Advertisment

തൂത്തുക്കുടി കസ്റ്റഡി മരണം: സാത്താങ്കുളം എസ്‌ഐ അറസ്റ്റില്‍; കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ചെന്നൈ: തൂത്തുക്കുടിയില്‍ അച്ഛനെയും മകനെയും കസ്റ്റഡി മര്‍ദ്ദനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ സാത്താങ്കുളം എസ്‌ഐ രഘു ഗണേഷിനെ അറസ്റ്റു ചെയ്തു. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ മൂന്ന് പേരില്‍ ഒരാളാണ് ഇയാള്‍. കൂടുതല്‍ പേരെ ഉടന്‍ അറസ്റ്റു ചെയ്യും.

കൊലക്കുറ്റം ചുമത്തിയാണു നടപടി. ലോക്ഡൗൺ ലംഘിച്ചു മൊബൈൽ ഫോൺ കട തുറന്നുവെന്നാരോപിച്ച് അറസ്റ്റ് ചെയ്ത ജയരാജനും മകൻ ബെനി‌ക്സുമാണ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. എസ്.ഐ രഘു ഗണേഷിനെ കൊലപാതകക്കുറ്റമായ 302 വകുപ്പ് ഉള്‍പ്പെടെ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യാന്‍ വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

രഘു ഗണേഷിന് പുറമേ ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍, സബ് ഇന്‍സ്‌പെക്ടര്‍ ബാലകൃഷ്ണന്‍ എന്നിവരാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്. പൊലീസുകാരെ പ്രതികളാക്കാൻ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു മദ്രാസ് ഹൈ‌‌ക്കോടതി മധുര ബെഞ്ച് നിരീക്ഷിച്ചിരുന്നു.

സാത്താൻകുളം സ്റ്റേഷനിലെ വനിത കോൺസ്റ്റബിൾ പൊലീസുകാർക്കെതിരെ മൊഴി നൽകിയിരുന്നു. അറസ്റ്റ് ചെയ്ത ‌രാത്രി ജയരാജനെയും ബെനി‌ക്സിനെയും പൊ‌ലീസുകാർ ലാത്തി കൊണ്ട് ക്രൂരമായി മർദിച്ചതായാണു മൊഴി. സിബിസിഐഡി ഐജിയുടേയും എസ്പിയുടേയും നേതൃത്വത്തില്‍ 12 പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. ആരോപണ വിധേയരായ 13 പോലീസുകാരെയും ചോദ്യംചെയ്തു.

ആരോപണ ‌വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ശ്രമിക്കുന്നെന്ന ആരോപണം നേരിട്ട തൂത്തുക്കുടി എസ്പി അരുൺ ബാലഗോപാലൻ, തൂത്തുക്കുടി എസിപി ഡി.കുമാർ, ഡിഎസ്പി സി.പ്രതാപൻ, ആരോപണവിധേയനായ കോണ്‍സ്റ്റബിള്‍ മഹാജനെ സസ്‌പെന്‍ഡും ചെയ്തിരുന്നു.

Advertisment