ലോക സാമ്പത്തിക ഉച്ചകോടി ഡൊണാൾഡ് ട്രംപ് പ്രധാന താരം

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Friday, January 12, 2018

സൂറിച്ച്. ജനുവരി 23 മുതൽ 26 വരെ സ്വിറ്റ്‌സർലണ്ടിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കും.ലോക സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കുന്ന അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡന്റ ആണ് ഡൊണാൾഡ് ട്രംപ് . 18 വർഷങ്ങൾക്ക് മുൻപ് ആദ്യമായി ഉച്ചകോടിയിൽ പങ്കെടുത്ത ആദ്യ അമേരിക്കൻ പ്രസിഡണ്ട് ബിൽ ക്ലിന്റൺ ആയിരുന്നു.

1971 ൽ തുടങ്ങിയ യൂറോപ്യൻ മാനേജ്‌മെന്റ് ഫോറം ആണ് ഇന്ന് ലോകശ്രദ്ധ ആകർഷിക്കുന്ന വേൾഡ് എക്കൊണോമിക് ഫോറം ആയിതീർന്നത്.1987 ൽ ആണ് ലോക സാമ്പത്തിക ഉച്ചകോടി ഇന്നത്തെ നാമം സ്വീകരിച്ച് പുതിയ തലത്തിലേക്ക് പരിണമിച്ചത്.കഴിഞ്ഞ അഞ്ച് ദശകത്തോളം ലോകത്തിലെ രാഷ്ട്രത്തലവന്മാരും, വൻകിട കോർപൊറേറ്റുകളും, ഭീമൻ വ്യവസായികളും, മത നേതാക്കളുമൊക്ക പങ്കെടുക്കുന്ന ഉച്ചകോടിയിലെ ചർച്ചകൾ ലോകം മുഴുവൻ വാർത്തകൾ ആയി എത്തുന്നു.

സ്വിസ് പ്രസിഡന്റ് ഇതിനോടകം തന്നെ ഡൊണാൾഡ് ട്രംപിൻറെ സന്ദർശനത്തെ സ്വാഗതം ചെയ്തു. സ്വിസ് രാഷ്ട്രീയ ബിസിനസ്സ് നേതാക്കൾ തന്നെ ആയിരിക്കും ഏറ്റവും വലിയ ഗുണഭോക്താക്കൾ.

അമേരിക്കയുടെ തന്നെ വൻ സുരക്ഷാസന്നാഹത്തിന്റെ അകമ്പടിയോടെ ആയിരിക്കും പ്രസിഡണ്ടിൻറെ സന്ദർശനം . ട്രംപിന്റെ സന്ദർശനം വഴി നേട്ടമുണ്ടാക്കുന്നത് ദാവോസ് സിറ്റി കൂടി ആയിരിക്കും. പതിന്മടങ്ങ് നിരക്ക് വർദ്ധനയാണ് ജനുവരിയിൽ ദാവോസിലെ മുറികൾക്കും ഹോട്ടലുകൾക്കും ഇപ്പോൾ തന്നെ ഉണ്ടായിരിക്കുന്നത്. ലോകത്തിന്റെ മുഴുവൻ കണ്ണുകലും കാതുകളും ദാവോസ് എന്ന ചെറു നഗരത്തിലേക്ക് ശ്രദ്ധ തിരിയുന്നത് ലോക സാമ്പത്തിക ഉച്ചകോടിയിലാണ്.

മൂവായിരത്തിൽ പരം ഡെലിഗേറ്റുകളും അഞ്ഞൂറിലധികം അന്താരാഷ്ട്ര മാധ്യമപ്രവർത്തകരും ഈ വർഷത്തെ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഇന്ത്യയിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുകേഷ് അംബാനിയും കൂടാതെ ബോളിവുഡ് കോർപ്പറേറ്റ് രാജാക്കന്മാർ അടക്കം നൂറിലധികം പേരടങ്ങുന്ന വൻപട തന്നെ പങ്കെടുക്കുമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഇങ്ങനെയൊക്കെ ആണെങ്കിലും സോഷ്യലിസ്റ്റുകളുടെ പ്രതിഷേധവും ഉണ്ടായിരിക്കുന്നതാണ്. തലസ്ഥാന നഗരിയായ ബേണിൽ ഈയാഴ്ച തന്നെ ആദ്യ പ്രതിഷേധ മാർച്ച് തുടങ്ങും. സൂറിച്ചിൽ ഫോൾക്‌സ് ഹൗസിൽ സമ്മേളനവും പ്രകടനവും നടക്കും.

×