Advertisment

എറണാകുളത്ത് യുഡിഎഫിന് വെല്ലുവിളി പ്രാദേശിക രാഷ്ട്രീയ കൂട്ടായ്മകള്‍ ! കുന്നത്തുനാട്ടിലടക്കം അഞ്ച് മണ്ഡലങ്ങളില്‍ ട്വന്റി 20 മത്സരിക്കും. ട്വന്റി 20 പിടിക്കുക ഭൂരിഭാഗവും യുഡിഎഫ് വോട്ടുകള്‍ ! എറണാകുളം, കൊച്ചി, തൃക്കാക്കര, തൃപ്പൂണിത്തുറ, വൈപ്പിന്‍, കളമശ്ശേരി മണ്ഡലങ്ങളില്‍ മത്സരിക്കാനൊരുങ്ങി വി ഫോര്‍ പീപ്പിള്‍സ് പാര്‍ട്ടി. ഇവരും ലക്ഷ്യം വയ്ക്കുന്നത് യുഡിഎഫിനെ ! ചെല്ലാനം ട്വന്റി 20യും കൊച്ചില്‍ തലവേദന സൃഷ്ടിക്കുക യുഡിഎഫിന് തന്നെ

New Update

publive-image

Advertisment

കൊച്ചി: ജില്ലയില്‍ ഇത്തവണ നിരവധി പ്രാദേശിക രാഷ്ട്രീയകൂട്ടായ്മകളാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ കളത്തിലിറങ്ങുന്നത്. കിറ്റെക്സ് നേതൃത്വം നല്‍കുന്ന ട്വന്റി - 20 യും വി ഫോര്‍ പീപ്പിള്‍സ് പാര്‍ട്ടിയും (വി ഫോര്‍ കൊച്ചിയുടെ പുതിയ രൂപം) ചെല്ലാനം ട്വന്റി ട്വന്റിയും നിയമസഭ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോള്‍ ആര്‍ക്കായിരിക്കും അടിതെറ്റുക എന്നതാണ് പ്രധാന ചോദ്യം. .

കിഴക്കമ്പലം പഞ്ചായത്ത് ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ കിറ്റെക്സ് എന്ന കോര്‍പ്പറേറ്റ് സ്ഥാപനം 2015 ല്‍ രൂപം നല്‍കിയ ട്വന്റി 20 കൂട്ടായ്മ 2020 ആയപ്പോഴേക്കും നാലു പഞ്ചായത്തുകളിലെ ഭരണം പിടിക്കുകയും ഒരിടത്ത് നിര്‍ണായക സ്വാധീനമായി മാറുകയും ചെയ്തു. എറണാകുളം ജില്ലയിലെ 14 നിയമസഭ മണ്ഡലങ്ങളിലും മത്സരിക്കാനുള്ള ആലോചനകളാണ് ട്വന്റി 20 ആദ്യം നടത്തിയത്.

ഇതിന്റെ ഭാഗമായി കിറ്റെക്സ് ഗ്രൂപ്പ് വിവിധ മണ്ഡലങ്ങളില്‍ സര്‍വേ നടത്തുകയും ചെയ്തു. 5 ഇടത്ത് നിര്‍ണായക സ്വാധീനം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് കിറ്റെക്സിന്റെ വിലയിരുത്തല്‍. മറ്റിടങ്ങളിലും മികച്ച സ്ഥാനാര്‍ഥികളെ രംഗത്തിറക്കി മത്സരിക്കാനുള്ള സാധ്യതകളാണ് ട്വന്റി 20 തേടുന്നത്.

കുന്നത്തുനാട്, പെരുമ്പാവൂര്‍, പിറവം, മൂവാറ്റുപുഴ, തൃക്കാക്കര എന്നി മണ്ഡലങ്ങളാണ് ട്വന്റി 20 മുന്‍ഗണന നല്‍കുന്ന മണ്ഡലങ്ങള്‍. ഈ അഞ്ച് മണ്ഡലങ്ങളില്‍ നാലും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. അതുകൊണ്ടു തന്നെ ഈ മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ള ട്വന്റി 20യുടെ തീരുമാനം യുഡിഎഫ് ക്യാമ്പിനെയാണ് കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്.

ഇതില്‍ കുന്നത്തുനാട് മണ്ഡലത്തില്‍ നിന്ന് തദ്ദേശതെരഞ്ഞെടുപ്പില്‍ 39164 വോട്ടുകളാണ് ട്വന്റി 20 നേടിയത്. ട്വന്റി 20 മത്സരിച്ച പഞ്ചായത്തുകളില്‍ കൂടുതല്‍ വോട്ട് ചോര്‍ത്തയുണ്ടായതും യുഡിഎഫ് ക്യാമ്പില്‍ നിന്നാണ്. കുന്നത്തുനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിപി സജീന്ദ്രന്‍ മണ്ഡലം മാറാനുള്ള ഒരുക്കത്തിലുമാണ്.

വിരമിച്ച ജഡ്ജിമാര്‍, ഐഎഎസ് ഓഫീസര്‍മാര്‍ തുടങ്ങിയവരെയാണ് ട്വന്റി 20 സ്ഥാനാര്‍ഥികളാക്കാന്‍ ആലോചിക്കുന്നത്. പലരുമായും പ്രാഥമികമായ ചര്‍ച്ചകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

തദ്ദേശതെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനില്‍ മത്സര രംഗത്തുണ്ടായിരുന്ന വി ഫോര്‍ കൊച്ചിയുടെ പുതിയ രൂപമാണ് വി ഫോര്‍ പീപ്പിള്‍സ് പാര്‍ട്ടി. പാര്‍ട്ടി രൂപീകരിച്ച് 3 മാസങ്ങള്‍ക്കപ്പുറം നടന്ന തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനില്‍ 10 ശതമാനം വോട്ടാണ് വിഫോര്‍ കൊച്ചി സ്വന്തമാക്കിയത്.

യുഡിഎഫിന് 9 ഡിവിഷനുകളില്‍ വി ഫോര്‍ കൊച്ചിയുടെ സാന്നിധ്യം മൂലം പരാജയമേറ്റു വാങ്ങേണ്ടി വന്നു. എല്‍ഡിഎഫിന് 2 ഡിവിഷനുകളിലാണ് വി ഫോര്‍ കൊച്ചിയുടെ സാന്നിധ്യം തിരിച്ചടിയായത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ 6 ഇടങ്ങളിലാണ് വി ഫോര്‍ പീപ്പിള്‍സ് പാര്‍ട്ടി മത്സരത്തിനൊരുങ്ങുന്നത്. എറണാകുളം, കൊച്ചി, തൃക്കാക്കര, തൃപ്പൂണിത്തുറ, വൈപ്പിന്‍, കളമശ്ശേരി എന്നീ മണ്ഡലങ്ങള്‍. 3 മണ്ഡലങ്ങള്‍ എല്‍ഡിഎഫും 3 ഇടത്ത് യുഡിഎഫുമാണ് നിലവില്‍ വിജയിത്തിട്ടുള്ളത്.

ഇതില്‍ യുഡിഎഫ് വിജയിച്ചതും ഇത്തവണ പ്രതീക്ഷ വെക്കുന്നതുമായ എറണാകുളം, തൃക്കാക്കര, കൊച്ചി മണ്ഡലങ്ങളിലാണ് വി ഫോര്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നത്. എറണാകുളവും തൃക്കാക്കരയും യുഡിഎഫ് സിറ്റിങ് സീറ്റുകളാണ്. കഴിഞ്ഞ തവണ ചെറിയ മാര്‍ജിനില്‍ നഷ്ടപ്പെട്ട കൊച്ചിയാവട്ടെ ഇത്തവണ യുഡിഎഫ് വലിയ പ്രതീക്ഷ വെക്കുന്ന മണ്ഡലവും.

ചെല്ലാനത്തെ കടല്‍ക്ഷോഭം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരായ പ്രദേശവാസികളുടെ പ്രതിഷേധമാണ് ചെല്ലാനം ട്വന്റി 20യുടെ രൂപീകരണത്തിലേക്ക് വഴിവെച്ചത്. രൂപീകരിച്ച് മാസങ്ങള്‍ക്കിപ്പുറം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ എട്ടു വാര്‍ഡുകളും ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും വിജയിച്ച ചെല്ലാനം ട്വന്റി 20 നിയമസഭ തെരഞ്ഞെടുപ്പില്‍ കൊച്ചി മണ്ഡലത്തില്‍ മത്സരരംഗത്തുണ്ടാകുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ചെല്ലാനത്ത് വലിയ തിരിച്ചടിയാണ് ഉണ്ടായത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെല്ലാനം ട്വന്റി 20 പിടിച്ച വോട്ടുകള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നിലനിര്‍ത്താനായാല്‍ പോലും കൊച്ചി സീറ്റില്‍ യുഡിഎഫ് വിയര്‍പ്പൊഴുക്കേണ്ടി വരും. കഴിഞ്ഞ തവണ യുഡിഎഫ് വിമതന്‍ ഏഴായിരത്തോളം വോട്ടുകള്‍ പിടിച്ചതോടെയാണ് കെ ജെ മാക്സിക്ക് വിജയത്തിലേക്ക് എത്താന്‍ സാധിച്ചത്.

udf kochi news twenty 20
Advertisment