Advertisment

ഉപസമിതിയെ ചൊല്ലി സാങ്കേതിക സർവകലാശാലയിൽ വൈസ് ചാൻസലറും സിൻഡിക്കേറ്റും തമ്മിലുളള തർക്കം രൂക്ഷമാകുന്നു; ഉപസമിതി പിരിച്ചുവിടാൻ ഗവർണറിൽ സമ്മർദ്ദം ചെലുത്തി സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ ഫോറം; സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾ നിർവഹിക്കാനുളള അധികാരം വൈസ് ചാൻസലർക്കാണെന്നിരിക്കെ ഉപസമിതിക്ക് രൂപം നൽകിയത് ഉചിതമായില്ലെന്ന് ഗവർണർ

New Update

തിരുവനന്തപുരം: ഉപസമിതിയെ ചൊല്ലി സാങ്കേതിക സർവകലാശാലയിൽ വൈസ് ചാൻസലറും സിൻഡിക്കേറ്റും തമ്മിലുളള തർക്കം രൂക്ഷമാകുന്നു. വൈസ് ചാൻസലറെ നിയന്ത്രിക്കുക ലക്ഷ്യമിട്ടുളളതാണ് സിൻ‍ഡിക്കേറ്റ് ഉപസമിതിയെന്ന് ചൂണ്ടിക്കാട്ടി വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ സിസ തോമസ് ചാൻസലറായ ഗവർണർക്ക് റിപ്പോർട്ട് നൽകിയതാണ് തർക്കത്തിന് വഴിവെച്ചത്.

Advertisment

publive-image

വൈസ് ചാൻസലറെ നിയന്ത്രിക്കുന്നതിന് വേണ്ടിയല്ല ഉപസമിതി രൂപീകരിച്ചതെന്നും സർവകലാശാലയുടെ സ്റ്റാറ്റ്യൂ‌ട്ട് പ്രകാരം ദൈനംദിന കാര്യങ്ങളുടെ മേൽനോട്ടത്തിനാണെന്നുമാണ് സിൻഡിക്കേറ്റിൻെറ വാദം. ഉപസമിതി പിരിച്ചുവിടാൻ സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ ഫോറവും ഗവർണറിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ ഗവർണർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

ഉപസമിതി രൂപീകരണം റദ്ദാക്കാൻ ഗവർണർ ഉത്തരവിട്ടേക്കുമെന്ന് സൂചനയുണ്ട്. വൈസ് ചാൻസലറെ നിയന്ത്രിക്കാൻ ഉപസമിതി രൂപീകരിച്ചതിൽ ഗവർണർക്ക് കടുത്ത അതൃപ്തിയുണ്ട്. സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾ നിർവഹിക്കാനുളള അധികാരം വൈസ് ചാൻസലർക്കാണെന്നിരിക്കെ ഉപസമിതിക്ക് രൂപം നൽകിയത് ഉചിതമായില്ലെന്നാണ് ഗവർണറുടെ നിലപാട്.

എന്നാൽ സി.പി.എമ്മിന് മൃഗീയ ഭൂരിപക്ഷമുളള സിൻഡ‍ിക്കേറ്റ് ഇത് അംഗീകരിക്കുന്നില്ല. സർവകലാശാലയുടെ സ്റ്റാറ്റ്യൂട്ട് അനുശാസിക്കുന്ന തരത്തിലുളള ഉപസമിതി റദ്ദാക്കാൻ ശ്രമിച്ചാൽ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിൻഡിക്കേറ്റിൻെറ തീരുമാനം. ഉപസമിതിക്കെതിരെ താൽക്കാലിക വി.സി ഉന്നയിക്കുന്ന വാദങ്ങൾ ബാലിശമാണെന്നും സിൻഡിക്കേറ്റംഗങ്ങൾ വാദിക്കുന്നു.

ഉപസമിതിയിൽ തന്നേക്കാൾ ജൂനിയറായ അദ്ധ്യാപകർ ഉണ്ടെന്നതാണ് എതിർക്കാൻ കാരണമെന്നാണ് വി.സി സിൻഡിക്കേറ്റ് യോഗത്തിൽ വിശദീകരിച്ചത്.സീനിയർ പ്രൊഫസറായ തന്നെ നിയന്ത്രിക്കാനുളള സമിതിയിൽ അസോസിയേറ്റ് പ്രൊഫസർ റാങ്കിലുളളവരാണെന്നും ഡോ.സിസ തോമസ് സിൻഡിക്കേറ്റിനോട് പറഞ്ഞിട്ടുണ്ട്. ഇതിനെയാണ് ബാലിശമെന്ന് പറഞ്ഞ് സിൻഡിക്കേറ്റ് തളളുന്നത്.

സിൻഡിക്കേറ്റംഗങ്ങളിൽ നിന്നാണ് ഉപസമിതി രൂപീകരിച്ചത്. സിൻഡിക്കേറ്റംഗങ്ങളെന്ന നിലയിലാണ് അസോസിയേറ്റ് പ്രൊഫസർ ഉപസമിതിയിൽ അംഗമായത്. അതിനെ ജൂനിയറായ ആളെ നിയമിച്ചുവെന്ന് പറഞ്ഞ് എതിർക്കുന്നതിൽ എന്ത് യുക്തിയാണുളളതെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ ചോദിക്കുന്നു.

സാങ്കേതിക സർവകലാശാലയിൽ വൈസ് ചാൻസലർക്ക് പ്രവർത്തിക്കാനാകാത്ത സാഹചര്യം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് താൽക്കാലിക വി.സിയുടെ ചുമതലയുളള ഡോ.സിസ തോമസ് ചാൻസലറായ ഗവർണർക്ക് റിപ്പോർട്ട് നൽകിയത്. ഗവർണറെ നേരിട്ടുകണ്ടാണ് റിപ്പോർട്ട് നൽകിയത്. നേരത്തെ ഇമെയിലായി നൽകിയ റിപ്പോർട്ടിൻെറ വിശദരൂപമാണ് നേരിട്ട് കൈമാറിയത്.

വൈസ് ചാൻസലറുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും സ്ഥലം മാറ്റം നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് സിൻഡിക്കേറ്റംഗങ്ങളെ ഉൾപ്പെടുത്തി ഉപസമിതി രൂപീകരിച്ചതെന്നാണ് വി.സിയുടെ റിപ്പോർട്ടിലെ ആരോപണം. വി.സി ചാൻസലർക്ക് അയക്കുന്ന കത്തുകൾ സിൻഡിക്കേറ്റ് കാണണമെന്ന നിബന്ധന വെച്ചതും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

റിപ്പോർട്ടിന്മേൽ ഗവർണറുടെ തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടായേക്കും. തലസ്ഥാനത്തിന് പുറത്തുളള ജില്ലകളിലെ പരിപാടികൾക്കായി പോയിരിക്കുന്ന ഗവർണർ വെളളിയാഴ്ചയെ തിരിച്ചെത്തുകയുളളു. തിരിച്ചുവന്നശേഷം തീരുമാനം ഉണ്ടാകുമെന്നാണ് രാജ് ഭവൻ വൃത്തങ്ങൾ നൽകുന്ന വിവരം.

എന്നാൽ സ്റ്റാറ്റ്യൂട്ടിന് വിരുദ്ധമായി ഗവർണർക്ക് തീരുമാനമെടുക്കാനാവില്ലെന്ന ഉറച്ച ആത്മ വിശ്വാസത്തിലാണ് സർവകലാശാല സിൻഡിക്കേറ്റ്. നിയമപരമായി രൂപീകരിക്കപ്പെട്ട സമിതിക്കെതിരെ ഗവർണർ നീങ്ങിയാൽ അതിനെതിരെ ശക്തമായ പോരാട്ടം നടത്താനാണ് സിൻഡിക്കേറ്റിലെ ധാരണ.

Advertisment