എസ്.ബി.ഐ ട്രഷറി ബാങ്കിലെ ആക്രമണം; അഞ്ച് പേരെ പൊലീസ് തിരിച്ചറിഞ്ഞു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, January 11, 2019

എസ്. ബി. ഐ ട്രഷറി ബാങ്ക് ആക്രമിച്ച സംഭവത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന ആരോപണത്തിനു പിന്നാലെ അഞ്ചു പേരെ കൂടി പൊലീസ് തിരിച്ചറിഞ്ഞു. അഞ്ചു പേരും എൻ.ജി.ഒ യൂണിയൻ നേതാക്കളാണ്. അനിൽകുമാർ, അജയകുമാർ, ശ്രീവത്സൻ, ബിജു രാജ്, വിനുകുമാർ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

ഇടത് നേതാക്കളെ രക്ഷിക്കാൻ ഒത്തുതീർപ്പു ശ്രമം നടക്കുന്നുവെന്ന ആരോപണത്തിനു പിന്നാലെയാണ് സംഭവത്തിൽ ഉൾപ്പെട്ട അഞ്ചു പേരുടെ വിവരങ്ങൾ കൂടി പൊലീസ് പുറത്തു വിടുന്നത്. അനിൽകുമാർ, അജയകുമാർ, ശ്രീവത്സൻ, ബിജു രാജ്, വിനുകുമാർ തുടങ്ങിയ എൻ.ജി.ഒ യുണിയൻ നേതാക്കളെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇവര്‍ അഞ്ച് പേരും സർക്കാർ ഉദ്യോഗസ്ഥരാണ്. ബാങ്കിനുണ്ടായ നഷ്ടം നൽകി കേസ് പിൻവലിപ്പിക്കാൻ രാഷ്ട്രീയ നേതാക്കൾ മുഖേനെ ചർച്ചയ്ക്കു ശ്രമിക്കുന്നുവെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ ഒത്തുതീർപ്പിനു സാധ്യതയില്ലെന്ന് ബാങ്ക് മാനേജർ പറഞ്ഞു.

ഒത്തുതീർപ്പിന്റെ കാര്യത്തിൽ ധാരണയുണ്ടാകും വരെ അറസ്റ്റ് വൈകിപ്പിക്കാൻ നീക്കം നടക്കുന്നുവെന്നും ആരോപണമുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ടു എൻ.ജി.ഒ യൂണിയൻ നേതാക്കളെ റിമാൻഡ് ചെയ്തിരുന്നു. അതേ സമയം ബാങ്ക് ആക്രമിച്ച ഇടതു നേതാക്കൾക്കെതിരെ വനിതാ ജീവനക്കാരും രംഗത്തെത്തി. അസഭ്യം വിളിച്ചു തങ്ങളെ അപമാനിച്ചതായി വനിതാ ജീവനക്കാർ റീജിയണൽ മാനേജർക്കു പരാതി നൽകിയിട്ടുണ്ട്.

×