Advertisment

ഇറാനുമേലുള്ള യു.എസ്. ഉപരോധം നാളെ മുതൽ

New Update

publive-image

വാഷിങ്ടൺ: ഇറാനെ കടുത്ത സാമ്പത്തിക-രാഷ്ട്രീയ സമ്മർദത്തിലാക്കുന്ന വ്യവസ്ഥകളുമായി യു.എസ്. കൊണ്ടുവരുന്ന ഉപരോധം തിങ്കളാഴ്ച പ്രാബല്യത്തിൽവരും. ഇറാനുമേൽ ഇന്നേവരെ ചുമത്തിയിട്ടുള്ളതിൽവെച്ചേറ്റവും കർക്കശമായ വ്യവസ്ഥകളാണ് പുതിയ ഉപരോധത്തിലുള്ളതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. ‘വരുന്നൂ ഉപരോധം’ എന്നെഴുതിയ സ്വന്തം ചിത്രം ട്വീറ്റ് ചെയ്തുകൊണ്ടാണ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വരാനിരിക്കുന്ന ‘രാഷ്ട്രീയ യുദ്ധ’ത്തിന് തുടക്കമിട്ടത്. ‘ഗെയിം ഓഫ് ത്രോൺസ്” എന്ന ജനപ്രിയ ടി.വി. സീരിയലിന്റെ പരസ്യവാചകമായ ‘വിന്റർ ഈസ് കമിങ്ങി’ന്റെ ബാനർ മാതൃകയിലാണ് ട്രംപ് തന്റെ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഇറാൻ ആണവക്കരാർ നിലവിൽവന്ന 2015-ൽ അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമയാണ് ഉപരോധവ്യവസ്ഥകൾ മയപ്പെടുത്തിയത്. ഉപരോധ വ്യവസ്ഥകളിൽ ഇളവുവരുത്തുന്നതിനുപകരമായി ഇറാൻ ആണവസമ്പുഷ്ടീകരണപദ്ധതികൾ നിർത്തിവെക്കുമെന്നായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥ. ഇറാൻ ആണവപദ്ധതികളുമായി മുന്നോട്ടുപോകുന്നതായി ആരോപിച്ച് ഈ വർഷം മേയിൽ യു.എസ്. കരാറിൽനിന്ന് പിൻവാങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് കർശനമായ വ്യവസ്ഥകളോടെ ഉപരോധം പുനഃസ്ഥാപിക്കാൻ യു.എസ്. ഒരുങ്ങുന്നത്. ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്ന മറ്റുരാജ്യങ്ങൾക്കും ഉപരോധം തിരിച്ചടിയാവും. അതേസമയം, ഇന്ത്യയടക്കം എട്ടുരാജ്യങ്ങൾക്ക് ഇറാനിൽനിന്ന് എണ്ണ ഇറക്കുമതിചെയ്യാനുള്ള അനുമതി യു.എസ്. നൽകിയിട്ടുണ്ട്.

Advertisment