Advertisment

തിരുവനന്തപുരത്ത് പിടികൂടിയ 30 കിലോ സ്വര്‍ണ്ണം സത്യത്തില്‍ ആരുടേത്?; സ്വര്‍ണമടങ്ങിയ ബഗേജ് യുഎഇയില്‍ നിന്ന് തയ്യാറാക്കി കയറ്റിവിട്ടത് ഫാസില്‍ ഫരീദെന്ന് സരിത്ത്; ഫാസിലെന്ന പേര് യുഎഇയിലെ 'സ്വര്‍ണമേഖല'യില്‍ കേട്ടുപരിചയമില്ലാത്ത പേര്; പേര് വ്യാജമാകാനും സാധ്യത?

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: തിരുവനന്തപുരത്തു പിടികൂടിയ 30 കിലോ സ്വർണം യഥാർഥത്തിൽ ആരുടേതെന്ന് അറിയാതെ അധികൃതര്‍. സ്വർണമടങ്ങിയ ബാഗേജ് യുഎഇയിൽനിന്നു തയാറാക്കി കയറ്റിവിട്ടത് ഫാസിൽ ഫരീദ് എന്നയാളാണെന്നും ബാഗേജ് കൊച്ചിയിൽ എത്തിക്കാനുള്ളതാണെന്നുമാണു കേസിൽ പിടിയിലായ സരിത് നൽകിയ മൊഴി. ഇതിനപ്പുറത്ത് ഇക്കാര്യത്തിൽ ഒന്നും വ്യക്തമല്ലെന്നാണു കസ്റ്റംസ് പറയുന്നത്.

Advertisment

ഫാസിൽ ഫരീദ് എന്ന ആളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് യുഎഇ അധികൃതരും. ‘സ്വർണമേഖല’യിൽ കേട്ടുപരിചയമുള്ള പേരല്ല ഇത്. പേരുതന്നെ വ്യാജമാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല, അധികൃതർ.

publive-image

പിടിക്കപ്പെട്ടാലും 15 കോടി വേണ്ടെന്നുവയ്ക്കാൻ മാത്രം ശേഷിയുള്ളവരാകും ഇപ്പോഴത്തെ കടത്തിനു പിന്നിലെന്നാണു സംസാരം. ഏതാണ് ആ വമ്പൻ സ്രാവെന്നു കാണാനുള്ള ആകാംക്ഷയിലാണ് പ്രവാസലോകവും. പക്ഷേ, പഴയ അനുഭവങ്ങൾവച്ച് അതുവരെ അന്വേഷണം നീളുമെന്ന് ആർക്കും പ്രതീക്ഷയില്ല.

ഗൾഫ് രാജ്യങ്ങളിൽനിന്നു സ്വർണം കൈമാറുന്നവരെയും കേരളത്തിൽ ഏറ്റുവാങ്ങേണ്ടവരെയും പറ്റിയുള്ള അന്വേഷണം, കാരിയർമാരുടെ മൊഴികളിൽ പറയുന്നവരിൽ മാത്രമായി ഒതുങ്ങും. വിറ്റുകിട്ടുന്ന കോടിക്കണക്കിനു രൂപ എവിടെയാണ് അന്തിമമായി എത്തുന്നതെന്ന കാര്യം കേരളത്തിലെ ഒരു സ്വർണക്കടത്തു കേസിലും ഇതുവരെ വ്യക്തമായിട്ടില്ല.

കസ്റ്റംസിനും ഡിആർഐക്കും ഇതിനപ്പുറം അന്വേഷിക്കാൻ വേണ്ട ആൾബലമോ സാങ്കേതിക സൗകര്യമോ ഇല്ലെന്നതാണു പ്രധാന കാരണം. ഇത്തരം ബന്ധങ്ങൾ മറ്റൊരു ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നു നേരത്തേ തന്നെ കസ്റ്റംസും ഡിആർഐയും ആവശ്യപ്പെട്ടിരുന്നു.

നയതന്ത്ര പാഴ്സൽ കേസിൽ മാത്രമായി അന്വേഷണം ഒതുങ്ങില്ല. വൻതോതിൽ സ്വർണം കടത്തിയ കേസുകളിലും എൻഐഎ അന്വേഷണമുണ്ടാകും. കേരളത്തിലെയും വിദേശത്തെയും കണ്ണികളെ കണ്ടെത്താൻ, നയതന്ത്ര പാഴ്സൽ കേസ് എൻഐഎക്കു പ്രധാനപ്പെട്ടതാണ്.

കേരളത്തിലേക്കുള്ള കള്ളക്കടത്ത് സ്വർണം വിറ്റുകിട്ടുന്ന പണം അന്തിമമായി എത്തുന്നത് ഈ ആറിടങ്ങളിലേക്കാണെന്ന്‌ അന്വേഷണ ഏജൻസികൾ കരുതുന്നു:

1∙ ഹവാലപ്പണമായി ചില ഗൾഫുകാരുടെ വീടുകൾ.

2∙ ഇടപാടുകൾക്ക്, കള്ളപ്പണം ആവശ്യമുള്ളവർ.

3∙ വിമാനത്താവളങ്ങളെ ചുറ്റിപ്പറ്റിയുള്ള അനധികൃത കറൻസി ഇടപാടുകാർ.

4∙ തിരഞ്ഞെടുപ്പു കാലത്തും മറ്റും വൻതോതിൽ പണം ആവശ്യമുള്ള രാഷ്ട്രീയക്കാർക്ക്. പല രാഷ്ട്രീയകക്ഷികളും ഗൾഫിൽനിന്നുള്ള കനപ്പെട്ട സംഭാവന‍കൾ കേരളത്തിലെത്തിക്കാൻ ഹവാല, സ്വർണക്കടത്ത് റൂട്ട് ആശ്രയിക്കാറുണ്ടെന്ന് ആരോപണമുണ്ട്.

5∙ കണക്കുകൾ കൃത്യമായി കാണിക്കാൻ ഇഷ്ടപ്പെടാത്ത എൻജിഒകൾക്ക്, സർക്കാരിതര സ്ഥാപനങ്ങൾക്ക്.

6∙ ദേശവിരുദ്ധ പ്രവർത്തനത്തിലേർപ്പെടുന്ന വ്യക്തികൾക്ക്, സംഘടനകൾക്ക്. ഇവർക്കു രേഖാമൂലമല്ലാതെ ലഭിക്കുന്ന പണമാണ് ആവശ്യം. ഇക്കാര്യം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

latest news swapna suresh gold smuggling case tvm gold smuggling case all news
Advertisment