തനിയെ മുന്നോട്ട് നീങ്ങിയത്. ഓസ്ട്രേലിയയിലാണ് സംഭവം. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയിലായിരുന്നു ട്രെയിന്‍ കുതിച്ച് പാഞ്ഞത്.

ഖനി ഉടമസ്ഥരായ ബിഎച്ചപിയുടെ ഉടമസ്ഥതയിലുള്ള ട്രെയി്ന്‍ ഒടുവില്‍ പാളം തെറ്റിച്ചാണ് നിയന്ത്രണത്തിലാക്കിയത്. പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ നഗരങ്ങളായ പോര്‍ട്ട് ഹെഡ്ലാന്‍ഡിലേക്ക് ട്രെയിന്‍ എത്തുമെന്ന സ്ഥിതിയായതോടെയാണ് ട്രെയിന്‍ പാളം തെറ്റിച്ചത്. കുതിച്ച് പാഞ്ഞ ട്രെയിനിനെ പിടിച്ച് നിര്‍ത്താന്‍ 1500 മീറ്ററോളം നീളത്തില്‍ ട്രാക്ക് നശിപ്പിക്കേണ്ടി വന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ബോഗികള്‍ വേര്‍പെട്ട് ചിതറിക്കിടക്കുന്ന നിലയിലാണ് നിലവിലുള്ളതെന്ന് ഖനി ഉടമസ്ഥര്‍ വ്യക്തമാക്കി. ഇരുമ്പ് അയിര് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ സജീവമാണെന്നും അവര്‍ വ്യക്തമാക്കി.നശിപ്പിക്കേണ്ടി വന്ന പാളങ്ങള്‍ നന്നാക്കുന്നതിനായി 130 പേര്‍ അഹോരാത്രം പ്രയത്നിക്കുന്നുണ്ടെന്നും ഇവര്‍ വിശദമാക്കി.

സംഭവത്തില്‍ ഓസ്ട്രേലിയന്‍ ഗതാഗത സുരക്ഷാ വിഭാഗം അന്വേഷണം തുടങ്ങി. ലോക്കോ പൈലറ്റിന്റെ അസാന്നിധ്യത്തില്‍ ട്രെയിന്‍ മുന്നോട്ട് നീങ്ങിയതിനെക്കുറിച്ച് നിലവില്‍ സൂചനകള്‍ ഒന്നുമില്ലെന്നാണ് വിശദീകരണം. അപകടത്തിന് പിന്നാലെ ഖനി ഉടമകളുടെ വിപണി മൂല്യം വന്‍ തോതില്‍ കുറഞ്ഞു.

Advertisment