Advertisment

മകന്‍ കൊന്ന് വലിച്ചെറിഞ്ഞ അച്ഛന്റെ മൃതദേഹം ആളെ തിരിച്ചറിയാത്തതിനാല്‍ സംസ്‌ക്കരിച്ചത് പൊലീസ് ; പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം ആളെ തിരിച്ചറിഞ്ഞപ്പോള്‍ മൃതദേഹം തിരഞ്ഞ പൊലീസിന് ഒരു കഷ്ണം എല്ലുപോലും കിട്ടിയില്ല ; വിമുക്ത ഭടന്റെ മൃതദേഹത്തിന് സമീപം സംസ്‌ക്കരിച്ച മറ്റ് നാലു മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങള്‍ കാണാനില്ല ; ദുരൂഹത വര്‍ധിക്കുന്നു

New Update

പാറശാല : പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന

കേസിൽ പിതാവിൻെറ മൃതദേഹം കണ്ടെത്താൻ പെ‍ാലീസ് തിരച്ചിൽ തുടങ്ങി. മകൻ വലിച്ചെറിഞ്ഞ മൃതദേഹം ആളെ തിരിച്ചറിയാത്തതിനാൽ സംസ്കരിച്ച പൊലീസ് ഇപ്പോൾ വീണ്ടും തിരച്ചിൽനടത്തിയിട്ടു കിട്ടാത്തത് ദുരൂഹത വർധിപ്പിക്കുന്നു.

Advertisment

publive-image

കെ‍ാറ്റാമം കടമ്പാട്ട് വിള ഷാജി ഭവനിൽ വിമുക്തഭടനായ കൃഷ്ണനെ 2009 ജനുവരി 13ന് എക മകൻ ഷാജിയും രണ്ട് സുഹൃത്തുക്കളും ചേർന്ന് കാറിൽകയറ്റി ശ്വാസംമുട്ടിച്ച് കെ‍ാലപ്പെടുത്തിയെന്നാണു കേസ്.

കൊലയ്ക്കു ശേഷം അരുമനയ്ക്ക് സമീപം താമ്രപർണി ആറ്റിലെ തേയ്മാനുർ പാലത്തിൽ നിന്ന് മൃതദേഹം എറിഞ്ഞെങ്കിലും കരഭാഗത്താണു പതിച്ചത്. അന്ന് മൃതശരീരം തിരിച്ചറിയാൻ കഴിയാത്തതിനാൽ അരുമന പെ‍ാലീസ് പുണ്യമെന്ന സ്ഥലത്തെ പുറമ്പോക്ക് ഭുമിയിൽ സംസ്കരിക്കുകയായിരുന്നു.

ഇന്നലെ ഉച്ചയോടെ എത്തിയ പാറശാല പെ‍ാലീസ്, തമിഴ്നാട് റവന്യുവകുപ്പ് ഉദ്യോ‍ഗസ്ഥർ, ഫൊറൻസിക് വിഭാഗം എന്നിവർ മൃതദേഹം മറവ് ചെയ്തവരെ വരുത്തി സ്ഥലം നിർണയിച്ച് 4 മണിക്കൂറോളം കുഴിച്ചെങ്കിലും അവശിഷ്ടങ്ങൾ ഒന്നും ലഭിച്ചില്ല. സമയം വൈകിയതിനാൽ തിരച്ചിൽ നിർത്തി പെ‍ാലീസ് സംഘം മടങ്ങി. ഒരാഴ്ചയ്ക്കുള്ളിൽ മണ്ണുമാന്തി ഉപയോഗിച്ച് വീണ്ടും വിശദമായ തിരച്ചിൽ നടത്തുന്നതിനാണ് പെ‍ാലീസ് തീരുമാനം.

കൃഷ്ണനു സമീപം നാലു മൃതദേഹങ്ങളോളം സംസ്കരിച്ചിട്ടുണ്ടെന്ന് തെ‍ാഴിലാളികൾ വ്യക്തമാക്കിയെങ്കിലും ഒന്നിൻെറയും അവശിഷ്ടങ്ങൾ ലഭിക്കാത്തത് ദുരുഹത വർധിപ്പിച്ചിട്ടുണ്ട്. സ്വത്ത് സംബന്ധിച്ച് കൃഷ്ണനും ഷാജിയും തമ്മിലുണ്ടായ വഴക്കാണ് കെ‍ാലയ്ക്ക് കാരണം.

പിണങ്ങി ഒറ്റയ്ക്കു താമസിച്ചിരുന്ന കൃഷ്ണനെ കാണാനില്ലെന്നാണ് ഷാജി നാട്ടിൽ പ്രചരിപ്പിച്ചിരുന്നത്. എട്ട് മാസം മുമ്പ് പിതാവിനെ കെ‍ാലപ്പെടുത്തിയ സംഘത്തിൽപ്പെട്ട ബിനുവിനെ വീട്ടിൽ വിളിച്ച് വരുത്തി ഷാജി കുത്തി കെ‍ാലപ്പെടുത്തിയിരുന്നു.

Advertisment