Advertisment

ആര്‍ക്കും പിടികൊടുക്കാതെ തിരുവനന്തപുരം കോര്‍പറേഷന്‍ ! ആശങ്കയോടെ ഇടതു വലതു ബിജെപി മുന്നണികള്‍. സ്ഥാനാര്‍ത്ഥികള്‍ മോശമെന്നു ഇടതു മുന്നണിയില്‍ തന്നെ വിമര്‍ശമനം. തീരദേശ മേഖലയില്‍ തിരിച്ചടി ഭയന്ന് ബിജെപി. തമ്മില്‍ തല്ലി കോണ്‍ഗ്രസ്. തലസ്ഥാന നഗരി ഇക്കുറി ആര്‍ക്ക് ?

New Update

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സ്ഥലമാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍. അധികാരത്തിലെത്തുമെന്ന് ഓരോ മുന്നണികളും പറയുമ്പോഴും അടിയൊഴുക്കുകള്‍ നടക്കുമോയെന്ന ഭയം എല്ലാവര്‍ക്കുമുണ്ട്. ഏതെങ്കിലുമൊരു മുന്നണിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമോ എന്നാണ് എല്ലാവരുടെയും സംശയം.

Advertisment

publive-image

റിബല്‍ ശല്യവും അപരസ്ഥാനാര്‍ത്ഥികളും തമ്മില്‍ത്തല്ലും മൂന്നു മുന്നണികളെയും ഒരു പോലെയാണ് ഇവിടെ കുഴയ്ക്കുന്നത്. അതുകൊണ്ടുതന്നെ ശുഭ പ്രതീക്ഷ ആര്‍ക്കുമില്ലെന്നു വ്യക്തമായി പറയാം. ആത്മവിശ്വാസമുണ്ടെന്നു പറയുമ്പോഴും ആര്‍ക്കും അതില്ലെന്നു അവരുടെ വാക്കുകളില്‍ തന്നെ അതു വ്യക്തമാകുന്നുമുണ്ട്.

ഇടതു പക്ഷത്തിന് നിലവിലുള്ള 43 സീറ്റിനോട് കൂടി ഏഴ് സീറ്റുകള്‍ ലഭിച്ചാലേ കേവല ഭൂരിപക്ഷം ലഭിക്കൂ. എന്നാല്‍ എല്ലാ സിറ്റിങ് സീറ്റുകളും നിലനിര്‍ത്തുമെന്ന് ഉറപ്പുമില്ല. സ്ഥാനാര്‍ത്ഥികള്‍ പലരും വ്യക്തിപരമായി മികവില്ലാത്തതാണ് സിപിഎം നേരിടുന്ന പ്രതിസന്ധി.

അതിനോടൊപ്പം ഇരുപതോളം സീറ്റുകളില്‍ ബിജെപി-യുഡിഎഫ് രഹസ്യധാരണയുണ്ടെന്നും എല്‍ഡിഎഫ് വിശ്വസിക്കുന്നു. ഈ കാരണങ്ങളാണ് എല്‍ഡിഎഫിനെ ഭയപ്പെടുത്തുന്നത്.

യുഡിഎഫാകട്ടെ കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി നഗരസഭ ഭരണം ആര്‍ക്കെന്ന് തീരുമാനിക്കാന്‍ കഴിയുന്ന റോളിലേക്ക് ഉയരുക എന്നതാണ് ലക്ഷ്യമിടുന്നത്. കൂടുതല്‍ സീറ്റുകള്‍ നേടുകയാണ് ലക്ഷ്യമെങ്കിലും മുന്നണിയെന്ന നിലയില്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാനായിട്ടില്ല എന്നത് അവരെ ഭയപ്പെടുത്തുന്നു. പ്രചരണ സമയത്ത് എല്‍ഡിഎഫിനോടും ബിജെപിയോടും ഒപ്പം പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞോ എന്ന ചോദ്യവും അവരെ ആശങ്കയിലാഴ്ത്തുന്നു.

ബിജെപിയാകട്ടെ അധികാരത്തിലെത്തുമെന്ന് അവകാശവാദം മുഴക്കുമ്പോഴും കണക്കുകള്‍ ബിജെപിയെ ഭയപ്പെടുത്തുന്നു. തീരദേശ മേഖലയിലേക്ക് കടന്നുചെല്ലാന്‍ ബിജെപിക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. നേമം, വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലങ്ങളിലെ മുഴുവന്‍ സീറ്റുകള്‍ തൂത്തുവാരുകയും കഴക്കൂട്ടം, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലെ പകുതിയിലേറെ സീറ്റുകളില്‍ ജയിക്കുകയും ചെയ്താലേ കേവല ഭൂരിപക്ഷം ലഭിക്കൂ. ഇത് അത്ര എളുപ്പമല്ലെന്ന് ബിജെപിക്കുമറിയാം.

Advertisment