ഇന്ത്യയിലെത്തിയാല്‍ ആള്‍ക്കൂട്ടം തല്ലിക്കൊല്ലും; 13,500 കോടിയുടെ വായ്പാ തട്ടിപ്പ് റദ്ദാക്കണമെന്നും മെഹുല്‍ ചോക്‌സി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, July 24, 2018

മുംബൈ: പിഎന്‍ബി ബാങ്ക് തട്ടിപ്പിലെ മുഖ്യപ്രതികളിലൊരാളായ വ്യവസായി മെഹുല്‍ ചോക്‌സിയുടെ വാദം കേട്ട് ഞെട്ടിയിരിക്കുകയാണ് ഇന്ത്യയിലെ സാധാരണക്കാര്‍. തനിക്കെതിരായ ജാമ്യമില്ലാ വാറന്റുകള്‍ റദ്ദാക്കണമെന്നാണ് 13,500 കോടിയുടെ വായ്പയെടുത്ത് രാജ്യത്ത് മുങ്ങിയ മെഹുല്‍ ചോക്‌സിയുടെ ആവശ്യം. നീരവ് മോദിയുടെ മാതൃസഹോദരനാണ് ഇയാള്‍. ആള്‍ക്കൂട്ട കൊലപാതകത്തിന്റെ ഒട്ടേറെ വാര്‍ത്തകളാണ് ഇന്ത്യയില്‍നിന്ന് പുറത്തുവരുന്നത്. പൊതുവഴിയില്‍ നീതിനടപ്പാക്കുന്ന ട്രെന്‍ഡാണ് ഇപ്പോഴുള്ളത്. ചോക്‌സിക്കെതിരെയും ഇത്തരത്തില്‍ ആക്രമണ ഭീഷണി നിലനില്‍ക്കുന്നതായി മുംബൈ ഭീകരവാദ വിരുദ്ധകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

സ്ഥാപനത്തിലെ മുന്‍ജീവനക്കാരും കടക്കാരും തന്നെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ചോക്‌സി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ജയിലിലും താന്‍ സുരക്ഷിതനായിരിക്കില്ലെന്നാണ് വാദം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി മാര്‍ച്ചില്‍ ചോക്‌സിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതു റദ്ദാക്കണമെന്ന് അതേ കോടതിയിലാണു അപേക്ഷ നല്‍കിയിരിക്കുന്നത്.

മോശം ആരോഗ്യസ്ഥിതി, പാസ്‌പോര്‍ട്ട് അസാധുവാക്കല്‍ എന്നിവയും കാരണമായി അപേക്ഷയിലുണ്ട്. ഓഗസ്റ്റ് 18നു വാദം കേള്‍ക്കും. വജ്രവ്യാപാരി നീരവ് മോദിയും അമ്മാവന്‍ ചോക്‌സിയും ചേര്‍ന്നു പിഎന്‍ബിയിലെ 13,500 കോടി തട്ടിയെടുത്തു വിദേശത്തേക്കു മുങ്ങി എന്നതാണു കേസ്.

×