Advertisment

ഇന്ത്യൻ ഫുട്ബോളിന്റെ പ്രതിരോധ നിരയിലെ വിശ്വസ്തനായ കാവൽക്കാരൻ യു.ഷറഫലി സ്പോർട്സ് കൗൺസിൽ പ്രസിഡന്റായേക്കും. കേരളത്തിന്റെ മൂന്നാമത്തെ സന്തോഷ് ട്രോഫി കിരീടനേട്ടത്തിലെ പ്രധാനിക്ക് ഇനി പുതിയ റോൾ. പരാതികളില്ലാതെ സ്പോർട്സ് കൗൺസിൽ ചലിപ്പിക്കാൻ ഷറഫലിയെ കളത്തിലിറക്കാൻ പിണറായി.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒളിമ്പ്യൻ മേഴ്സിക്കുട്ടനടക്കം മുഴുവൻ ഭാരവാഹികളെയും നിർബന്ധിപ്പിച്ച് രാജിവയ്പ്പിച്ച സർക്കാർ, കൗൺസിൽ പ്രസിഡന്റായി മുൻ ദേശീയ ഫുട്ബാൾ താരവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന യു.ഷറഫലിയെ നിയോഗിച്ചേക്കും. മുൻ ബോക്സിംഗ് ലോകചാമ്പ്യൻ കെ.സി ലേഖ, ഫുട്ബാളർ സി.കെ വിനീത് എന്നിവർ സ്റ്റാൻഡിംഗ് കമ്മറ്റിയിലേക്ക് എത്തിയേക്കും.

Advertisment

publive-image


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറനാട്ട് മത്സരിക്കാൻ ഇടതുമുന്നണി ഷറഫലിയെ സമീപിച്ചിരുന്നു. സന്തോഷ്‌ ട്രോഫി ഫുട്‌ബോളിന്റെ സംഘാടനം ഏകോപിപ്പിക്കുന്നതിനുള്ള ഇവന്റ്‌ കോ–-ഓർഡിനേറ്ററായി കഴിഞ്ഞവർഷം യു ഷറഫലിയെ സംസ്ഥാന കായികവകുപ്പ്‌ നിയോഗിച്ചിരുന്നു.


ഇതിനു പിന്നാലെയാണ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റാക്കുക. എന്നാൽ കായിക താരങ്ങളെ പരീക്ഷിച്ച് തുടർച്ചയായി പരാജയപ്പെട്ട സാഹചര്യത്തിൽ കായിക ഭരണരംഗത്ത് പ്രാവീണ്യമുള്ള രാഷ്ട്രീയക്കാരനെ പ്രസിഡന്റായി കൊണ്ടുവരണമെന്ന അഭിപ്രായവും പാർട്ടിയിലുണ്ട്. അങ്ങനെയെങ്കിൽ മുൻ എം.എൽ.എ പ്രദീപ് കുമാറിനാനോ ഇപ്പോഴത്തെ സ്റ്റാൻഡിംഗ് കൗൺസിൽ അംഗം എം.ആർ രഞ്ജിത്തിനോ നറുക്കുവീഴും. ഇതിന് സാദ്ധ്യത കുറവാണ്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വൈസ് പ്രസിഡന്റായാണ് മേഴ്സിക്കുട്ടൻ സ്പോർട്സ് കൗൺസിൽ ഭരണസമിതിയിലെത്തുന്നത്. അന്ന് പ്രസിഡന്റായിരുന്ന ടി.പി ദാസൻ 2019ൽ സ്ഥാനമൊഴിഞ്ഞതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തി. കായികതാരമെന്ന നിലയിലെ അനുഭവപരിചയം സംസ്ഥാനത്തിന്റെ കായിക വളർച്ചയ്ക്ക് ഗുണകരമായി ഭവിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഈ തീരുമാനം.

എന്നാൽ കായികമേഖലയിൽ നിന്ന് കൗൺസിൽ നേതൃത്വത്തിനെക്കുറിച്ച് പരക്കെ പരാതി ഉയർന്നതിനെത്തുടർന്നാണ് അഞ്ചുവർഷ കാലാവധി പൂർത്തിയാകാൻ രണ്ടുവർഷത്തോളം ബാക്കി നിൽക്കേ മേഴ്സിക്കുട്ടനെ മാറ്റാൻ പാർട്ടി തയ്യാറായത്.പ്രസിഡന്റും വൈസ് പ്രസിഡന്റും നിരവധി ആരോപണങ്ങൾ നേരിട്ടതോടെ സ്റ്റാൻഡിംഗ് കൗൺസിൽ മൊത്തത്തിൽ പിരിച്ചുവിട്ട് പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

ഫുട്ബാളിന്റെ ഈറ്റില്ലമായ അരീക്കോട്ടെ തെരട്ടമ്മലിൽ നിന്നാണ് യു. ഷറഫലി കളി മൈതാനത്തേക്ക് നടന്നുകയറിയത്. കേരളത്തിൻറെയും രാജ്യത്തിൻറെയും ടീമിൻറെ കപ്പിത്താനാവാൻ പ്രതിരോധ നിരയിലെ വിശ്വസ്തനായ കാവൽക്കാരന് സാധിച്ചു. സന്തോഷ് ട്രോഫിയിൽ കേരളത്തിനും ബംഗാളിനും പന്തുതട്ടിയ താരം കൂടിയാണ് യു. ഷറഫലി. 1984ലാണ് ആദ്യമായി സന്തോഷ് ട്രോഫി ടീമിൽ ഇടംപിടിച്ചത്. എന്നാൽ, പ്രീഡിഗ്രി പരീക്ഷയായതിനാൽ മത്സരത്തിൽ പങ്കെടുക്കാനായില്ല.

1985 മുതൽ 11 വർഷം തുടർച്ചായി കേരള ടീമിലിടം നേടി. 1990ലും 1991ലും 23 വയസ്സിൽ താഴെയുള്ളവർക്ക് മാത്രമായി സന്തോഷ് ട്രോഫി പരിമിതപ്പെടുത്തിയപ്പോൾ ആ രണ്ട് വർഷക്കാലം കളിക്കാനായില്ല. 1992ൽ ബംഗാളിനായാണ് താരം കളിച്ചത്. 1993ൽ കേരളം മൂന്നാമത്തെ സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കുമ്പോൾ ടീമിലുണ്ടായിരുന്നു. കുരികേശ് മാത്യുവിൻറെ നേതൃത്വത്തിൽ യു. ഷറഫലിക്ക് പുറമെ ഇന്ത്യൻ താരങ്ങളായ വി.പി. സത്യൻ, ഐ.എം. വിജയൻ, സി.വി. പാപ്പച്ചൻ തുടങ്ങിയ വൻതാരനിര അടങ്ങിയ ടീമാണ് അന്ന് കപ്പുയർത്തിയത്.


മഹാരാഷ്ട്രയെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു കേരളത്തിൻറെ തുടർച്ചയായ രണ്ടാം കിരീടനേട്ടം. തൊട്ടടുത്ത വർഷം കേരളത്തിനെ നയിച്ചത് ഷറഫലി ആയിരുന്നു. ഒഡിഷയിലെ കട്ടക്കിൽ നടന്ന ഫൈനൽ മത്സരത്തിൽ ടൈ ബ്രേക്കറിൽ ബംഗാളിനോട് തോറ്റുമടങ്ങാനായിരുന്നു വിധി. അതോടെ ഹാട്രിക് കിരീടം എന്ന മോഹം നടക്കാതെ പോയി.


നിശ്ചിത സമയത്ത് 2-2 സമനില പാലിച്ചതിനാൽ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഐ.എം. വിജയനും വി.പി. സത്യനും അടങ്ങുന്ന ബംഗാൾ ടീമിനോടാണ് അന്ന് കേരളം പരാജയപ്പെട്ടത്. 1988ലും 1989ലും കേരളം റണ്ണേഴ്സ് അപായ സമയത്തും ഷറഫലി ടീമിലുണ്ടായിരുന്നു.

ഒരുതവണ കിരീടം നേടാനും മൂന്നുതവണ രണ്ടാം സ്ഥാനം നേടാനും സാധിച്ചു. 50ലേറെ രാജ്യാന്തര മത്സരങ്ങളും കളിച്ചിട്ടുണ്ട്. 1984ൽ കേരള പൊലീസിന്റെ ഭാഗമായ അദ്ദേഹം 36 വർഷത്തെ സേവനത്തിനുശേഷം റാപ്പിഡ് റെസ്പൺസ് ആൻഡ് റെസ്ക്യൂ ഫോഴ്‌സിൻറെ കമാൻഡൻറ് ആയാണ് വിരമിച്ചത്. ഭാര്യ ഫലൂജ. ഡോ. ഷനൂൻ ഷറഫലി, നഷർ ഷറഫലി, ഷഹ്റൂസ് ഷറഫലി എന്നിവർ മക്കളാണ്.

Advertisment