പി.എസ്.സിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള അനുഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നത് ; സിപിഎമ്മാണ് ഇതിനെല്ലാം ഉത്തരവാദി ;  യൂണിവേഴ്‌സിറ്റി കോളേജ് പി.എസ്.സി എഴുത്തു പരീക്ഷകള്‍ക്കുള്ള കേന്ദ്രമാക്കരുതെന്ന് സി.പി ജോണ്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, July 17, 2019

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് പി.എസ്.സി എഴുത്തു പരീക്ഷകള്‍ക്കുള്ള കേന്ദ്രമാക്കരുതെന്ന് സിഎംപി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍. പി.എസ്.സിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള അനുഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

സിപിഎമ്മാണ് ഇതിനെല്ലാം ഉത്തരവാദിയെന്നും സി.പി ജോണ്‍ ആരോപിച്ചു.യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന കാര്യങ്ങളുടെ പേരില്‍ എസ്.എഫ്.ഐയുടെ യൂണിറ്റ് പിരിച്ചുവിട്ടതുകൊണ്ട് കാര്യമില്ലെന്നും ജോണ്‍ പറഞ്ഞു.

അതേസമയം, യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥിക്കു നേരെയുള്ള വധശ്രമ കേസില്‍ പ്രതികളായ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത്, സെക്രട്ടറി നസീം, പ്രണവ് എന്നിവര്‍ പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.

ഇവര്‍ക്ക് അന്വേഷണ ഉത്തരവ് പുറത്ത് വരുന്നതുവരെ നിയമന ശുപാര്‍ശ നല്‍കില്ലെന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. സംഭവത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് പി.എസ്.സി വിജിലന്‍സ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇവരുടെ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചതില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും പി.എസ്.സി ചെയര്‍മാന്‍ പറഞ്ഞു.

×