Advertisment

ജനരോഷം ഭയന്ന് നികുതിഭാരം കുറയ്ക്കാൻ സർക്കാർ: ഇന്ധന സെസും ഭൂമിയുടെ ന്യായവില ഉയർത്തിയതും കുറച്ചേക്കും. സെസ് ഒരു രൂപയാക്കാൻ സാദ്ധ്യത. നികുതിഭാരം കടുത്തുപോയെന്ന് സി.പി.എമ്മും ഇടതുമുന്നണിയും. താത്കാലിക ആശ്വാസം നിയമസഭയിൽ പ്രഖ്യാപിക്കും

New Update

തിരുവനന്തപുരം: ജനങ്ങളെ കൊള്ളയടിക്കുന്ന നികുതികൾ അൽപ്പം കുറച്ച് മുഖം രക്ഷിക്കാനാണ് ധനമന്ത്രി ബാലഗോപാലിന്റെ ശ്രമം. സംസ്ഥാന ബഡ്ജറ്റിൽ നികുതിഭാരം കടുത്തുപോയി എന്ന അഭിപ്രായം ഇടതു മുന്നണിയിലും സി.പി.എമ്മിലും ശക്തമായതോടെയാണ് പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ രണ്ട് രൂപാ സെസ്സ് തീരുമാനത്തിൽ കുറവുവരുത്താനുള്ള ധാരണ. ഒരു രൂപയാക്കി കുറയ്ക്കാനാണ് സാദ്ധ്യത. ഭൂമിയുടെ ന്യായവില 20 ശതമാനം ഉയർത്തിയതും കുറച്ചേക്കും. ഈ പ്രഖ്യാപനങ്ങൾ ബജറ്റ് ചർച്ചയ്ക്കൊടുവിൽ നിയമസഭയിൽ മന്ത്രി പ്രഖ്യാപിക്കും.

Advertisment

publive-image


ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമെന്ന നിലയിൽ സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ സംസ്ഥാനജാഥയിലേക്ക് കടക്കാനിരിക്കെ ഇന്ധനവില വർദ്ധനയ്ക്കിടയാക്കുന്ന സെസ് തീരുമാനം തിരിച്ചടിയാകുമെന്ന ആശങ്ക സി.പി.എമ്മിലുയരുന്നുണ്ട്.


ഫെബ്രുവരി 20നാണ് കാസർകോട്ട് ജാഥ ആരംഭിക്കുന്നത്. ഇന്ധനവില വർദ്ധനവിന്റെ പേരിൽ കേന്ദ്രസർക്കാർ നടത്തുന്ന കോർപ്പറേറ്റ് പ്രീണനവും കൊള്ളയും തുറന്നുകാട്ടിയുള്ള രാഷ്ട്രീയപ്രചരണം സി.പി.എം രാജ്യവ്യാപകമായി നടത്തുമ്പോൾ അതിനുള്ള ഇടം റദ്ദാക്കിക്കളയുന്നതായി ബഡ്ജറ്റിലെ ഇങ്ങനെയൊരു നീക്കമെന്ന ആക്ഷേപവും ശക്തമാണ്.

ബഡ്ജറ്റ് രഹസ്യരേഖയായി സൂക്ഷിക്കേണ്ടതാണെങ്കിലും വിലവർദ്ധനവിലേക്ക് നയിക്കുന്ന പെട്രോളിയം സെസ് പോലെ സുപ്രധാനമായ തീരുമാനമെടുക്കും മുമ്പ് പാർട്ടി, മുന്നണി തലങ്ങളിൽ കൂടിയാലോചന വേണമായിരുന്നുവെന്ന അഭിപ്രായവും സി.പി.എമ്മിലും സി.പി.ഐയിലുമുണ്ട്. അമിതനികുതിഭാരം അടിച്ചേല്പിച്ചതിനെതിരെ പ്രതിഷേധസമരം സംസ്ഥാനത്ത് ശക്തിപ്പെടുന്നതിനിടെ, ഇന്നലെ കൊച്ചിയിൽ മുഖ്യമന്ത്രിയുമായി സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ കൂടിക്കാഴ്ച നടത്തി.

ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാമല്ലോ എന്ന എം.വി. ഗോവിന്ദന്റെ പ്രതികരണം തിരുത്തലുണ്ടാകുമെന്ന സൂചനയായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനും സമാനനിലയിൽ പ്രതികരിച്ചിട്ടുണ്ട്.

പെട്രോളിയം സെസ് വർദ്ധനവിൽ പ്രശ്നങ്ങളുണ്ടെന്നാണ് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ഒരു ദൃശ്യമാദ്ധ്യമത്തോട് പ്രതികരിച്ചത്. മാഹി, കോയമ്പത്തൂർ, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെല്ലാം കേരളത്തേക്കാൾ ഇന്ധനവില കുറഞ്ഞ് നിൽക്കുമ്പോൾ ആത്യന്തികമായി സെസ് തീരുമാനം പാളിപ്പോകുകയേയുള്ളൂവെന്ന വിലയിരുത്തലും സി.പി.എമ്മിൽ പലർക്കുമുണ്ട്.

അതേസമയം, കടുത്ത തീരുമാനമെടുക്കാതെ മുന്നോട്ട് പോകാനാവാത്ത അവസ്ഥയാണെന്നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ അഭിപ്രായം. സംസ്ഥാനത്തെ സാമ്പത്തികമായി തകർക്കുന്ന കേന്ദ്രസർക്കാർ സമീപനമാണ് ഇന്ധനസെസ് പോലുള്ള കടുത്ത തീരുമാനത്തിലേക്ക് അവസാനനിമിഷം സംസ്ഥാനസർക്കാരിനെ എത്തിച്ചതെന്നാണ് വാദം. 60ലക്ഷം കുടുംബങ്ങൾക്ക് ക്ഷേമപെൻഷൻ മുടക്കമില്ലാതെ എത്താൻ ഈ അധികവിഭവസമാഹരണം അനിവാര്യമാണ്.

publive-image


കിഫ്ബിയുടെ കടമെടുപ്പിനെ സംസ്ഥാനത്തിന്റെ കടബാദ്ധ്യതയിലേക്ക് കേന്ദ്രം ഉൾപ്പെടുത്തി 2700 കോടി രൂപ വെട്ടിക്കുറച്ചുള്ള അറിയിപ്പ് ഇരുട്ടടിയായെത്തിയത് ബഡ്ജറ്റിന് തലേന്ന് വ്യാഴാഴ്ചയായിരുന്നു. ഇതോടെ വേറെ പോംവഴിയില്ലാതായപ്പോൾ ഇന്ധനത്തെയും മദ്യത്തെയും ആശ്രയിക്കാൻ നിർബന്ധിതമായിയെന്നാണ് ധനവകുപ്പ് കേന്ദ്രങ്ങൾ പറയുന്നത്.


എന്നാൽ അനാവശ്യ ചെലവുകൾ ഇല്ലാതാക്കിയും സാധാരണക്കാരെ നേരിട്ട് ബാധിക്കാത്ത ബദൽ നികുതിനിർദ്ദേശങ്ങൾ കണ്ടെത്തിയും നികുതിപിരിവ് കാര്യക്ഷമമാക്കിയും ജനത്തെ കഷ്ടപ്പെടുത്താതിരിക്കാമായിരുന്നെന്നാണ് മറുചോദ്യം.

Advertisment