കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് നാളെ വാക്സിനേഷൻ ഉണ്ടാവില്ല

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, May 13, 2021

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് നാളെ (വെള്ളി) നടത്തുമെന്നറിയിച്ച വാക്‌സിനേഷന്‍ ഉണ്ടാവില്ലെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ അറിയിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം. ബുക്ക് ചെയ്തവര്‍ക്ക് ശനിയാഴ്ച വാക്സിന്‍ നല്‍കുന്നതില്‍ പരിഗണന നല്‍കും.

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഭാഗമായി തിരുവനന്തപുരം അടക്കം കേരളത്തിലെ മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

നാളെ തിരുവനന്തപുരത്തിന് പുറമെ കൊല്ലം, പത്തനംതിട്ട ജില്ലകളിലും മെയ് 15 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലുമാണ് റെഡ് അലര്‍ട്ട്. അതിതീവ്ര മഴ പ്രവചിക്കുന്നതിനാല്‍ എല്ലാവിധ തയ്യാറെടുപ്പുകളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി അതീവ ജാഗ്രത പാലിക്കാന്‍ പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്.

×