കൈക്കൂലി, അനധികൃത സ്വത്ത് സമ്പാദനം, ലൈംഗിക അതിക്രമം – ആദായനികുതി വകുപ്പിലെ 12 മുതിർന്ന ഉദ്യോഗസ്ഥരോട് ഉടന്‍ രാജിവച്ചു പുറത്തുപോകാന്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഇല്ലെങ്കില്‍ കടുത്ത നടപടിയെന്ന് വിരട്ടല്‍. ധനമന്ത്രാലയത്തിലെ ‘തെമ്മാടികള്‍ക്ക്’ പുറത്തേയ്ക്ക് വഴി തെളിഞ്ഞു !

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, June 10, 2019

ന്യൂഡൽഹി∙ അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ആരോപണ വിധേയരായ ആദായനികുതി വകുപ്പിലെ പന്ത്രണ്ട് മുതിർന്ന ഉദ്യോഗസ്ഥരോട് രാജിവച്ച് പുറത്തുപോകാന്‍ കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ നിര്‍ദേശം.

ഇവര്‍ക്കെതിരെ നടത്തിയ വകുപ്പ് തല അന്വേഷണത്തില്‍ ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കടുത്ത നടപടി വേണ്ടെങ്കില്‍ ഉടന്‍ വിരമിക്കാൻ നിര്‍മ്മലാ സീതാരാമന്‍ നിർദേശം നല്‍കിയത്.

ജനറൽ ഫിനാൻഷ്യൽ റൂൾസിലെ 56–ാം വകുപ്പ് പ്രകാരമാണ് ഉത്തരവ് എന്നതിനാല്‍ ഉദ്യോഗസ്തര്‍ അനുസരിക്കാന്‍ നിര്‍ബന്ധിതരാകും . അല്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടിവരും.

വിവിധ വകുപ്പുകളിൽ നിർബന്ധിത വിരമിക്കൽ ആവശ്യമായ ഉദ്യോഗസ്ഥരുടെ പേരുകൾ നൽകാൻ കാബിനറ്റ് സെക്രട്ടറിയേറ്റും കേന്ദ്ര വിജലൻസ് കമ്മിഷനും വകുപ്പ് തലവന്മാർക്ക് നിർദേശം നൽകിയതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടിയെന്നാണ് സൂചന.

ആദായനികുതി വകുപ്പ് ജോയിന്റ് കമ്മിഷണർ അശോക് അഗർവാൾ (ഐആർഎസ്, 1985), എസ്.കെ.ശ്രീവാസ്തവ (ഐആർഎസ്, 1989), ഹോമി രാജ്‌വാഷ് (ഐആർഎസ്, 1985), ബി.ബി.രാജേന്ദ്ര പ്രസാദ്, അജോയ് കുമർ സിങ്, അലോക് കുമാർ മിത്ര, ചന്ദർ സൈനി ഭാരതി, അന്ദാസു രവീന്ദ്രർ, വിവേക് ബത്ര, ശ്വേതബ് സുമൻ, റാം കുമാർ ഭാർഗവ എന്നിവർക്കാണ് വിരമിക്കൽ നോട്ടിസ്.

പ്രമുഖ വ്യവസായിയിൽ നിന്നു കോഴ വാങ്ങിയെന്നാണ് ജോയിന്റ് കമ്മിഷണർ അശോക് അഗർവാളിനെതിരായ ആരോപണം. രണ്ടു വനിതാ ഐആർഎസ് ഉദ്യോഗസ്ഥരെ ലൈംഗികമായി അതിക്രമിച്ചുവെന്നാണ് എസ്.കെ.ശ്രീവാസ്തവക്കെതിരെയുള്ള പരാതി. അനധികൃത സ്വത്ത് സമ്പാദന കേസിൽ 2009 മുതൽ സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥനാണ് ഹോമി രാജ്‌വാഷ്.

മൂന്നു കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗമാണ് ഹോമിക്കെതിരെ അന്വേഷണം നടത്തുന്നത്. വിരമിക്കൽ നിർദേശം ലഭിച്ച മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉള്ളത്.

 

×