'അവര്‍ ചൈനയുടെ പാവയാണ്; അവരെ സുഖിപ്പിക്കാന്‍ മാത്രമായി പ്രവര്‍ത്തിക്കുന്നവര്‍; ഞങ്ങളെ അവര്‍ ശരിയായ രീതിയില്‍ പരിഗണിക്കുന്നില്ല'; ലോകാരോഗ്യസംഘടനയെ വിമര്‍ശിച്ച് വീണ്ടും ട്രംപ്‌; ധനസഹായം നിര്‍ത്തലാക്കിയേക്കുമെന്നും യുഎസ് പ്രസിഡന്റ്‌

New Update

publive-image

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ലോകാരോഗ്യസംഘടനയുമായുള്ള വാക്‌പോര് തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. കൊവിഡ് വ്യാപനത്തിന് കാരണം ചൈനയാണെന്ന തന്റെ വിമര്‍ശനം ലോകാരോഗ്യസംഘടന അവഗണിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ചൈനയെ പിന്തുണച്ച് ലോകാരോഗ്യസംഘടന പലപ്പോഴായി നടത്തിയ പരാമര്‍ശങ്ങള്‍ ട്രംപിന്റെ അമര്‍ഷം വര്‍ധിപ്പിച്ചു

Advertisment

ലോകാരോഗ്യസംഘടന ചൈനയുടെ പാവയാണെന്ന വിമര്‍ശനവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ട്രംപ്. വൈറ്റ് ഹൗസില്‍ നടന്ന യോഗത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

'അവര്‍ ചൈനയെ സുഖിപ്പിക്കാനായി അവരെ ചുറ്റിപ്പറ്റി മാത്രം പ്രവര്‍ത്തിക്കുന്നു. ഞങ്ങളെ ശരിയായ രീതിയില്‍ പരിഗണിക്കുന്നില്ല. ലോകാരോഗ്യസംഘടന ഞങ്ങള്‍ക്ക് നല്‍കുന്നത് മോശം ഉപദേശങ്ങളാണ്'-ട്രംപ് പറഞ്ഞു.

ഒരു വര്‍ഷം 450 മില്ല്യണ്‍ ഡോളറിന്റെ സഹായം യുഎസ് ലോകാരോഗ്യസംഘടനയ്ക്ക് നല്‍കുന്നുണ്ടെന്നും ഇത് വെട്ടിക്കുറയ്ക്കുകയോ പൂര്‍ണമായി നിര്‍ത്തലാക്കുകയോ ചെയ്യാന്‍ പദ്ധതിയുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

ലോകാരോഗ്യസംഘടനയ്ക്ക് ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കുന്നത് അമേരിക്കയാണെന്നും ചൈന ഏകദേശം 40 മില്ല്യണ്‍ ഡോളര്‍ മാത്രമാണ് ഒരു വര്‍ഷം സംഘടനയ്ക്ക് നല്‍കുന്നതെന്നും ട്രംപ് പറഞ്ഞു.

'ഞങ്ങള്‍ നല്‍കുന്ന 450 മില്ല്യണ്‍ 40 മില്ല്യണ്‍ ആക്കാനായിരുന്നു പദ്ധതി. എന്നാല്‍ അത് തന്നെ കൂടുതലാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു'-ട്രംപ് പറഞ്ഞു.

Advertisment